ADVERTISEMENT

അഹമ്മദാബാദ്∙ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെതിരായ കിടിലൻ ജയത്തിനു പിന്നാലെ യുസ്‌വേന്ദ്ര ചെഹലിന്റെ ട്രേഡ് മാർക്ക് ആഘോഷപ്രകടനം പുനരാവിഷ്കരിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന്‍ സഞ്ജു സാംസൺ, ജോസ് ബടലർ എന്നിവർ.

ഗ്രൂപ്പ് ഘട്ടത്തിൽ‌ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഹാട്രിക് നേട്ടം, ഗ്രൗണ്ടിലിരുന്നു ‘റിലാക്സ്’ ചെയ്യുന്ന തരത്തിലുള്ള ആഘോഷപ്രകടനത്തോടെയാണു ചെഹൽ ആഘോഷിച്ചത്. 2019ലെ ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിലെ റിസർവ് താരമായിരിക്കെ ബൗണ്ടറി ലൈനിൽ ഇത്തരത്തിലുള്ള പോസിൽ ‘റിലാക്സ്’ ചെയ്യുന്ന ചെഹലിന്റെ ചിത്രം ആരാധകരും ട്രോളൻമാരും നേരത്തെ ഏറ്റെടുത്തിരുന്നു. കൊൽക്കത്തയ്ക്കെതിരായ ഹാട്രിക്കിനു ശേഷം ചെഹലിന്റെ ഇതേ പോസിന്റെ പുനരാവിഷ്കാരം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

‘ജോസ് ഭായ് എന്തു തോന്നുന്നു’? സഞ്ജു സാംസണും ജോസ് ബട്‌ലറും ഗ്രൗണ്ടിൽ കിടന്നുകൊണ്ടു സംസാരിക്കുന്ന തരത്തിൽ തയാറാക്കിയിരിക്കുന്ന വിഡിയോയിൽ സഞ്ജു ബട്‌ലറോട് ചോദിക്കുന്നു.‌ ‘വളരെ ക്ഷീണം തോന്നുന്നു. അതാണല്ലോ ഇപ്പോൾ നമ്മൾ നിലത്തു കിടക്കുന്നത്. എന്തായാലും നമുക്ക് ജയിക്കാനായല്ലോ. ഒടുവിൽ നമുക്കും ടോസ് കിട്ടി.

ഇന്നത്തെ ജയത്തിൽ നിർണായകമായത് അതാണെന്നു തോന്നുന്നു’. അടുത്തതായി സഞ്ജുവിനോടു ബട്‌ലറുടെ ചോദ്യം, ‘ഈ സീസണിൽ ടീമിനെ നയിക്കുന്നത് ആസ്വദിച്ചിരുന്നോ’? ‘ടീം അംഗങ്ങളെ കൂടുതൽ മനസ്സിലാക്കാനാണു ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ ഞാൻ ശ്രമിച്ചത്’– സഞ്ജുവിന്റെ മറുപടി.    

‘റോയൽസിന്റെ ആദ്യത്തെ താരമായ ഷെയ്ൻ വോണ്‍ ഇന്നു നമുക്കൊപ്പമില്ല. പക്ഷേ അദ്ദേഹത്തിന്റെ പൈതൃകം ഇപ്പോഴും ടീമിനൊപ്പം ഉണ്ടെന്നു തോന്നുന്നു അല്ലേ’– ബട്‌ലറുടെ ചോദ്യം. ‘നിശ്ചയമായും. തുടക്കം മുതലേ ഈ ടൂർണമെന്റ് ഷെയ്ൻ വോണിനായുള്ളതാണ്. അദ്ദേഹത്തിനായി കിരീടം നേടുക എന്നതിൽ ഒരേയൊരു ചുവടു മാത്രം അകലെയാണു നമ്മൾ. ഐപിഎൽ ഫൈനലിൽ ഇടംപിടിക്കുക എന്നതുതന്നെ വലിയ കാര്യമാണ്. അതേക്കുറിച്ചു ഞാൻ കൂടുതൽ സംസാരിക്കുന്നുമില്ല. പക്ഷേ, ഷെയ്ൻ വോണിനായി ഏറെ പ്രത്യേകത നിറഞ്ഞ നേട്ടം കൈവരിക്കുന്നതിൽ ഒരു ചുവടു മാത്രം അകലെയാണു നമ്മൾ’ വിഡിയോയിലെ സഞ്ജുവിന്റെ വാക്കുകൾ. ഐപിഎൽ ഔദ്യോഗിക വെബ്സൈറ്റിനായാണു വിഡിയോ തയാറാക്കിയിരിക്കുന്നത്. 

 

English Summary: IPL 2022: Jos Buttler, Sanju Samson Recreate Yuzvendra Chahal’s Viral Meme Pose After Win Against RCB, Watch Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com