ADVERTISEMENT

ലണ്ടൻ∙ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടുമായി ഭിന്നതകളുണ്ടെന്ന് ആരോപിക്കുന്നതായുള്ള റിപ്പോർട്ടുകൾ തള്ളി ഇംഗ്ലിഷ് പേസർ സ്റ്റുവർട്ട് ബ്രോഡ്. താനും റൂട്ടും തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളില്ലെന്നും റൂട്ട് ഇപ്പോൾത്തന്നെ ഇതിഹാസ താരമാണെന്നും ബ്രോഡ് പറഞ്ഞു.

വിൻഡീസ് പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽനിന്ന് സീനിയർ താരങ്ങളായ ജയിംസ് ആൻഡേഴ്സൻ, ബ്രോഡ് എന്നിവർ ഒഴിവാക്കപ്പെട്ടതിനു പിന്നാലെയാണ് ബ്രോഡും അന്നു ക്യാപ്റ്റനായിരുന്ന റൂട്ടും തമ്മിൽ ഭിന്നതകളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചത്. 

‘ക്യാപ്റ്റനായിരുന്ന സമയത്ത് റൂട്ടുമായി ദീർഘ സംഭാഷണത്തിൽ ഏർപ്പെടാറുണ്ടായിരുന്നു ഞാൻ. ക്യാപ്റ്റൻ എന്ന നിലയിൽ റൂട്ടിനെ ഞാൻ എത്രമാത്രം ബഹുമാനിക്കുന്നുണ്ടെന്നും റൂട്ടിനു കീഴിൽ കളിക്കാനാകുന്നതു തന്നെ വലിയ അംഗീകാരമാണെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. റൂട്ടിനോടു ഞാൻ പറഞ്ഞു, അടുത്ത ഏതാനും വർഷങ്ങൾ കൂടി ക്രിക്കറ്റ് ആസ്വദിച്ചു കളിക്കണമെന്ന്, കാരണം റൂട്ട് ഇപ്പോൾത്തന്നെ ഇതിഹാസമാണ്. 

ഞാനും ജോയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ടീമിലെടുക്കാഞ്ഞതിനെച്ചൊല്ലി ആരുമായും തെറ്റിപ്പിരിയുന്ന സ്വഭാവക്കാരനല്ല ഞാൻ. അങ്ങനെ ചെയ്താൽ അതു ദയനീയമായിപ്പോകും’– ബ്രോഡ് മാധ്യമ പ്രവർത്തകരോടു പ്രതികരിച്ചു. 

ജോ റൂട്ട് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ബെൻ സ്റ്റോക്സ് ടെസ്റ്റ് ടീം നായക സ്ഥാനം ഏറ്റെടുത്തതോടെ, ഇംഗ്ലണ്ട് ടീമിലേക്കു മാത്രമല്ല, പ്ലേയിങ് ഇലവനിലേക്കു വരെ ആൻഡേഴ്സനും ബ്രോഡും മടങ്ങിയെത്തി. ന്യൂസീലൻഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 4 വിക്കറ്റാണു ബ്രോഡ് വീഴ്ത്തിയത്. രണ്ടാം ഇന്നിങ്സിൽ ഒരു ഓവറിൽ ബ്രോഡ് വീഴ്ത്തിയ 2 വിക്കറ്റുകളാണ് മത്സരം ഇംഗ്ലണ്ടിന് അനുകൂലമായി തിരിച്ചത്.

‘ഇനി ഇംഗ്ലണ്ട് ജഴ്സി അണിയാനാകുമോയെന്നാണു സീസണിന്റെ തുടക്കത്തിൽ ഞാൻ കരുതിയിരുന്നത്. ടീമിന്റെ ഭാഗമായതിൽ ഞാൻ ഏറ്റവും അധികം സന്തോഷിച്ച ചില ആഴ്ചകളാണു കടന്നുപോയത്’– ബ്രോഡ് പറഞ്ഞു. ഇംഗ്ലണ്ട്– ന്യൂസീലൻഡ് പരമ്പരയിലെ 2–ാം ടെസ്റ്റിനു വെള്ളിയാഴ്ച ട്രെന്റ്ബ്രിജിൽ തുടക്കമാകും. 

 

English Summary: 'Can't fall out with someone because they don't pick me. That'd be pathetic': Stuart Broad on relation with Joe Root

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com