ADVERTISEMENT

കൊൽക്കത്ത∙ ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് ഏറ്റ തോൽവിക്കു പിന്നാലെ ടീമിലെ ബാറ്റർമാർക്കും ബോളർമാർക്കും പിന്തുണയുമായി രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങേണ്ടിവന്ന രാജസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എടുത്തെങ്കിലും ഡേവിഡ് മില്ലറുടെ ബാറ്റിങ് മികവിൽ അവസാന ഓവറിൽ ഗുജറാത്ത് ടൈറ്റൻസ് വിജയലക്ഷ്യം മറികടന്നിരുന്നു.

മത്സരം തുടങ്ങുന്നതിനു മുൻപുതന്നെ ഐപിഎൽ സീസണിൽ ഏറ്റവും അധികം ടോസ് നഷ്ടമാക്കിയ ക്യാപ്റ്റൻ എന്ന ‘മോശം’ റെക്കോർഡ് സഞ്ജു സ്വന്തമാക്കിയിരുന്നു. സീസണിലെ 15 മത്സരങ്ങളിൽ 13–ാം തവണയാണു സഞ്ജുവിനു ടോസ് നഷ്ടമായത്. 2012 സീസണിൽ 12 മത്സരങ്ങളിൽ ടോസ് നഷ്ടമാക്കിയ ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ പേരിലായിരുന്നു മുൻപ്‌ ഈ റെക്കോർഡ്.

തോൽവിയിലെ നിരാശ മറച്ചുവച്ചില്ലെങ്കിലും ശുഭാപ്തി വിശ്വാസം കൈവിടാതെയാണു മത്സരത്തിനു ശേഷം സഞ്ജു പ്രതികരിച്ചത്. ‘വിക്കറ്റിന്റെ വേഗം രണ്ടു തരത്തിലായിരുന്നു. ബൗണ്‍സ് പല തരത്തിലും. ആദ്യ പന്ത് മുതൽ തകർത്തടിക്കാനായിരുന്നു എന്റെ തീരുമാനം. ഭാഗ്യം കൂടി എനിക്കൊപ്പം ആയതിനാൽ പവർപ്ലേ ഓവറുകളിൽ കുറച്ചു റൺസ് നേടാനായി. ഈ വിക്കറ്റിൽ ബാറ്റിങ് ദുഷ്കരം ആയിരുന്നു. എങ്കിലും മികച്ച രീതിയിൽ ഇന്നിങ്സ് അവസാനിപ്പിക്കാനായി. 

പ്രതികൂല സാഹചര്യങ്ങളിൽ, മികച്ച ബോളിങ് ലൈനപ്പുള്ള ഗുജറാത്തിനെതിരെ ഈ വിക്കറ്റിൽ ഈ ടോട്ടൽ നേടാനായത് ബാറ്റർമാരുടെ ഉജ്വല പ്രകടനംകൊണ്ടു മാത്രമാണ്.   

ഞങ്ങൾ നന്നായാണു കളിച്ചത്. ടീമിലെ 5 ബോളര്‍മാരും ടൂർണമെന്റിലെ ഞങ്ങളുടെ പ്രധാന ബോളർമാർ ആയിരുന്നു. പരമ്പരയിൽ ഉടനീളം അവർ മികച്ച പ്രകടനമാണു കാഴ്ചവച്ചതും. ടീമിലെ റിയാൻ പരാഗിന്റെ സാന്നിധ്യം സഹായകമാണ്. പക്ഷേ 2–ാം ഇന്നിങ്സിൽ ബാറ്റിങ് അൽപം കൂടി എളുപ്പമായി. പന്തു നന്നായി ബാറ്റിലേക്ക് എത്തുന്നുണ്ടായിരുന്നു. പരമ്പരയിൽ ഉടനീളം നല്ല പ്രകടനമാണു ഞങ്ങൾ പുറത്തെടുത്തത്. അവിടെയും ഇവിടെയും ചില ഓവറുകൾ പിഴച്ചു. കുറച്ചു റൺസ് അനാവശ്യമായി വഴങ്ങി, ചില ഓവറുകളിൽ ബോളർമാർക്കു താളം നഷ്ടമായി, പക്ഷേ തിരിച്ചുവരാനും കൂടുതൽ നന്നായി കളിക്കാനും തുടർന്നും ശ്രമിക്കും. 

നിർണായക മത്സരത്തിലെ ടോസ് നഷ്ടത്തെക്കുറിച്ചുള്ള സഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ,– ‘ട്വന്റി20യിൽ ഭാഗ്യത്തിനു വലിയ പങ്കുണ്ട്. അതു നമ്മുടെ കയ്യിലയ്യല്ലോ. അപ്പോൾ നമ്മുടെ കയ്യിലുള്ളതുവച്ചു കളി ജയിക്കാൻ ശ്രമിക്കേണ്ടിവരും. അടുത്ത കളിയിൽ നല്ല ഫലം പ്രതീക്ഷിക്കുന്നു’. അഹമ്മദാബാദിൽ വെള്ളിയാഴ്ച നടക്കുന്ന 2–ാം ക്വാളിഫയർ മത്സരത്തിലാണ് രാജസ്ഥാൻ റോയൽസ് ഇനി മത്സരിക്കുക. 

 

English Summary: Sanju Samsons reponse after loss against Gujarat Titans in Qualifier-1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com