ADVERTISEMENT

മുംബൈ∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം സിലക്‌ഷനിൽ സിഇഒ വെങ്കി മൈസൂരിനും പങ്കുണ്ടെന്നുള്ള ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുടെ ‘വിവാദ’ പരാമർശത്തിനു മറുപടിയുമായി മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജയ് ജഡേജ. ശ്രേയസ്സിന്റെ പരാമർശത്തിൽ തെല്ലും ആശ്ചര്യമില്ലെന്നും കൊൽക്കത്ത ടീം നടത്തിപ്പു സംബന്ധിച്ച എല്ലാ കാര്യങ്ങളിലും സിഇഒയ്ക്കുള്ള പങ്കിനെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണെന്നും അജയ് ജഡേജ ക്രിക്ക്ബസിനോട് പ്രതികരിച്ചു.

‘ഇക്കാര്യം ഒട്ടും ആശ്ചര്യപ്പെടുത്തുന്നില്ല. ഇത് (കൊൽക്കത്ത) സിഇഒയുടെ ടീമാണ്. കൊൽക്കത്ത ജയിച്ചാൽ പ്രശംസയും തോറ്റാൽ പഴിയും സിഇഒയ്ക്കാണ്. എല്ലായ്പ്പൊഴും ഇത് ഇങ്ങനെതന്നെയായിരുന്നു. നമ്മൾ ഇതു മുൻപു കണ്ടിട്ടുമുണ്ട്.

‘ഈ വിഷയത്തിൽ പല തരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നുവരും. ചിലർ പറയും ടീം സിലക്‌ഷനിൽ സിഇഒയെ ഉൾപ്പെടുത്തേണ്ടതില്ലെന്ന്. ചിലർ പറയും കോച്ചിനെത്തന്നെ ഉൾപ്പെടുത്തേണ്ട കാര്യമില്ല, എല്ലാം ക്യാപ്റ്റനാണു തീരുമാനിക്കേണ്ടതെന്ന്. ചിലർ പറയും ക്യാപ്റ്റൻ തന്നെ ടീമിലുണ്ടാകണമെന്നു നിർബന്ധമില്ലല്ലോ, അപ്പോൾ കാര്യങ്ങൾ സിഇഒ തീരുമാനിക്കട്ടെ എന്ന്,’– ജഡേജയുടെ വാക്കുകൾ.

പ്ലേയിങ് ഇലവനിൽനിന്നു പുറത്തിരുത്തുന്ന കാര്യം രാജ്യാന്തര താരങ്ങളെ അറിയിക്കുക എന്നതു വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ജഡേജ പറഞ്ഞു. ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റ് ബോളറായാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ ഫോർമാറ്റിലും ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ കമ്മിൻസിനെ കൊൽക്കത്ത കുറച്ചേറെ നാൾ റിസർവ് ബെഞ്ചിൽ ഇരുത്തിയിരുന്നു.

‘ശ്രേയസ്സ് അയ്യർ പറഞ്ഞതു ശരിയാണ്. പ്ലേയിങ് ഇലവനിൽ ഇടമില്ലെന്ന് ഒരു താരത്തോടു പറയുക എന്നതു വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പ്രത്യേകിച്ച്, ലോകത്തെ ഏറ്റവും മികച്ച ബോളറെവരെ പുറത്തിരുത്തിയിരുന്ന സാഹചര്യമാണു കൊൽക്കത്തയിൽ. ക്യാപ്റ്റനോ, കോച്ചോ, സിഇഒയോ, ആരുമാകട്ടെ, പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടിട്ടില്ല എന്ന് ഒരു താരത്തെ അറിയിക്കുക എന്നത് ഒട്ടും എളുപ്പമല്ല. കുറഞ്ഞപക്ഷം, കൊൽക്കത്ത ടീമിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് സിഇഒ ആണെന്നെങ്കിലും നമുക്ക് ഇപ്പോൾ അറിയാം. അടുത്ത തവണ കൊൽക്കത്തയുടെ കളി കാണുമ്പോൾ, ടീം നടത്തിപ്പിൽ ക്യാപ്റ്റനു യാതൊരു പങ്കുമില്ലെന്ന് നമുക്ക് മനസ്സിലാകുമല്ലോ’– ജഡേജയുടെ വാക്കുകൾ.

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പ്ലേയിങ് ഇലവനിൽ 5 മാറ്റങ്ങളോടെയാണു കൊൽക്കത്ത ഇറങ്ങിയത്. മത്സരത്തിലെ ജയത്തിനു ശേഷമായിരുന്നു സിഇഒയുടെ ഇടപെടൽ സംബന്ധിച്ച ശ്രേയസ് അയ്യരുടെ പരാമർശം.

 

English Summary: Jadeja reacts to Iyer's 'CEO is involved in team selection' comment: 'At least we know now that captain has no role'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com