ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് ഒൻപതാം തോൽവി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ മുംബൈ 17.3 ഓവറിൽ 113 റൺസിനു പുറത്തായി. കൊൽക്കത്തയ്ക്ക് 52 റൺസ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്.

മറുപടി ബാറ്റിങ്ങിൽ ഇഷാൻ കിഷൻ മാത്രമാണ് മുംബൈയ്ക്കായി തിളങ്ങിയത്. 43 പന്തുകൾ നേരിട്ട ഇഷാൻ 51 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമയടക്കം (2) മുംബൈയുടെ ആറ് താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായി. രമൺദീപ് സിങ് (16 പന്തിൽ 12), ടിം ഡേവിഡ് (9 പന്തിൽ 13), കീറൺ പൊള്ളാർഡ് (16 പന്തിൽ 15) എന്നിവരാണു മുംബൈയുടെ മറ്റു പ്രധാന റൺവേട്ടക്കാർ.

കൊൽക്കത്തയ്ക്കായി പാറ്റ് കമ്മിൻസ് മൂന്നും റസ്സൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ടിം സൗത്തി, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. 11 മത്സരങ്ങളിൽനിന്ന് നാലു പോയിന്റുമാത്രമുള്ള മുംബൈ പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. അഞ്ചാം ജയത്തോടെ പത്ത് പോയിന്റുമായി കൊൽക്കത്ത ഏഴാം സ്ഥാനത്തേക്കു കയറി.

അഞ്ച് വിക്കറ്റ് നേട്ടവുമായി ബുമ്ര; കൊൽക്കത്ത 9ന് 165

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. ഓപ്പണർമാർ മികച്ച തുടക്കം നൽകിയിട്ടും ജസ്പ്രീത് ബുമ്രയുടെ ബോളിങ്ങിനു മുന്നിൽ മധ്യനിരയും വാലറ്റവും തകർന്നുപോയതാണു കൊൽക്കത്തയെ കൂറ്റൻ സ്കോറിൽനിന്ന് അകറ്റിയത്.

ജസ്പ്രീത് ബുമ്രയുടെ അഞ്ച് വിക്കറ്റ് പ്രകടനം കൊൽക്കത്തയെ 165ൽ ഒതുക്കി. നാല് ഓവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്താണ് ബുമ്ര അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്. ആന്ദ്രെ റസ്സൽ, ഷെൽഡൻ ജാക്സൻ, പാറ്റ് കമ്മിൻസ്, സുനിൽ നരെയ്ൻ, ടിം സൗത്തി എന്നിവരെയാണു ബുമ്ര പുറത്താക്കിയത്.

24 പന്തിൽ 43 റൺസെടുത്ത ഓപ്പണർ വെങ്കടേഷ് അയ്യരും 26 പന്തിൽ 43 റൺസെടുത്ത നിതിഷ് റാണയുമാണു കെകെആറിന്റെ ടോപ് സ്കോറർമാർ. ഓപ്പണർ അജിൻക്യ രഹാനെ 24 പന്തിൽ 25 റൺസെടുത്തു പുറത്തായി. മധ്യനിരയിൽ റിങ്കു സിങ് മാത്രമാണു തിളങ്ങിയത്. 19 പന്തുകൾ നേരിട്ട താരം 23 റൺസെടുത്ത് പുറത്താകാതെനിന്നു. 

English Summary: IPL, MI vs KKR; T20 56 of 74

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com