ട്വന്റി20 റാങ്കിങ്ങിൽ കിഷന് ‘ലോട്ടറി’; ഒറ്റക്കുതിപ്പിന് 68 സ്ഥാനങ്ങൾ കയറി ഏഴാമത്!

ishan-kishan
ഇഷാൻ കിഷൻ (ട്വിറ്റർ ചിത്രം)
SHARE

ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ യുവതാരം ഇഷാൻ കിഷന് വൻ കുതിപ്പ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുമ്പോൾ 75–ാം സ്ഥാനത്തായിരുന്ന കിഷൻ, പരമ്പരയിലെ മൂന്നു മത്സരങ്ങൾ പൂർത്തിയാകുമ്പോഴേയ്ക്കും ആദ്യ പത്തിൽ ഇടംപിടിച്ചു. നിലവിൽ ഏഴാം സ്ഥാനത്താണ് കിഷൻ. ബോളർമാരുടെ വിഭാഗത്തിൽ ഇന്ത്യയുടെ ഭുവനേശ്വർ കുമാറും യുസ്‌വേന്ദ്ര ചെഹലും നേട്ടമുണ്ടാക്കി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ ഇന്ത്യൻ നിരയിൽ ഏറ്റവും ഫോമിലുള്ള ബാറ്ററായ കിഷൻ, മൂന്നു കളികളിൽനിന്ന് 164 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതിൽ രണ്ട് അർധസെഞ്ചറികളുമുണ്ട്. ഈ പ്രകടനമാണ് വൻ കുതിപ്പു നടത്തി ഏഴാം സ്ഥാനത്തെത്താൻ കിഷനെ സഹായിച്ചത്. ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരവും കിഷൻ തന്നെ. 14–ാം റാങ്കിലുള്ള കെ.എൽ.രാഹുലാണ് ഇന്ത്യൻ താരങ്ങളിൽ രണ്ടാമത്. ശ്രേയസ് അയ്യരും രോഹിത് ശർമയും ഓരോ സ്ഥാനങ്ങൾ നഷ്ടപ്പെട്ട് യഥാക്രമം 16, 17 സ്ഥാനങ്ങളിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽനിന്ന് വിശ്രമം അനുവദിച്ച മുൻ ഇന്ത്യൻ നായകൻ വിരാട് കോലി 21–ാം സ്ഥാനത്തേക്ക് പതിച്ചു.

ബോളർമാരിൽ ഭുവനേശ്വർ കുമാർ ഏഴു സ്ഥാനങ്ങൾ കയറി 11–ാം റാങ്കിലെത്തി. യുസ്‌വേന്ദ്ര ചെഹൽ നാലു സ്ഥാനങ്ങൾ കയറി 26–ാം റാങ്കിലുമുണ്ട്. ട്വന്റി20 ബോളർമാരിൽ ഓസ്ട്രേലിയയുടെ ജോഷ് ഹെയ്സൽവുഡ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ശ്രീലങ്കയുടെ യുവതാരം മഹീഷ് തീക്ഷണ 16 സ്ഥാനം കയറി എട്ടാം റാങ്കിലെത്തി.

ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര മൂന്നാം സ്ഥാനത്തുണ്ട്. രവിചന്ദ്രൻ അശ്വിൻ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജയും അശ്വിനും ആദ്യ രണ്ടു സ്ഥാനങ്ങളിൽ തുടരുന്നു.

ടെസ്റ്റ് ബാറ്റർമാരുടെ പട്ടികയിൽ ഇംഗ്ലണ്ടിന്റെ ജോ  റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് റൂട്ടിന് കരുത്തായത്. ഇന്ത്യയുടെ രോഹിത് ശർമയും വിരാട് കോലിയും യഥാക്രമം ഏഴ്, 10 സ്ഥാനങ്ങളിൽ തുടരുന്നു. ന്യൂസീലൻഡിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച ജോണി ബെയർസ്റ്റോ 13 സ്ഥാനങ്ങൾ കയറി 39–ാം റാങ്കിലെത്തി. ഇംഗ്ലിഷ് നായകൻ ബെൻ സ്റ്റോക്സ് 27ൽനിന്ന് 22–ാം റാങ്കിലേക്ക് ഉയർന്നു.

English Summary: Ishan Kishan moves to 7th spot in latest ICC T20I rankings

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS