ADVERTISEMENT

മുംബൈ∙ ഐപിഎൽ സീസണിലെ അതിവേഗക്കാരൻ പേസർ ഉമ്രാൻ മാലിക്കിന്റെ ദേശീയ അരങ്ങേറ്റം അധികം വൈകില്ലെന്ന തരത്തിലുള്ള സൂചനകൾ നൽകി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. സീസണിലെ മത്സരങ്ങളിൽ തുടർച്ചയായി 150 കിലോമീറ്റർ വേഗത്തിനു മുകളിൽ പന്തെറിഞ്ഞാണ് സൺറൈസേഴ്സ് ഹൈദരാബാദ് താരമായ ഉമ്രാൻ ആരാധകരുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. 

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉമ്രാൻ ഇടംപിടിക്കുമെന്നാണു വലിയൊരു വിഭാഗം ക്രിക്കറ്റ് ആരാധകരുടെ വിശ്വാസം. ഇതിനിടെയാണ് ‘മി‍ഡ്–ഡേ’ മാധ്യമവുമായുള്ള അഭിമുഖത്തിൽ ഉമ്രാന്റെ ദേശീയ അരങ്ങേറ്റത്തെക്കുറിച്ച് ഗാംഗുലി മനസ്സു തുറന്നത്.

ഉമ്രാനെ ദേശീയ ടീമിലെടുത്താൽ താൻ ഒട്ടും അദ്ഭുതപ്പെടില്ലെന്നാണു ഗാംഗുലിയുടെ പ്രതികരണം.

‘150 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ പന്തെറിയാൻ എത്ര പേർക്കു കഴിയും? ഉമ്രാൻ ദേശീയ ടീമിലെത്തിയാൽ ഞാൻ ഒട്ടും അദ്ഭുതപ്പെടില്ല. ഉമ്രാനെ ഏങ്ങനെ ഉപയോഗിക്കുന്നു എന്ന കാര്യത്തിൽ നമുക്കു ശ്രദ്ധ വേണം. ഏറ്റവും വേഗമേറിയ താരമാണ് ഉമ്രാൻ. കുൽദീപ് സെന്നിനെയും എനിക്ക് ഇഷ്ടമായി. ടി. നടരാജൻ മികച്ച തിരിച്ചുവരവാണു നടത്തിയിരിക്കുന്നത്. 

‌ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർ ടീമിലുണ്ട്. അന്തിമ തീരുമാനം സിലക്ടർമാരുടെ കൈയിലാണല്ലോ.

ബോളർമാരുടെ മേധാവിത്തം കാണാനാകുന്നതിൽ ഏറെ സന്തോഷമുണ്ട്. മുംബൈയിലെയും പുണെയിലെയും വിക്കറ്റുകളിൽനിന്നു മികച്ച ബൗൺസ് ലഭിക്കുന്നുണ്ട്. പേസർമാർ മാത്രമല്ല, സ്പിന്നർമാരും വളരെ നന്നായാണു പന്തെറിയുന്നത്’– ഗാംഗുലിയുടെ വാക്കുകൾ.

കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ നെറ്റ് ബോളറായി ഉമ്രാൻ മുൻപു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്വന്റി20 ലോകകപ്പിനു ശേഷം ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് പരമ്പരയ്ക്കായി ഉമ്രാൻ ദക്ഷിണാഫ്രിക്കയിലേക്കു പറന്നിരുന്നു. ഐപിഎൽ സീസണിൽ 12 കളിയിൽ 18 വിക്കറ്റാണ് ഈ ജമ്മു കശ്മീർ യുവ പേസറുടെ ഇതുവരെയുള്ള നേട്ടം.

 

English Summary: IPL 2022's fastest bowler Umran Malik to make India debut soon? BCCI President Sourav Ganguly drops BIG hint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com