ADVERTISEMENT

മുംബൈ∙ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ തോൽവിക്കു പിന്നാലെ ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്തിനെതിരെ രൂക്ഷവിമർശനങ്ങൾ തുടരുകയാണ്. നിർണായക മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ ഡൽഹിക്ക് നാലാം സ്ഥാനക്കാരായി പ്ലേ ഓഫിൽ കടക്കാമായിരുന്നു. മുംബൈ ഇന്ത്യൻസ് അവരെ അഞ്ച് വിക്കറ്റിനു തോൽപിച്ചതോടെ 14 പോയിന്റുമായി പട്ടികയിലെ അഞ്ചാം സ്ഥാനക്കാരായി ഡൽഹി പോരാട്ടം അവസാനിപ്പിച്ചു.

ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ പിഴവുകളാണു ഡൽഹി മത്സരം തോൽക്കാൻ കാരണമെന്നാണു ആരാധകരുടെ വിമർശനം. മുംബൈയുടെ മധ്യനിര താരം ടിം ഡേവിഡിനെ പൂജ്യത്തിനു പുറത്താക്കാൻ അവസരം ലഭിച്ചിട്ടും ഡിആർഎസിനു പോകാതിരുന്ന പന്തിന്റെ നടപടിയാണ് ആരാധകരെയും ക്രിക്കറ്റ് വിദഗ്ധരെയും ചൊടിപ്പിച്ചത്. ഷാർദൂൽ ഠാക്കൂർ എറിഞ്ഞ 15–ാം ഓവറിലായിരുന്നു സംഭവം. ടിം ഡ‍േവിഡിന്റെ ബാറ്റിൽ ഉരസിയ ബോൾ ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് പിടിച്ചെടുത്തു. അപ്പീൽ ചെയ്തെങ്കിലും അംപയർ ഔട്ട് അനുവദിച്ചില്ല.

റിവ്യുവിനു പോകാനുള്ള അവസരം ഡൽഹിക്ക് ഉണ്ടായിരുന്നെങ്കിലും ഇതു വിനിയോഗിക്കാനും ഡൽഹി ക്യാപ്റ്റൻ തയാറായില്ല. എന്നാൽ ടിം ഡേവിഡിന്റെ ബാറ്റിൽ തട്ടിയാണ് പന്ത് പോയതെന്നു പിന്നീടു ദൃശ്യങ്ങളിൽനിന്നു വ്യക്തമായി. മുംബൈ 14.4 ഓവറിൽ മൂന്നിന് 94 എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു ഈ സംഭവങ്ങൾ. തകർത്തു കളിച്ച ടിം ഡേവിഡ് 11 പന്തിൽ 34 റൺസ് അടിച്ചു. ഇതോടെ കളി മുംബൈയുടെ നിയന്ത്രണത്തിലായി.

കുൽദീപ് യാദവ് എറിഞ്ഞ ഓവറില്‍ മുംബൈയുടെ യുവ ബാറ്റർ ഡെവാൾഡ് ബ്രെവിസിനെ പുറത്താക്കാനും ഡൽഹി ക്യാപ്റ്റന് അവസരം ലഭിച്ചിരുന്നു. ഈ ക്യാച്ച് അവസരവും പന്ത് പാഴാക്കി. 33 പന്തിൽ 37 റണ്‍സെടുത്ത ബ്രെവിസ് ഷാർദൂൽ‌ ഠാക്കൂറിന്റെ പന്തിൽ പിന്നീടു ബോൾ‍ഡായി. ലഭിച്ചിരുന്ന രണ്ട് അവസരങ്ങളും ഡൽഹി ക്യാപ്റ്റൻ ഉപയോഗിച്ചിരുന്നെങ്കില്‍ ഡൽഹിക്കു പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നെന്നാണ് ആരാധകരുടെ വിമര്‍ശനം.

ടിം ഡേവിഡിന്റെ പുറത്താകലിൽ സംശയം തോന്നിയിരുന്നെങ്കിലും സഹതാരങ്ങളിൽനിന്ന് അങ്ങനെയൊരു പ്രതികരണം ഉണ്ടാകാത്തതിനാലാണ് റിവ്യു പോകാതിരുന്നതാണെന്നാണു ഡൽഹി ക്യാപ്റ്റൻ മത്സര ശേഷം പ്രതികരിച്ചത്. മത്സരം അധികവും ഡൽഹിയുടെ നിയന്ത്രണത്തിലായിരുന്നെങ്കിലും ഒടുവിൽ കൈവിട്ടുപോകുകയായിരുന്നു. തെറ്റുകളിൽനിന്നു പഠിച്ച്, അടുത്ത സീസണിൽ ശക്തമായി തിരിച്ചെത്തുമെന്നും ക്യാപ്റ്റൻ പന്ത് വ്യക്തമാക്കി.

