ADVERTISEMENT

ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഏഴു വിക്കറ്റിനു പരാജയപ്പെട്ടെങ്കിലും ഐപിഎലിലെ പാളിച്ചകൾ തിരുത്തി ഓപ്പണിങ് സ്ഥാനത്ത് മിന്നിയ ഇഷാൻ കിഷനാണ് ഇന്ത്യയ്ക്കു കിട്ടിയ ‘ബോണസ്’. 48 പന്തിൽ 76 റൺസാണ് അരു‍ൺ ജയ്‌റ്റ്ലി സ്റ്റേഡിയത്തിൽ ഇഷാൻ അടിച്ചുകൂട്ടിയത്.

ഓപ്പണർമാരായ ഇഷാനും ഋതുരാജ് ഗെയ്‌ക്‌വാദും ചേർന്നു മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു നൽകിയത്. 6.2 ഓവറിൽ വെയ്ൻ പാർണലിന്റെ പന്തിൽ ബാവുമ പിടിച്ച് ഗെയ്ക്‌വാദ് (23) പുറത്താകുമ്പോൾ ഇന്ത്യ ഒന്നിന് 57. ശ്രേയസ് അയ്യർ കൂട്ടായി എത്തിയതോടെ ഇഷാൻ അടി തുടങ്ങി. 11 ഫോറും 3 സിക്സറും അടങ്ങുന്നതാണ് ഇഷാന്റെ ഇന്നിങ്സ്. ഏറെ തല്ലു വാങ്ങിയ കേശവ് മഹാരാജ് തന്നെയാണ് ഒടുവിൽ ഇഷാനെ മടക്കിയത്.

സ്ഥിരം ഓപ്പണർമാരായ രോഹിത് ശർമയും കെ.എൽ.രാഹുലും തിരിച്ചെത്തുമ്പോൾ സ്ഥാനം നഷ്ടമായേക്കാവുന്ന ഇഷാൻ കിഷൻ നടത്തിയ പ്രകടനത്തെ ക്രിക്കറ്റ് ആരാധകർ വാനോളമാണ് പുകഴ്ത്തുന്നത്. മത്സരശേഷം മാധ്യമങ്ങളോടു സംസാരിച്ചപ്പോൾ ടീമിലെ തന്റെ സ്ഥാനത്തെക്കുറിച്ച് ഇഷാൻ കിഷൻ തന്നെ തുറന്നുപറയുകയും ചെയ്തു.

‘രോഹിത് ശർമയും കെ.എൽ. രാഹുലും ലോകോത്തര താരങ്ങളാണെന്ന് ഞാൻ കരുതുന്നു, അവർ ടീമിലുണ്ടാകുമ്പോൾ എന്റെ പിന്തുണ ആവശ്യം വന്നേക്കില്ല. അതിനാൽ പ്രാക്ടീസ് സെഷനിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നതാണ് എന്റെ ജോലി. അവസരം ലഭിക്കുമ്പോഴെല്ലാം, എനിക്ക് എന്നെത്തന്നെ തെളിയിക്കണം, അല്ലെങ്കിൽ ടീമിന് വേണ്ടി നന്നായി പ്രവർത്തിക്കണം.’– ഇഷാൻ പറഞ്ഞു.

രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച പരിചയസമ്പന്നരായ രോഹിത്, രാഹുൽ എന്നിവരെ ഒഴിവാക്കി തന്നെ ടീമിലെടുക്കാൻ താൻ ഒരിക്കലും ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെടില്ലെന്ന് ഇരുപത്തിമൂന്നുകാരനായ ജാർഖണ്ഡ് ക്രിക്കറ്റ് താരം പറഞ്ഞു.

‘അവർ ഒട്ടേറെ സംഭവനകൾ നൽകി. നമ്മുടെ രാജ്യത്തിനായി ഇത്രയധികം റൺസ് നേടി. അവരെ ഒഴിവാക്കി എന്നെ കളിപ്പിക്കണമെന്ന് ആവശ്യപ്പെടാൻ കഴിയില്ല. ഞാൻ എന്റെ കാര്യം ചെയ്യും. അവസരം ലഭിക്കുമ്പോഴെല്ലാം ഏറ്റവും മികച്ച പ്രകടനം നടത്തും. സെലക്ടർമാരോ കോച്ചോ ആണ് മറ്റു കാര്യങ്ങൾ തീരുമാനിക്കേണ്ടത്.‌’– ഇഷാൻ കിഷൻ വ്യക്തമാക്കി.

ആദ്യ മത്സരത്തിലെ തോൽവിയിൽ ബോളർമാരെ മാത്രം കുറ്റം പറയാൻ സാധിക്കില്ലെന്നും ഇഷാൻ കിഷൻ പറഞ്ഞു. സർവമേഖലകളിലും ടീം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. എവിടെയാണോ പിഴവ് സംഭവിച്ചത് അതു കൂട്ടായി പരിഹരിക്കണമെന്നും ഇഷാൻ പറഞ്ഞു.

English Summary: Can't ask them to drop Rohit Sharma or KL Rahul and prefer me as opener: Ishan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com