ADVERTISEMENT

ഇംഗ്ലണ്ട്– ന്യൂസീലൻഡ് രണ്ടാം ടെസ്റ്റിന്റെ നാലാം ഇന്നിങ്സിലെ 50–ാം ഓവറിൽ കിവീസ് പേസർ ട്രെന്റ് ബോൾട്ടിനെ എക്സ്ട്രാ കവറിലൂടെ ബൗണ്ടറി പായിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് വിജയറൺ നേടിയപ്പോൾ രണ്ടു കാര്യങ്ങളാണ് ഇംഗ്ലിഷ് ആരാധകരുടെ മനസ്സിലേക്കു വന്നത്; ആദ്യത്തേത് 2019 ആഷസിലെ മൂന്നാം ടെസ്റ്റിൽ സ്റ്റോക്സ് നേടിയ ‘വിജയ ബൗണ്ടറി’.

രണ്ടാമത്തേത് ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഇംഗ്ലിഷ് ടീം തുടർച്ചയായി രണ്ട് ടെസ്റ്റ് മത്സരങ്ങൾ ജയിക്കുന്നതിലെ സന്തോഷം. ക്ലാസിക് ക്രിക്കറ്റിന്റെ തലതൊട്ടപ്പൻമാരായ ഇംഗ്ലണ്ട് ടീം പുതിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെയും പുതിയ പരിശീലകൻ ബ്രണ്ടൻ മെക്കല്ലത്തിന്റെയും കീഴിൽ ട്രാക്ക് മാറ്റാൻ തീരുമാനിച്ചതിന്റെ സൂചന കൂടിയാണ് രണ്ടാം ടെസ്റ്റിന്റെ വിജയം. ജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2–0നു മുന്നിലെത്തുകയും ചെയ്തു.

∙ ബെയർസ്റ്റോ ബൂം

അഞ്ചാം ദിനം ബാറ്റിങ് ആരംഭിക്കുമ്പോൾ 72 ഓവറിൽ 299 റൺസായിരുന്നു ഇംഗ്ലണ്ടിനു ജയിക്കാനായി വേണ്ടിയിരുന്നത്. 300 റൺസോ അതിനു മേലെയോ അഞ്ചാം ദിനം പിന്തുടർന്നു ജയിക്കുക എന്നത് ടെസ്റ്റ് ക്രിക്കറ്റിൽ പതിവുള്ള കാര്യമല്ല. പൊതുവേ മത്സരം സമനിലയിൽ അവസാനിപ്പിക്കാനായിരിക്കും ഈ സാഹചര്യത്തിൽ ഇരു ക്യാപ്റ്റൻമാരും തീരുമാനിക്കുക.

എന്നാൽ ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (70 പന്തിൽ 75*) ഒന്നു പൊരുതി നോക്കാ‍ൻ തീരുമാനിച്ചു. ബെയർസ്റ്റോയുടെ (92 പന്തിൽ 136 റൺസ്) വെടിക്കെട്ടുകൂടി ആയപ്പോൾ മത്സരത്തിൽ ഇംഗ്ലണ്ടിന് 5 വിക്കറ്റ് ജയം. 50 ഓവറിൽ ഇംഗ്ലണ്ട് വിജയം പൂർത്തിയാക്കി. മത്സരത്തിൽ 24 സിക്സുകൾ ഉൾപ്പെടെ പിറന്നത് 250 ബൗണ്ടറികളാണ്. ലോക റെക്കോർഡാണിത്.

∙ ആഷസ് ഓർമകൾ

അവസാന ദിനം 299 റൺസ് പിന്തുടരാനുള്ള ധൈര്യം സ്റ്റോക്സിന് ലഭിച്ചത് ഒരുപക്ഷേ, 2019ലെ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്റെ ഓർമയിലായിരിക്കും. അന്നു ജയിക്കാ‍ൻ 359 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനായി പത്താം വിക്കറ്റിൽ ജാക് ലീച്ചിനൊപ്പം 76 റൺസ് കൂട്ടിച്ചേർത്ത് (ഇതിൽ ലീച്ചിന്റെ സംഭാവന 1 റൺ മാത്രം) സ്റ്റോക്സ് (135*) നടത്തിയ ഒറ്റയാൾ പോരാട്ടം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ്.

