യുവമോർച്ച മെഗാ യോഗത്തിൽ ദ്രാവിഡ് പങ്കെടുക്കും: ബിജെപി; തള്ളി ബിസിസിഐ

rahul-dravid
രാഹുൽ ദ്രാവിഡ്.
SHARE

ഷിംല∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് ബിജെപി യുവജന വിഭാഗം സംഘടനയായ യുവമോർച്ചയുടെ ധരംശാലയിൽ നടക്കുന്ന ദേശീയ വർക്കിങ് കമ്മിറ്റിയിൽ പങ്കെടുക്കുമെന്ന് ധരംശാല എംഎൽഎ വിശാൽ നെഹ്റിയ. പ്രഖ്യാപനത്തിനു പിന്നാലെ, എംഎൽഎയുടെ അവകാശവാദം തള്ളി ബിസിസിഐ.  12 മുതൽ 15 വരെയാണ് വർക്കിങ് കമ്മിറ്റി നടക്കുക. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര മന്ത്രിമാർ, യൂണിയൻ ഭാരവാഹികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് വിശാൽ നെഹ്റിയ പ്രതികരിച്ചു.

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജെയ് റാം ഠാക്കൂറും 3 ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ‌നിന്നു തിരഞ്ഞെടുക്കപ്പെട്ട 139 പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

‘ധര‌ംശാലയിൽ 12 മുതൽ 15 വരെ യുവമോർച്ചയുടെ ദേശീയ വർക്കിങ് കമ്മിറ്റി നടക്കും. ബിജെപി ഹിമാചൽ പ്രദേശ് സംസ്ഥാന നേതൃത്വവും, ദേശീയ നേതൃത്വവും പങ്കെടുക്കും. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കും’– നെഹ്റിയയുടെ വാക്കുകൾ. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായ രാഹുൽ ദ്രാവിഡിന്റെ യോഗത്തിലെ സാന്നിധ്യം, വിവിധ മേഖലകളിൽ മികവു തെളിയിച്ച യുവാക്കൾക്കു മികച്ച സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡും യോഗത്തിനുണ്ടാകും. ദ്രാവിഡിന്റെ വിജയം യുവാക്കൾക്കു മികച്ച സന്ദേശം തന്നെ നൽകും. രാഷ്ട്രീയത്തിൽ മാത്രമല്ല, മറ്റു മേഖലകളിലും നമുക്കു മുന്നേറാനാകും എന്നതാകും സന്ദേശം’– അദ്ദേഹത്തിന്റെ വാക്കുകൾ.

എന്നാൽ ബിജെപി അവകാശവാദം തെറ്റാണെന്നു ബിസിസിഐ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. രാഹുൽ ദ്രാവിഡ് തന്നെ വിളിച്ചിരുന്നെന്നും, വാർത്ത തെറ്റാണെന്നു പറയാനാണ് ദ്രാവിഡ് വിളിച്ചതെന്നും ബിസിസിഐ മീഡിയ മാനേജർ മൗളിൻ പരീഖ് അറിയിച്ചതായാണ് ഹിന്ദുസ്ഥാൻ ടൈംസിലെ റിപ്പോര്‍ട്ട്. 

ഈ വർഷം അവസാനത്തോടെ അസംബ്ലി തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിലെ, ബിജെപി യോഗത്തിൽ‌ രാഹുൽ ദ്രാവിഡ് പങ്കെടുത്താൽ, അതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടാകും.  

2017ൽ നടന്ന തിരഞ്ഞെടുപ്പിൽ 44 സീറ്റ് നേടിയാണ് ഹിമാചലിൽ ബിജെപി അധികാരത്തിലേറിയത്. 68 സീറ്റുകളുള്ള സംസ്ഥാനത്ത്, കേവല ഭൂരിപക്ഷത്തിനു 35 സീറ്റാണു വേണ്ടത്. 21 സീറ്റാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു ലഭിച്ചത്.  

English Summary: Rahul Dravid To Attend BJP's Mega Event In Poll-Bound Himachal Pradesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA