ADVERTISEMENT

മുംബൈ∙ ചെന്നൈ ബാറ്റിങ്ങിനിടെ, വിക്കറ്റിനു പിന്നിൽ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ ക്യാച്ച് സഞ്ജു സാംസൺ 2 തവണ മനപ്പൂർവം വിട്ടുകളഞ്ഞതെന്ന് രാജസ്ഥാന്‍ ആരാധകരുടെ ട്രോൾ! രാജസ്ഥാനെതിരായ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ 10.2 ഓവറിൽ 95–4 എന്ന സ്കോറിലെത്തിയപ്പോൾ ബാറ്റിങ്ങിനെത്തിയ ധോണിയുടെ 2 ക്യാച്ചുകൾ സഞ്ജു വിട്ടുകളഞ്ഞിരുന്നു.

യുസ്‌വേന്ദ്ര ചെഹൽ എറിഞ്ഞ 11–ാം ഓവറിലെ 5–ാം പന്തിൽത്തന്നെ ധോണി പുറത്താകേണ്ടതായിരുന്നു. ചെഹലിന്റെ ഓഫ് സ്റ്റംപിനു പുറത്തു പിച്ച് ചെയ്ത പന്ത് ധോണി കട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ബാറ്റിന്റെ വക്കിലുരസിയ പന്ത് അതിവേഗം സഞ്ജുവിന്റെ നേരെയാണു ചെന്നത്. എന്നാൽ കാലുകൾ അടുപ്പിച്ചുവച്ച് പന്ത് ക്യാച്ച് ചെയ്യാനുള്ള സഞ്ജുവിന്റെ ശ്രമം പരാജയപ്പെട്ടു. അങ്ങനെ, ധോണിക്ക് റൺസ് നേടുന്നതിനു മുൻപുതന്നെ ആദ്യ ലൈഫ് ലഭിച്ചു.

വിൻഡീസ് പേസർ ഒബീദ് മക്കോയ് എറിഞ്ഞ 13–ാം ഓവറിലാണു ഭാഗ്യം ധോണിയെ വീണ്ടും കടാക്ഷിച്ചത്.

മക്കോയ്‌യുടെ ഷോട്ട് ലെങ്ത് ബോളിൽ ഓഫ് സൈഡിലേക്കുള്ള ധോണിയുടെ ഷോട്ട് പിഴച്ചു. ബാറ്റിന്റെ വക്കിലുരസിയ പന്ത് വിക്കറ്റിനു പിന്നിലേക്ക്. വലതുഭാഗത്തേക്ക് മുഴുനീളൻ ഡൈവ് ചെയ്ത സഞ്ജുവിന്റെ ഗ്ലൗസിൽത്തട്ടി പന്തു പുറത്തേക്കു തെറിച്ചു. അങ്ങനെ 3 റൺസ് എടുത്തു നിൽക്കെ ധോണിക്കു 2–ാമത്തെ ജീവനും ലഭിച്ചു. ധോണിയെ ‘വീണ്ടും’ വിട്ടുകളഞ്ഞതിന്, കമന്റേറ്റർമാർ ഉൾപ്പെടെ സഞ്ജുവിനെ വിമർശിച്ചു രംഗത്തെത്തുകയും ചെയ്തു.

12.1 ഓവറിൽ ചെന്നൈ സ്കോർനില 102–4ൽ എത്തിനിൽക്കെയാണു സഞ്ജു രണ്ടാമതും ധോണിയെ വിട്ടുകളഞ്ഞത്. 

പിന്നീട് യുസ്വേന്ദ്ര  19–ാം ഓവറിലെ അവസാന പന്തിൽ പുറത്തായ ധോണി, 28 പന്തിൽ ഒന്നു വീതം സിക്സും ഫോറും അടക്കം 26 റൺസാണു മത്സരത്തിൽ നേടിയത്. ‘ജീവൻ’ തിരിച്ചുകിട്ടതിനു ശേഷം 7 ഓവർ കൂടി ക്രീസിൽ ചെലവിടാനായങ്കിലും ചെന്നൈ സ്കോറിങ് ധോണിക്ക് ഒട്ടും ഉയർത്താനാകാതെ പോയതോടെയാണ്,

മത്സരശേഷം ധോണിക്കെതിരായ ‘ട്രോളുമായി’ ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. ചെന്നൈ റൺറേറ്റ് കുറയ്ക്കാനുള്ള സഞ്ജുവിന്റെ ‘ബുദ്ധിപരമായ ഇടപെടലും തന്ത്രവുമായിരുന്നു ഇതെന്നും, ധോണിയെ സഞ്ജു മനപ്പൂർവം നിലത്തിടുകയായിരുന്നെ’ന്നും ഒട്ടേറെ ആരാധകർ ട്വീറ്റ് ചെയ്തു. ത്രില്ലർ പോരാട്ടത്തിനൊടുവിൽ ചെന്നൈയ്ക്കെതിരായ മത്സരം 2 പന്ത് ശേഷിക്കെ ജയിച്ച രാജസ്ഥാൻ ക്വാളിഫയേഴ്സിനു യോഗ്യത നേടിയിരുന്നു. 

 

English Summary: Sanju has dropped Dhoni twice for good; fans troll Dhoni for slow innings  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com