പന്തിനെതിരെയും ഡൽഹി ടീമിനെതിരെയും വിമര്‍ശനമുയര്‍ത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ രവി ശാസ്ത്രിയും രംഗത്തെത്തി. കളി തീരാൻ അഞ്ച് ഓവറുകൾ ബാക്കിയുണ്ട്. രണ്ട് റിവ്യൂകളുണ്ട്. ടിം ഡേവിഡ് ബാറ്റിങ് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. ഡൽഹിക്ക് ആ സമയത്തു കളിയിൽ മേല്‍ക്കൈയുണ്ട്. റിവ്യു എടുക്കാമെന്നതു വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന കാര്യമായിരുന്നു. ഈ അബദ്ധം കാരണം ഇനി അവര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും. കാരണം, പ്ലേ ഓഫ് കളിക്കാനുള്ള അവസരമാണു ഇവിടെ നഷ്ടപ്പെടുത്തിയിരിക്കുന്നതെന്നു ശാസ്ത്രി ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ഓപ്പണര്‍ വസീം ജാഫർ കുറച്ചുകൂടി രൂക്ഷമായ ഭാഷയിലാണ് ഋഷഭ് പന്തിനെ ട്വിറ്ററിൽ വിമര്‍ശിച്ചത്. ‘കഴിഞ്ഞ സീസണിലെ ക്വാളിഫയറിൽ കഗിസോ റബാദയ്ക്കു പകരം ടോം കറന് അവസാന ഓവർ എറിയാൻ ഋഷഭ് പന്ത് നൽകി. ഇത്തവണ ടിം ഡേവിഡിന്റെ ക്യാച്ച് റിവ്യു ചെയ്തില്ല. രണ്ടിലും ഋഷഭ് പന്ത് അങ്ങേയറ്റം പശ്‍ചാത്തപിക്കേണ്ടിവരും– വസീം ജാഫർ ട്വിറ്ററിൽ കുറിച്ചു. 

നിർണായക മത്സരത്തിൽ പരാജയപ്പെട്ട ഡൽഹി 14 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനക്കാരായാണു സീസൺ അവസാനിപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ഡൽഹി ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം മുംബൈ 19.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 4 ഓവറിൽ 25 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയുടെ മികവിലാണ് ആദ്യം ബാറ്റു ചെയ്ത ഡൽഹിയെ മുംബൈ 159 റൺസിൽ ഒതുക്കിയത്.  ഡേവിഡ് വാർണർ (5), മിച്ചൽ മാർഷ് (0), പൃഥ്വി ഷാ (23 പന്തിൽ 24) എന്നിവരെ ആദ്യ 6 ഓവറിനുള്ളിൽ ഡൽഹിക്കു നഷ്ടമായി. 

4 വിക്കറ്റിന് 50 എന്ന നിലയിലായിരുന്ന ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത് അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ഋഷഭ് പന്തും (33 പന്തിൽ 39) റോവ്മാൻ പവലും (34 പന്തിൽ 43) ചേർന്നാണ്. ഇരുവരും ചേർന്നു നേടിയത് 75 റൺസ്. മറുപടി ബാറ്റിങ്ങിൽ മുംബൈയ്ക്കു തുടക്കത്തിലേ രോഹിത് ശർ‌മയെ (2) നഷ്ടമായി. എന്നാൽ ഇഷൻ കിഷൻ (48), ഡെവാൾഡ് ബ്രെവിസ് (37), തിലക് വർമ (21) എന്നിവർ അവസരത്തിനൊത്തുയർന്നു. 11 പന്തിൽ 34 റൺസ് നേടി മുൻ ആർസിബി താരം ടിം ഡേവിഡ് ആഞ്ഞടിച്ചതോടെയാണു കളി മുംബൈയുടെ കൈകളിലെത്തിയത്.

English Summary: Rishabh Pant Brutally Trolled after DRS Howler Against MI's Tim David Proves Costly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com