ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിൽ മോശം പ്രകടനം തുടരുന്നതിനിടെ, അംപയറുടെ തീരുമാനത്തിൽ കുപിതനായി ഹെൽമറ്റും ബാറ്റും വലിച്ചെറിഞ്ഞ് ഗുജറാത്ത് ടൈറ്റൻസിന്റെ ഓസീസ് താരം മാത്യു വെയ്ഡ്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് അംപയറിന്റെ തീരുമാനത്തിലുള്ള കലിപ്പു മുഴുവൻ വെയ്ഡ് ഹെൽമറ്റിനോടും ബാറ്റിനോടും തീർത്തത്. ഡ്രസിങ് റൂമിലെത്തിയതിനു പിന്നാലെ വെയ്ഡ് ബാറ്റും ഹെൽമറ്റും വലിച്ചെറിയുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയ വെയ്ഡിന് പരിധിവിട്ട പെരുമാറ്റത്തിന് താക്കീതും ലഭിച്ചു.

മത്സരത്തിൽ വൺഡൗണായി ക്രീസിലെത്തിയ വെയ്ഡ് ഫോമിലാണെന്ന തോന്നലുയർത്തിയ ശേഷമാണ് ഓസീസ് ടീമിൽ സഹതാരം കൂടിയായ ഗ്ലെൻ മാക്സ്‍വെലിന്റെ പന്തിൽ എൽബിയിൽ കുരുങ്ങി പുറത്തായത്. 13 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 16 റൺസാണ് വെയ്ഡ് നേടിയത്. ഇതിനു പിന്നാലെ പവർപ്ലേയിലെ അവസാന ഓവറിലാണ് മാക്സ‌വെൽ വെയ്ഡിനെ പുറത്താക്കിയത്.

ഗുജറാത്ത് ഇന്നിങ്സിലെ ആറാം ഓവറിലെ രണ്ടാം പന്തിലാണ് മാക്സ്‌വെലിന്റെ പന്തിൽ വെയ്ഡ് എൽബിയിൽ കുരുങ്ങിയതായി അംപയർ വിധിച്ചത്. മാത്യു വെയ്ഡ് ഉടൻതന്നെ ഡിആർഎസ് ആവശ്യപ്പെട്ടു. ബാറ്റിൽ പന്തു തട്ടിയെന്ന ഉറപ്പിലാണ് വെയ്ഡ് ഡിആർഎസ് ആവശ്യപ്പെട്ടത്. എന്നാൽ, റീപ്ലേയിൽ പന്ത് ബാറ്റിൽത്തട്ടിയില്ലെന്നു വ്യക്തമായതോടെ തേഡ് അംപയർ ഔട്ട് ശരിവച്ചു.

ടെക്നോളജിയും ‘ചതിച്ച’തോടെ െവയ്ഡ് ക്രുദ്ധനായി. തലകുലുക്കി എതിർപ്പു പ്രകടിപ്പിച്ചാണ് വെയ്ഡ് ഗ്രൗണ്ട് വിട്ടത്. ഇതിനിടെ റോയൽ ചാലഞ്ചേഴ്സ് താരം വിരാട് കോലി അടുത്തെത്തി ആശ്വസിപ്പിച്ചെങ്കിലും വെയ്ഡിന്റെ കലിപ്പടങ്ങിയില്ല. ഡ്രസിങ് റൂമിലെത്തിയ ഉടൻ ഹെൽമറ്റ് ഊരി വലിച്ചെറിഞ്ഞ താരം ബാറ്റും ശക്തിയായി വീശിയാണ് കലി തീർത്തത്. പിന്നാലെ ബാറ്റും വലിച്ചെറിഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇതിനു പിന്നാലെ മാത്യു വെയ്ഡിനെ പിന്തുണച്ചും ഒരു വിഭാഗം ആരാധകർ രംഗത്തെത്തി. തേഡ് അംപയറിന്റെ തീരുമാനം തെറ്റാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. സ്നിക്കോ മീറ്റർ ഉപയോഗിച്ചു നടത്തുന്ന പരിശോധനയിൽ പിഴവുണ്ടെന്നും ഹോട്സ്പോട്ടാണ് ഉചിതമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മത്സരത്തിൽ വിജയം നേടിയ ബാംഗ്ലൂർ പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി. ഗുജറാത്ത് ആദ്യം തന്നെ പ്ലേഓഫിൽ കടന്നിരുന്നു.

English Summary: Angry Matthew Wade throws helmet, smashes bat in dressing room after controversial dismissal against RCB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com