ADVERTISEMENT

ഐപിഎലിൽ രാജസ്ഥാൻ കപ്പടിക്കാൻ കാത്തിരിക്കുന്ന എല്ലാ ‘സഞ്ജു ആരാധകർക്കും’ വേണ്ടി സംവിധായകൻ ബേസിൽ ജോസഫ് എഴുതുന്നു.

2008ൽ കപ്പടിച്ച ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനലിൽ എത്തുന്നത്. അതിന്റെ സന്തോഷമുണ്ട്. ആ ടീമിന്റെ ക്യാപ്റ്റൻ ഒരു മലയാളി, നമ്മുടെ പ്രിയപ്പെട്ട സഞ്ജു കൂടിയാകുമ്പോൾ സന്തോഷം സിക്സറടിക്കും. 

ഞാൻ പണ്ടു തൊട്ടേ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആരാധകനാണ്. ഇപ്പോൾ സഞ്ജു ഉള്ളതു കൊണ്ടാണ് രാജസ്ഥാനെ പിന്തുണയ്ക്കുന്നത്. എന്നെപ്പോലെ മറ്റു ടീമുകളുടെ ആരാധകരായ മലയാളികൾ എല്ലാം ഇന്ന് രാജസ്ഥാന്റെ കൂടെയായിരിക്കും. അതിന്റെ ഒരേയൊരു കാരണം സഞ്ജുവാണ്. പല അഭിമുഖങ്ങളിലും സഞ്ജു പറഞ്ഞതുപോലെ, വേറെ പല ടീമുകളിൽ നിന്ന് ഓഫർ വന്നെങ്കിലും രാജസ്ഥാന്റെ കൂടെ നിന്ന് രാജസ്ഥാനു വേണ്ടി ‘കപ്പെടുക്കുക’ എന്നതാണ് സജ്ഞുവിന്റെ ആഗ്രഹം. അതു നടക്കട്ടെ. കപ്പടിക്കൂ, സഞ്ജൂ...

ആദ്യ ക്വാളിഫയറിൽ തോറ്റെങ്കിലും പ്ലേഓഫിലെ രണ്ടു മത്സരങ്ങളിലും രാജസ്ഥാൻ നല്ല പ്രകടനമാണ് കാഴ്ചവച്ചത്. ബോളർമാർ ഒക്കെ നല്ല ഫോമിലാണ്. പിന്നെ ജോസേട്ടൻ (ജോസ് ബട്‌ലർ) ഫോമിലേക്ക് തിരിച്ചെത്തിയത് ആത്മവിശ്വാസം നൽകുന്നു. പ്ലേ ഓഫിൽ ഗുജറാത്തിനെതിരെ സഞ്ജു നന്നായി ബാറ്റ് ചെയ്തു. കുറെ നേരം നിന്ന് റൺസ് നേടുന്നതിൽ ഉപരി ടീമിന് ഉപകാരപ്പെടുന്ന കുറച്ചു റൺസ് പെട്ടെന്നു സ്കോർ ചെയ്യുക എന്നതാണ് സഞ്ജുവിന്റെ രീതി. ഗുജറാത്തിനെതിരെ അതു നമ്മൾ കണ്ടതാണ്. 

സീസണിനിടയ്ക്ക് കുഞ്ഞിന്റെ ജനനം പ്രമാണിച്ച് ഷിമ്രോൺ ഹെറ്റ്മെയർ വീട്ടിൽ പോയപ്പോൾ ടെൻഷൻ ആയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് സമാധാനമായത്. ബോളിങ്ങിൽ ഒബെദ് മക്കോയ് എന്ന വെസ്റ്റ് ഇൻഡീസ് താരത്തിന് കൂടുതൽ അവസരങ്ങൾ നൽകി, ബോളിങ് നിരയുടെ നട്ടെല്ലായി മാറ്റിയെടുക്കാൻ സാധിച്ചതും സഞ്ജുവിന്റെ ക്യാപ്റ്റൻസിയുടെ മികവാണ്. 

ബാംഗ്ലൂരിനെതിരായ കളിയിൽ മാക്സ്‌വെലിന്റെ വിക്കറ്റെടുക്കാൻ ട്രെന്റ് ബോൾ‌ട്ടിനെ കൃത്യസമയത്ത് എത്തിച്ചതും 18–ാം ഓവറിൽ ദിനേശ് കാർത്തിക് ബാറ്റ് ചെയ്യുമ്പോൾ സ്ലിപ്പിൽ ഫീൽഡറെ വയ്ക്കാൻ ധൈര്യം കാണിച്ചതുമെല്ലാം സഞ്ജു എന്ന ക്യാപ്റ്റന്റെ വളർച്ചയും പക്വതയുമാണ് കാണിക്കുന്നത്. 

ഗുജറാത്തും നല്ല ഫോമിലാണ് കളിക്കുന്നത്. എങ്കിലും അവരോട് പൊരുതി ജയിക്കാനുള്ള ടീം രാജസ്ഥാനുണ്ട്. എല്ലാ മത്സരങ്ങളും കഴിയുമ്പോൾ സഞ്ജുവിനെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാറുണ്ട്. ഒരു കളി നേരിട്ടു കാണാനും സാധിച്ചു. സഞ്ജു വളരെ കൂളാണ്. ധോണിയുടെ ആരാധകനായതു കൊണ്ടായിരിക്കാം. 

ഞാൻ ഇപ്പോൾ കൊല്ലത്ത് ഷൂട്ടിങ്ങിലാണ്. എങ്ങനെയെങ്കിലും വൈകിട്ട് ഏഴിനു മുൻപ് ഷൂട്ട് തീർത്ത് മത്സരം കാണണം. ഒരു മത്സരം നേരിട്ട് കണ്ടതോടെ ഭാര്യ എലിസബത്തും വലിയ രാജസ്ഥാൻ ഫാൻ ആയി. ഞങ്ങൾ ഇപ്പോൾ ഒരുമിച്ചാണ് മത്സരങ്ങൾ കാണാറ്. ഇന്നു ഫൈനലിൽ സഞ്ജുവിനും രാജസ്ഥാനും വേണ്ടി റൂമിലിരുന്നാണെങ്കിലും ആർപ്പു വിളിക്കാൻ ഞങ്ങൾ രണ്ടുപേരും ഉണ്ടാകും.

English Summary: Malayalam director Basil Joseph cheers for Rajasthan Royals in IPL final

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com