ADVERTISEMENT

മുംബൈ∙ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോടു തോറ്റു ഡൽ‌ഹി ക്യാപിറ്റൽസ് ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും അവരുടെ ക്യാപ്റ്റൻ ഋഷഭ് പന്ത് ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ‘തിളങ്ങി’ നിൽക്കുകയാണ്. പക്ഷേ, അത് നല്ല കാര്യങ്ങൾക്കല്ല എന്നു മാത്രം.

‌മുംബൈയ്ക്കെതിരായ മത്സരത്തിൽ ഡൽഹിയെ തോൽവിയിലേക്കു നയിച്ച വില്ലനായാണ് പന്ത് ഇപ്പോഴും വാഴ്ത്തപ്പെടുന്നത്. എന്നാൽ മത്സരത്തിനു പിന്നാലെ ഞായറാഴ്ച നടന്ന ഇന്ത്യൻ ടീം പ്രഖ്യാപനത്തിൽ പന്തിന് ഇടം നൽകിയ സിലക്ടർമാർ താരത്തിലുള്ള ‘വിശ്വാസം’ വീണ്ടും കാത്തു.

മുംബൈയ്ക്കെതിരെ നിർണായക തീരുമാനങ്ങൾ എടുക്കുന്നതിൽ പന്ത് വരുത്തിയ വീഴ്ചയാണു ഡൽഹിക്ക് ഐപിഎല്ലിനു പുറത്തേക്കുള്ള വഴി തുറന്നതെന്നാണു വലിയൊരു വിഭാഗം ആരാധകരുടെ വാദം.   

വമ്പൻ ഇന്നിങ്സിലൂടെ മത്സരം തട്ടിയകറ്റിയ ടിം ഡേവിഡിന്റെ ക്യാച്ചിൽ റിവ്യു എടുക്കാൻ തയാറാകാതിരുന്ന പന്ത്, അപകടകാരിയായ ഡെവാൾഡ് ബ്രവിസിന്റെ ക്യാച്ച് നിലത്തിടുകയും ചെയ്തിരുന്നു. അതേ സമയം ലെഗ് സ്റ്റംപ് ലൈനിനു പുറത്തു പിച്ച് ചെയ്ത മറ്റൊരു ബോളിലാകട്ടെ, ‘അനാവശ്യ’ റിവ്യുവിനു പോകുകയും ചെയ്തു. ഡൽഹിയുടെ ഏറ്റവും നിർണായകമായ മത്സരത്തിൽ ഇത്രയേറെ പിഴവുകൾ വരുത്തിയ ക്യാപ്റ്റനെ ആരാധകര്‍ വെറുതേ വിടുമോ? പന്തിന്റെ പക്വതയില്ലായ്മയ്ക്കുനേരെയാണ് മത്സരത്തിലെ തോൽവിക്കു പിന്നാലെ ആരാധകർ വീണ്ടും ചോദ്യം ഉയർത്തുന്നത്. 

എന്നാൽ ടിം ഡേവിഡിനെതിരെ ഡിആർഎസിനു പോകാതിരുന്നത് ടീം അംഗങ്ങൾ നിരുത്സാഹപ്പെടുത്തിയതുകൊണ്ടാണെന്നു മത്സരശേഷം പന്ത് പ്രതികരിച്ചിരുന്നു. ‘ബോള്‍ ടിം ഡേവിഡിന്റെ ബാറ്റിൽ ഉരസിയിരുന്നിരിക്കാം എന്നാണു ഞാൻ കരുതിയത്. പക്ഷേ, സർക്കിളിനുള്ളിൽ ഫീൽഡ് ചെയ്തിരുന്ന ആർക്കും അങ്ങനെ തോന്നിയിരുന്നില്ല. അതാണു ഞാൻ റിവ്യുവിനു പോകാതിരുന്നത്’– മത്സരശേഷമുള്ള പന്തിന്റെ വാക്കുകൾ ഇങ്ങനെ.‍

എന്നാൽ റിവ്യു എടുക്കാൻ തയാറാകാതിരുന്ന ക്യാപ്റ്റൻ തന്നെ അതിന്റെ ‘പഴി’ ടീം അംഗങ്ങളുടെ ‘തലയിൽ കെട്ടിവച്ച’ പ്രവണത തെറ്റാണെന്നും പന്ത് പറഞ്ഞത് കള്ളമാണെന്നും ആരോപിച്ച് അധികം വൈകാതെ തന്നെ ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി.

ടിം ഡേവിഡ് പന്തിൽ ബാറ്റുവച്ചു എന്ന് ഉറപ്പുള്ള വിധം, ഡൽഹി ബാറ്റർ സർഫ്രാസ് ഖാൻ ഋഷഭ് പന്തിന്റെ അടുത്തെത്തി സംസാരിക്കുന്നതും റിവ്യു എടുക്കാൻ പന്തിനോട് അവശ്യപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള വിഡിയോയും ആരാധകർ പങ്കുവച്ചു. സർഫ്രാസിന്റെ വാക്കുകൾ കണക്കിലെടുക്കാത്ത പന്ത് റിവ്യു എടുക്കാൻ തയാറാകാതിരിക്കുന്നതും റിവ്യുവിൽ കാണാം. 

അതേ സമയം ഇരുവരും തമ്മിലുണ്ടായ സംഭാഷണം എന്താണെന്നു കേൾക്കാനാകാത്ത സാഹചര്യത്തിൽ പന്തിന്റെ വാദം തെറ്റാനോ അതോ ശരിയാണോ എന്നു പൂർണമായി തെളിയിക്കാൻ സാധിക്കില്ല. എന്നാൽ പന്തിന്റെ ശരീരഭാഷയാണ് ഇവിടെ ചോദ്യചിഹ്നം ഉയർത്തുന്നത്.

ബോൾ ബാറ്റിൽ തട്ടുന്ന ശബ്ദം കേട്ടിരുന്നെങ്കിൽ ഋഷഭ് പന്ത് തന്നെ ആയിരുന്നില്ലേ റിവ്യുവിനു പോകേണ്ടിയിരുന്നത്? മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ അർധാവസരങ്ങൾ പോലും വിനിയോഗിക്കുക എന്നതു ക്യാപ്റ്റന്റെ കടമയല്ലേ? നിർണായക തീരുമാനം പിഴച്ചതിൽ ടീം അംഗങ്ങളെ പഴി ചാരുന്നതു ക്യാപ്റ്റനു ചേർന്നതാണോ? ഈ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരമില്ല. 

  

English Summary: Rishabh Pant is lying? Twitter user says DC captain wrongly blaming teammates over DRS disaster

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com