ADVERTISEMENT

മുംബൈ∙ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ 2008ലെ ‘മങ്കിഗേറ്റ്’ വിവാദത്തിന്റെ രണ്ടറ്റങ്ങളിൽ ആയിരുന്ന മുന്‍ ഓസീസ് ഓൾറൗണ്ടർ ആൻഡ്രൂ സൈമണ്ട്സും ഇന്ത്യൻ താരം ഹർഭജൻ സിങ്ങും പിന്നീട് ഐപിഎല്ലിൽ ഒന്നിച്ചുകളിക്കെ ഉറ്റ സുഹൃത്തുക്കളായിരുന്നെന്നു വെളിപ്പെടുത്തി മുൻ മുംബൈ ഇന്ത്യൻസ് സഹതാരം. ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ ഹർഭജൻതന്നെ കുരങ്ങനെന്നു വിളിച്ച് അധിക്ഷേപിച്ചതായായിരുന്നു 2008ൽ സൈമണ്ട്സിന്റെ പരാതി. പിന്നീട് 2011ലാണ് സൈമണ്ട്സ് മുംബൈ ഇന്ത്യൻസിനായി കളിച്ചത്.

ഞായറാഴ്ച പുലർച്ചെ ഉണ്ടായ കാറപകടത്തിൽ സൈമണ്ട്സിന്റെ അകാല വിയോഗത്തിനു പിന്നാലെയാണ് മുംബൈ ഇന്ത്യന്‍സിനായി ഇരുവർക്കുമൊപ്പം കളിച്ചിരുന്ന താരം വാർത്താ ഏജൻസിയായ പിടിഐയോട് മനസ്സുതുറന്നത്. ഒത്തുചേരലിനിടെ ഹർഭജനും സൈമണ്ട്സും പരസ്പരം കെട്ടിപ്പിടിച്ചെന്നും ക്ഷമാപണം നടത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

‘കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിനായി ഞങ്ങൾ മൊഹാലിയിൽ ആയിരുന്നു എന്നു തോന്നുന്നു.

ഇതിനിടെ ഞങ്ങൾക്ക് ഒരു സ്വകാര്യ പാർട്ടിയിലേക്കു ക്ഷണം കിട്ടി. അവിസ്മരണീയമായ ഒരു രാത്രിയായിരുന്നു അത്. എല്ലാവരും ഉൻമേഷത്തിലായിരുന്നു. പെട്ടെന്ന് ഹർഭജനും സൈമണ്ട്സും പരസ്പരം ആലിംഗനബദ്ധരായി. ഇരുവരും തേങ്ങിക്കരയുന്നുണ്ടായിരുന്നു. ആ രംഗം കണ്ടുനിന്ന ഞങ്ങളുടെ കണ്ണുകളും നിറഞ്ഞു. ഏറെ നാളായി മനസ്സിൽ കൊണ്ടുനടന്ന ഭാരം ഇറക്കി വയ്ക്കാൻ ശ്രമിക്കുകയായിരുന്നു ഇരുവരും എന്നാണു തോന്നിയത്.  

രാജ്യാന്തര തലത്തിൽ ഇരുവരും പരസ്പരമാണ് ഏറ്റുമുട്ടിയിരുന്നത്. ഈ ചരിത്രംവച്ച് ഐപിഎൽ മുംബൈയ്ക്കായി ഒരുമിച്ചു കളിക്കുമ്പോൾ ഇരുവരുടെയും രസതന്ത്രം എങ്ങനെയാകും എന്ന് അറിയാൻ എല്ലാവർക്കും ഏറെ കൗതുകം ഉണ്ടായിരുന്നു.

പക്ഷേ, മുംബൈയുമായി വളരെവേഗം സൈമണ്ട്സ് ഇഴുകിച്ചേര്‍ന്നു. ടീം ഡ്രസിങ് റൂമിലെ സൈമണ്ട്സിന്റെ സാന്നിധ്യം ഞങ്ങൾ ഏറെ ആസ്വദിച്ചിരുന്നു. 

സത്യം പറഞ്ഞാൽ ചാംപ്യൻസ് ലീഗ് ടി20യിൽ ഹർഭജൻ സിങ് മുംബൈയെ നയിച്ചിരുന്ന സമയത്ത്, ഫീൽഡിങ്ങിനിടെ, ഏറെ വിനയാന്വിതനായി സൈമണ്ട്സ് സർ, ഞാൻ എവിടെയാണു നിൽക്കേണ്ടത് എന്നാണ് ഹർഭജനോടു ചോദിച്ചിരുന്നത്’– അദ്ദേഹത്തിന്റെ വാക്കുകൾ. 

 

English Summary: Harbhajan Singh and Andrew Symonds said 'sorry to each other', hugged and started crying: MI player narrates 2011 story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com