ADVERTISEMENT

കൊൽക്കത്ത∙ അവസരോചിത ബാറ്റിങ്ങുമായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (40 നോട്ടൗട്ട്) ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറും (68 നോട്ടൗട്ട്) തിളങ്ങിയപ്പോൾ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് ഏഴ് വിക്കറ്റ് വിജയം സ്വന്തമാക്കി. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ടൈറ്റൻസ് സ്ഥാനമുറപ്പിച്ചു. 

സ്കോർ: രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 6 വിക്കറ്റിന് 188 റൺസ്;ഗുജറാത്ത് ടൈറ്റൻസ് 19.3 ഓവറിൽ 3 വിക്കറ്റിന് 191 റൺസ് 

189 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് പേസർ ട്രെന്റ് ബോൾട്ട് ആദ്യ ഓവറിൽ തന്നെ പ്രഹരമേൽപ്പിച്ചു. മികച്ച ഫോമിലായിരുന്ന ഓപ്പണർ വൃദ്ധിമാൻ സാഹ (0) രണ്ടാം പന്തിൽ പുറത്ത്. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മാത്യു വെയ്‌ഡും ശുഭ്മൻ ഗില്ലും ചേർന്ന് ഗുജറാത്ത് സ്‌കോർ ഉയർത്തി. എന്നാൽ അപ്രതീക്ഷിതമായ റണ്ണൗട്ടിലൂടെ ഗിൽ (35) പുറത്തായി. അധികം താമസിയാതെ മാത്യു വെയ്‌ഡും (35) കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായി. എന്നാൽ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ ഒരറ്റത്ത് പൊരുതിനിന്നു. ഇതോടെ റൺനിരക്ക് കൂടാതെ സൂക്ഷിക്കാൻ ഗുജറാത്ത് ടീമിന് സാധിച്ചു. 

മത്സരം അവസാന ആറോവറിൽ ഏഴ് വിക്കറ്റ് ശേഷിക്കെ 60 റൺസ് ലക്ഷ്യം എന്ന നിലയിലെത്തി. പതിയെ തുടങ്ങിയ ഡേവിഡ് മില്ലറും താളം കണ്ടെത്തി. ഇതോടെ മത്സരം ഗുജറാത്തിന് അനുകൂലമായി. ഇരുവരും രാജസ്ഥാൻ ബോളർമാരെ കടന്നാക്രമിച്ചു. പ്രസിദ്ധ് കൃഷ്‌ണയുടെ  അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്നു. ആദ്യ മൂന്നു  പന്തുകൾ സിക്സർ പറത്തി മില്ലർ വിജയലക്ഷ്യം ഗുജറാത്തിന്റെ കൈപ്പിടിയിലൊതുക്കി. 

jos-buttler
ഗുജറാത്ത് ടൈറ്റൻസിനെതിരെ ജോസ് ബട്‍ലറിന്റെ ബാറ്റിംഗ്. ചിത്രം:ട്വിറ്റർ/ഐപിഎൽ

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 6 വിക്കറ്റിന് 188 റൺസെടുത്തു. അർധസെഞ്ചുറിയുമായി ജോസ് ബട്‌ലറും (89) ആക്രമണ ഇന്നിങ്‌സുമായി സഞ്ജു സാംസണും (47) രാജസ്ഥാൻ സ്കോറിങ്ങിന് കരൂത്ത് പകർന്നു.   

മുഹമ്മദ് ഷമിയുടെ ആദ്യ ഓവറിൽ രണ്ട് ഫോറുകൾ പായിച്ച് ജോസ് ബട്‌ലർ രാജസ്ഥാൻ നയം വ്യക്തമാക്കി. അടുത്ത ഓവറിൽ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ (3) നഷ്ടമായെങ്കിലും പിന്നീടെത്തിയ സഞ്ജു സാംസൺ അടിച്ചുതകർക്കാനുള്ള പദ്ധതിയോടെയാണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്ത് സിക്‌സർ പറത്തിയാണ് സഞ്ജു തുടങ്ങിയത്. ഗുജറാത്ത് ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച് പവർപ്ലേ ഓവറുകളിൽ സഞ്ജു അക്ഷരാർഥത്തിൽ ആറാടി. പവർപ്ലേ അവസാനിക്കുമ്പോൾ 13 പന്തിൽ 30 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

sanju-samson
സഞ്ജു സാംസൺ. ചിത്രം: ട്വിറ്റർ/ ഐപിഎൽ

എന്നാൽ പവർപ്ലേയ്ക്ക് ശേഷം റൺസ് കണ്ടെത്താൻ രാജസ്ഥാൻ പാടെ ബുദ്ധിമുട്ടി. റൺസ് തേടിയുള്ള ശ്രമത്തിൽ സഞ്ജു (47) പുറത്തായി. 26 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സറുകളും ഉൾപ്പെടെയാണ് സഞ്ജു ടീം ഇന്ത്യയിൽ സ്ഥാനം കിട്ടാതെപോയ നിരാശ ബാറ്റ് കൊണ്ട് തീർത്തത്. നാലാമതെത്തിയ ദേവദത്ത് പടിക്കൽ സിക്സടിച്ചു ഇന്നിങ്‌സ് തുടങ്ങി. മധ്യ ഓവറുകളിൽ നിയന്ത്രണത്തോടെ പന്തെറിഞ്ഞ റാഷിദ് ഖാൻ രാജസ്ഥാൻ ബാറ്റർമാർക്ക് വെല്ലുവിളിയായി. ഇതിനിടെ സായി കിഷോറിന്റെ ഓവറിൽ 18 റൺസ് വാരിക്കൂട്ടി പടിക്കൽ (28) രാജസ്ഥാൻ ടോട്ടൽ ഉയർത്തിയെങ്കിലും അടുത്ത ഓവറിൽ തന്നെ ഹാർദിക് പാണ്ഡ്യയ്ക്ക് ഇരയായി മടങ്ങി.    

പിച്ചിന്റെ വേഗവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടിയ ബട്‌ലർ ഒരറ്റത്തു പിടിച്ചുനിൽക്കാൻ ശ്രമിച്ചു. പതിവിന് വിപരീതമായി താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ബട്‌ലർ അവസാന ഓവറുകളിൽ സ്വതസിദ്ധമായ ആക്രമണശൈലിയിൽ ബാറ്റ് ചെയ്‌തു. ഗുജറാത്ത് ഫീൽഡർമാർ പിഴവുകൾ വരുത്തിയതും ബട്‌ലറിന് നേട്ടമായി. അവസാന 3 ഓവറുകളിൽ ബട്‌ലർ കത്തിക്കയറുന്ന കാഴ്‌ചയാണ്‌ ഈഡൻ ഗാർഡൻസിൽ കാണാനായത്. ഇതോടെ രാജസ്ഥാൻ മികച്ച ടോട്ടൽ പടുതുയർത്തി. നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയ റാഷിദ് ഖാന്റെ ബോളിങ് പ്രകടനവും ശ്രദ്ധേയമായി. 

ടീം: രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, ജോസ് ബട്‍ലർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ദേവ്ദത്ത് പടിക്കൽ, ഷിംറോൺ ഹെറ്റ്മെയർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചെഹൽ, ഓബദ് മക്കോയ്.

ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മൻ ഗിൽ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), മാത്യു വെയ്ഡ്, ഡേവിഡ് മില്ലർ, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, യഷ് ദയാൽ, അൽസാരി ജോസഫ്, സായ് കിഷോർ, മുഹമ്മദ് ഷമി.               

English Summary: IPL Playoffs; Qualifier-1- GT vs RR live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com