ADVERTISEMENT

ന്യൂഡൽഹി ∙ ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ അടുത്ത 5 വർഷത്തെ ടെലിവിഷൻ സംപ്രേഷണാവകാശം ഡിസ്നി സ്റ്റാറിനും (സ്റ്റാർ സ്പോർട്സ്) ഡിജിറ്റൽ സംപ്രേഷണാവകാശം റിലയൻസിന്റെ വയാകോം18 (വൂട്ട് ആപ്) കമ്പനിക്കുമെന്നു റിപ്പോർട്ട്. 2 ദിവസമായി തുടരുന്ന ലേലത്തിൽ 44,075 കോടി രൂപയ്ക്കാണ് ഐപിഎൽ മത്സരങ്ങളുടെ ഇന്ത്യയിലെ സംപ്രേഷണാവകാശം ബിസിസിഐ വിറ്റത്. ഇന്ത്യൻ കായികചരിത്രത്തിൽ ഇതു റെക്കോർഡാണ്.

ഇതിൽ ടിവിക്കു 23,575 കോടി രൂപയും ആപ് വഴിയുള്ള ‍ഡിജിറ്റൽ സംപ്രേഷണത്തിനു 20,500 കോടിയും ബിസിസിഐക്കു ലഭിക്കും. 5 വർഷക്കാലത്തിനിടെ ആകെ 410 ഐപിഎൽ മത്സരങ്ങളാണ് പ്രതീക്ഷിക്കുന്നത്. 2018ൽ ഒരു മത്സരത്തിനു 54.5 കോടി രൂപയായിരുന്നെങ്കിൽ പുതിയ ലേലത്തിൽ ഇത് 107.5 കോടിയായി വർധിച്ചു. 

ipl-broadccast-1248

ഇതോടെ അമേരിക്കയിലെ നാഷനൽ ഫുട്ബോൾ ലീഗ് (എൻഎഫ്എൽ) കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവുമധികം സംപ്രേഷണ മൂല്യമുള്ള മത്സരമായി ഐപിഎൽ മാറി. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിനെയും മേജർ ലീഗ് ബേസ്ബോളിനെയുമാണ് വെറും 15 വർഷം മാത്രം പഴക്കമുള്ള ഐപിഎൽ മറികടന്നത്.

ഒന്നിലധികം ഡിജിറ്റൽ മാധ്യമങ്ങൾക്കു സംപ്രേഷണാനുമതിയുള്ള 18 മത്സരങ്ങളുടെ ലേലം ഇന്നും തുടരും. 11 കോടി രൂപയായിരുന്നു ഒരു മത്സരത്തിന്റെ അടിസ്ഥാന വില. ഇന്നലെ വൈകിട്ടോടെ ഇത് 18.5 കോടി രൂപയായി ഉയർന്നു. ഇതുകൂടി കൂട്ടുമ്പോൾ സംപ്രേഷണാവകാശം വിൽക്കുന്നതു വഴി ബിസിസിഐക്കു ലഭിക്കുന്ന തുക 46,000 കോടി കടക്കും. രാജ്യത്തിനു പുറത്തുള്ള സംപ്രേഷണത്തിന്റെ ലേലവും ഇന്നു തുടരും. ഓസ്ട്രേലിയ, യൂറോപ്പ് സംപ്രേഷണാവകാശം വയാകോം വാങ്ങിയതായാണ് വിവരം.

ipl-broadccast-1248-1

വേ‍ർപിരിഞ്ഞ് ടിവിയും ഡിജിറ്റലും 

ഇന്ത്യയിലെ ഡിജിറ്റൽ– ടിവി സംപ്രേഷണത്തിനായി 2 വ്യത്യസ്ത കമ്പനികൾ വരുന്നത് ആദ്യമാണ്. 2008 മുതൽ 10 വർഷം സോണിക്കു ടെലിവിഷൻ അവകാശം മാത്രമാണുണ്ടായിരുന്നത്. 2018 മുതൽ 2022 വരെ ടിവി, ഡിജിറ്റൽ സംപ്രേഷണം ഒരുമിച്ചാണ് സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. ഇത്തവണ ഡിജിറ്റലിലും ടിവിയിലും രണ്ടു സംപ്രേഷണ കമ്പനികൾ വരുന്നതിലൂടെ മത്സരം കടുക്കും.  

2018ൽ ഡിജിറ്റൽ, ടിവി വിഭാഗത്തിൽ വ്യത്യസ്ത ലേലങ്ങൾ നടന്നെങ്കിലും സംയുക്ത ബിഡിൽ ടിവി, ഡിജിറ്റൽ അവകാശങ്ങൾ ഒന്നിച്ചു സ്റ്റാർ ഇന്ത്യയ്ക്ക് നൽകുകയായിരുന്നു. അന്ന് ഡിജിറ്റലിൽ ഉയർന്ന ബിഡ് നൽകിയത് ഫെയ്സ്ബുക്കും ടിവിയിൽ നൽകിയത് സോണിയുമായിരുന്നു. ഐപിഎലിന്റെ ഡിജിറ്റൽ വ്യൂവർഷിപ്പ് 2020ൽ 32.7 കോടിയായിരുന്നത് കഴിഞ്ഞ വർഷം 42.1 കോടിയായി ഉയർന്നിരുന്നു. ടിവി വ്യൂവർഷിപ് ആകട്ടെ 46.2 കോടിയിൽ നിന്ന് 38 കോടിയായി കുറഞ്ഞു.

*2008 മുതൽ 10 വർഷക്കാലം ടെലിവിഷൻ സംപ്രേഷണ അവകാശം മാത്രമാണ് സോണിക്ക് നൽകിയിരുന്നത്. മത്സരങ്ങളുടെ എണ്ണം അനുസരിച്ചായിരുന്നില്ല തുക. **ലേലം ഇന്നവസാനിക്കുമ്പോൾ തുക വീണ്ടും വർധിക്കും)

English Summary: Auction for IPL media rights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com