ന്യൂസീലൻഡിനെതിരായ ടെസ്റ്റ് മത്സരം വിജയിച്ച ശേഷം മടങ്ങുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്
ന്യൂസീലൻഡിനെതിരായ ടെസ്റ്റ് മത്സരം വിജയിച്ച ശേഷം മടങ്ങുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്.

∙ മറക്കുമോ ഗാബ

കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലെ ഗാബയിൽ ഇന്ത്യ നേടിയ ഐതിഹാസിക ടെസ്റ്റ് വിജയവും അഞ്ചാം ദിവസത്തെ ‘പഞ്ചിലൂടെ’ ആയിരുന്നു. ഗാബ ടെസ്റ്റിലെ അവസാന ദിവസം 98 ഓവറിൽ 324 റൺസായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അന്ന് തുടക്കത്തിൽ ശുഭ്മൻ ഗില്ലും മധ്യനിരയിൽ ഋഷഭ് പന്തും നടത്തിയ പോരാട്ടങ്ങളാണ് ഇന്ത്യയ്ക്ക് അവിശ്വസനീയമായ ജയം സമ്മാനിച്ചത്.

∙ ക്യാപ്റ്റൻ മാറുമ്പോൾ

ടെസ്റ്റ് മത്സരങ്ങളിൽ ജയിക്കുന്നതിനെക്കാൾ പ്രധാനം തോൽക്കാതിരിക്കുകയാണെന്നു പൊതുവേ ഒരു വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെയാണ് പല മത്സരങ്ങളും സമനിലയിൽ അവസാനിക്കുന്നത്. എന്നാൽ ട്വന്റി20 ക്രിക്കറ്റിന്റെ വരവോടെ മത്സരത്തിൽ ഫലം ഉണ്ടാകണമെന്ന വാശിയും അവസാന ദിനം എത്ര വലിയ ലക്ഷ്യം വേണമെങ്കിലും പിന്തുടരാൻ സാധിക്കുമെന്നുമുള്ള ആത്മവിശ്വാസവും കളിക്കാർക്കു വന്നു.

Gabba-Test-Rishabh-Pant
ഗാബ ടെസ്റ്റിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചശേഷം ഋഷഭ് പന്ത്

തോൽവിയോ ജയമോ ആവട്ടെ, മത്സരത്തിന് ഫലമുണ്ടാകണമെന്നു വാശിയുള്ള ക്യാപ്റ്റനായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെന്ന് സഹതാരം രവീന്ദ്ര ജഡേജ പറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ഇതേ രീതിയിൽ ചിന്തിക്കുന്നയാളാണ്. അന്നും ഇന്നും ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്ന ഓസ്ട്രേലിയൻ ടീം പണ്ടു തൊട്ടേ ഈ ട്രാക്കിൽ കയറിയവർ.

∙ നാലാം ഇന്നിങ്സിലെ ഏറ്റവും ഉയർന്ന റൺ ചേസുകൾ (വർഷം ടീം എതിരാളികൾ നേടിയ വിജയലക്ഷ്യം എന്ന ക്രമത്തിൽ)

2003 വെസ്റ്റിൻഡീസ് ഓസ്ട്രേലിയ 418–7
2008 ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയ 414–4
1976 ഇന്ത്യ വെസ്റ്റിൻഡീസ് 406–4*
1948 ഓസ്ട്രേലിയ ഇംഗ്ലണ്ട് 404–3
2021 വെസ്റ്റിൻഡീസ് ബംഗ്ലദേശ് 395–7

* ടീം ഇന്ത്യ 3 തവണയാണ് നാലാം ഇന്നിങ്സിൽ 300നു മുകളിൽ പിന്തുടർന്നു ജയിച്ചത്. 1976ൽ വെസ്റ്റിൻഡീസിനെതിരെ (406–4), 2008ൽ ഇംഗ്ലണ്ടിനെതിരെ (387–4), 2021ൽ ഓസ്ട്രേലിയയ്ക്കെതിരെ (329–7).

English Summary: Change of Format in Test Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com