ADVERTISEMENT

ചിറ്റഗോങ് (ബംഗ്ലദേശ്)∙ സെഞ്ചറി നേടുമ്പോൾ, ക്രിക്കറ്റ് ഇതിഹാസം സർ ഡോണൾഡ് ബ്രാഡ്മാനുമായി ബംഗ്ലദേശ് ആരാധകർ തന്നെ താരതമ്യം ചെയ്യുന്നതു കേട്ടിട്ടുണ്ടെന്നും എന്നാൽ താൻ അങ്ങനെ കരുതാറില്ലെന്നും ബംഗ്ലദേശ് സീനിയർ താരം മുഷ്ഫിഖുർ റഹീം. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനിടെ, ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസ് നേടുന്ന ആദ്യ ബംഗ്ലദേശ് താരം എന്ന നേട്ടത്തിലെത്തിയതിനു ശേഷം മനസ്സു തുറക്കുകയായിരുന്നു മുഷ്ഫിഖുർ. ലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 102 റണ്‍സാണു മുഷ്ഫിഖുർ നേടിയത്.  

‘ബംഗ്ലദേശിൽ മാത്രമാണ്. ഞാൻ സെഞ്ചറി നേടുമ്പോൾ ആളുകൾ എന്നെ ബ്രാഡ്മാനുമായി താരതമ്യം ചെയ്യുന്നതു കണ്ടിട്ടുണ്ട്. പക്ഷേ, റൺസ് നേടാനാകാതെ വരുമ്പോൾ ആളുകളെ നേരിടാതിരിക്കാനാണു ഞാൻ ശ്രദ്ധിക്കാറുള്ളത്. ടീമിലെ ഏറ്റവും മുതിർന്ന താരങ്ങളിൽ ഒരാളാണു ഞാൻ. അധിക കാലം ക്രിക്കറ്റ് കളിക്കാനും സാധ്യത കുറവാണ്. പക്ഷേ, ഇത് ഒരു സംസ്കാരത്തിന്റെ ഭാഗമായി മാറുകയാണ്. അതുകൊണ്ട് യുവതാരങ്ങൾക്കും പിന്തുണ ലഭിച്ചേ തീരൂ.

കളിക്കളത്തിനു പുറത്തെ പ്രശ്നങ്ങൾ തീർക്കാൻ ഒരുപാടു സമയം നീക്കിവച്ചാൽ, അതു കളിക്കളത്തിലെ പ്രകടനത്തെ ബാധിക്കും’– മുഷ്ഫിഖുർ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിലെ 8–ാം സെഞ്ചറിയാണ് ലങ്കയെക്കെതിരെ മുഷ്ഫിഖുർ കുറിച്ചത്. 2 വർഷത്തിനു ശേഷമാണു ടെസ്റ്റ് ക്രിക്കറ്റിലെ മുഷ്ഫിഖറിന്റെ സെഞ്ചറി നേട്ടം.

‘5,000 ടെസ്റ്റ് റൺസ് നേടുന്ന ആദ്യ ബംഗ്ലദേശ് താരമായതിൽ ഏറെ അഭിമാനിക്കുന്നു. പക്ഷേ, ഈ നേട്ടം കൈവരിക്കുന്ന അവസാന ബംഗ്ലദേശ് താരമാകില്ല ഞാൻ എന്ന് എനിക്ക് ഉറപ്പാണ്. 8,000–10,000 റൺസ് വരെ നേടാൻ കെൽപ്പുള്ള ഒട്ടേറെ സീനിയർ– ജൂനിയർ താരങ്ങൾ ഞങ്ങൾക്കിന്നുണ്ട്’– മുഷ്ഫിഖുർ കൂട്ടിച്ചേർത്തു.

ബംഗ്ലദേശ്– ശ്രീലങ്ക ആദ്യ ടെസ്റ്റ് സമനിലയിലേക്കാണു നീങ്ങുന്നത്. അഞ്ചാം ദിനം 128–4 എന്ന സ്കോറിൽ ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ലങ്കയ്ക്ക് ഇപ്പോൾ 60 റൺസ് ലീഡുണ്ട്. ആദ്യ ഇന്നിങ്സിൽ ലങ്ക 397ഉം ബംഗ്ലദേശ് 456ഉം റൺസ് എടുത്തിരുന്നു. 

 

English Summary: ‘I’ve seen people compare me to Bradman when I score a century': Bangladesh batter Mushfiqur Rahim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com