‘എന്റെ പ്രസംഗത്തിനിടെ ഭക്ഷണം കഴിക്കുന്ന ഹെറ്റിക്കും നന്ദി’; ട്രോളി സഞ്ജു, കൂട്ടച്ചിരി!

sanju-hetmyer
(ചിത്രം– ട്വിറ്റർ)
SHARE

അഹമ്മദാബാദ്∙ ഐപിഎൽ സീസൺ അവസാനിച്ചതിനു പിന്നാലെ, രാജസ്ഥാന്‍ ക്യാംപിൽനിന്ന് മറ്റു ഫ്രാഞ്ചൈസികളുടെ ക്യാംപുകളിലേക്കും ദേശീയ ടീമുകളിലേക്കും ചേക്കേറാനൊരുങ്ങി നിൽക്കുന്ന സഹതാരങ്ങൾക്കായുള്ള ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ‘വിടവാങ്ങൽ’ പ്രസംഗത്തിൽ, വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മയർക്കു ട്രോൾ.  

ഐപിഎൽ സീസണിലെ പ്രകടനത്തിനു രാജസ്ഥാൻ റോയൽസ് കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും സഞ്ജു നന്ദി പറയുന്ന വിഡിയോ രാജസ്ഥാൻ റോയൽസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. അതിലാണു രസകരമായ സംഭവങ്ങളുള്ളത്. 

‘ടീമിലെ എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയിൽ, നന്ദി അർപിക്കുന്നു. നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ എന്നെ വിശ്വസിച്ച എല്ലാവർക്കും നന്ദി. എന്റെ ചില തീരുമാനങ്ങൾ മികച്ചതായിരുന്നെന്നും അതേ സമയം ചില തീരുമാനങ്ങൾ മോശമായിരുന്നെന്നും അറിയാം. കുമാർ സംഗക്കാരയ്ക്കു പ്രത്യേക നന്ദി. എന്നെ ഒരു നല്ല നേതാവായി വളർത്തിയെടുത്തതിൽ സംഗക്കാരയ്ക്കു വലിയ പങ്കുണ്ട്. ഉയർച്ച താഴ്ചകളിലെ സംഗക്കാരയുടെ ആശയവിനിമയം പ്രത്യേകം എടുത്തു പറയേണ്ടതാണ്.

ഈ സീസണിൽ നമുക്ക് ഒരുപാട് നല്ല ഓർമകൾ ഉണ്ട്.  കഴിഞ്ഞ സീസണിൽ നമ്മൾ 7–ാം സ്ഥാനത്തിനായും 8–ാം സ്ഥാനത്തിനായും പോരാടുകയായിരുന്നു എന്നു മറക്കരുത്. അവിടെനിന്ന് അവിശ്വസനീയമായ പുരോഗതിയാണു നാം കൈവരിച്ചത്. അതിനായി പ്രയത്നിച്ച എല്ലാ ആളുകളെയും സപ്പോർട്ട് സ്റ്റാഫിനെയും ടീം അംഗങ്ങളെയും സ്നേഹത്തോടെ ഓർക്കുന്നു’– സഞ്ജുവിന്റെ വാക്കുകള്‍.

അതിനുശേഷം തൊട്ടപ്പുറത്തെ മേശയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഹെറ്റ്മയറെ നോക്കിക്കൊണ്ട് സഞ്ജു പറഞ്ഞതിങ്ങനെ, ‘ഞാൻ വളരെ മികച്ച ഒരു പ്രസംഗം നടത്തുന്നതിനിടെയും അത്താഴം കഴിക്കുന്ന ഹെറ്റിക്കും നന്ദി’. സഞ്ജുവിന്റെ ഈ വാക്കുകൾക്കു പിന്നാലെ സഹതാരങ്ങൾ പൊട്ടിച്ചിരിക്കുമ്പോൾ ഹെറ്റ്മയർ മാത്രം നിസ്സംഗ ഭാവത്തിൽ എല്ലാവരെയും തുറിച്ചു നോക്കുന്നതും കാണാം. ജോസ് ബട്‌ലർ ഉൾപ്പെടെയുള്ള താരങ്ങളെ പേരെടുത്തു പറഞ്ഞാണ് സഞ്ജു പ്രസംഗം അവസാനിപ്പിക്കുന്നത്. 

English Summary: Watch: Shimron Hetmyer's Priceless Reaction To Sanju Samson Poking Fun At Him During "Great Speech"

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA