ADVERTISEMENT

തിരുവനന്തപുരം ∙ തലസ്ഥാനം വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. സെപ്റ്റംബറിൽ നടക്കുന്ന ഇന്ത്യ–ഓസ്ട്രേലിയ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ഒരു മത്സരം കാര്യവട്ടത്തെ തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടത്താൻ ധാരണയായി. മത്സര തീയതി ഐപിഎലിനു ശേഷം നടക്കുന്ന ബിസിസിഐ ഉന്നതസമിതി  യോഗത്തിൽ തീരുമാനിക്കും. സെപ്റ്റംബറിൽ മത്സരം നടത്താൻ തയാറാണെന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) അറിയിച്ചതായി ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു. 

ഒക്ടോബർ, നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി സന്നാഹ മത്സരങ്ങൾക്കായാണ് ഓസ്ട്രേലിയ സെപ്റ്റംബർ രണ്ടാം പകുതിയിൽ ഇന്ത്യയിലെത്തുന്നത്. മൂന്നു ട്വന്റി20 മത്സരങ്ങളാണു പരമ്പരയിലുള്ളത്. പിന്നാലെ ഇന്ത്യൻ ടീം ലോകകപ്പിനായി ഓസ്ട്രേലിയയിലേക്കു പോകും. കഴിഞ്ഞ ഫെബ്രുവരിയിൽ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 മത്സരം തിരുവനന്തപുരത്ത് അനുവദിച്ചിരുന്നു. എന്നാൽ കോവിഡ് മൂന്നാം തരംഗം വന്നതിനെത്തുടർന്ന് ആ പരമ്പരയിലെ മത്സരങ്ങളെല്ലാം ഒരിടത്തു നടത്താൻ തീരുമാനിച്ചതോടെ തിരുവനന്തപുരത്തിന് അവസരം നഷ്ടമായി. പിന്നീട് ക്രമം അനുസരിച്ച് അടുത്ത മാസം നടക്കുന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരത്തിന് അനുവദിക്കാൻ ബിസിസിഐ തയാറായിരുന്നു.

എന്നാൽ മഴക്കാലമായതിനാൽ മത്സരം നടത്താനാവില്ലെന്നു കെസിഎ അറിയിച്ചു. തുടർന്നാണ് സെപ്റ്റംബറിലെ ഇന്ത്യ–ഓസ്ട്രേലിയ മത്സരം അനുവദിക്കാൻ ധാരണയായത്. ഇതുവരെ 3 രാജ്യാന്തര മത്സരങ്ങളാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ‌ നടന്നത്; 2 ട്വന്റി20യും ഒരു ഏകദിനവും. 2019 ഡിസംബർ 8നു നടന്ന ഇന്ത്യ– വെസ്റ്റിൻഡീസ് ട്വന്റി20 ആയിരുന്നു അവസാന മത്സരം.

English Summary: India-Australia T20 Karyavattom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com