ADVERTISEMENT

ബെംഗളൂരു∙ രഞ്ജി ട്രോഫി ഫൈനലിൽ മധ്യപ്രദേശിനെതിരായ ഉജ്വല സെഞ്ചറി നേട്ടത്തിനു നേട്ടത്തിനു ശേഷം അടുത്തിടെ കൊല്ലപ്പെട്ട പഞ്ചാബ് റാപ്പർ സിദ്ദു മൂസേവാലയ്ക്ക് ഹൃദയം നിറഞ്ഞ കൃതഞ്ജത അർപ്പിച്ച് ആരാധക ഹൃദയങ്ങള്‍ കീഴടക്കി മുംബൈ ബാറ്റർ സർഫ്രാസ് ഖാൻ. 50.1 ഓവറിൽ മുംബൈ 147–3 എന്ന സ്കോറിലെത്തിയപ്പോഴാണു മത്സരത്തിന്റെ ആദ്യ ദിനം സർഫ്രാസ് ഖാൻ ബാറ്റിങ്ങിന് ഇറങ്ങിയത്.

പൃഥ്വി ഷാ (47), യശസ്വി ജെയ്‌സ്വാൾ (78) എന്നിവർ ഒഴികെയുള്ള മുൻനിര ബാറ്റർമാർ എല്ലാം നിരാശപ്പെടുത്തിയെങ്കിലും മറുവശത്ത് ഉറച്ച മനസ്സോടെ ബാറ്റു വീശിയ സർഫ്രാസിന്റെ ഇന്നിങ്സാണു മത്സരത്തിൽ മുംബൈയ്ക്കു താങ്ങായത്.

114–ാം ഓവറിൽ കുമാർ കാർത്തികേയയെ ബൗണ്ടറിയിടിച്ചാണു സർഫ്രാസ് സെഞ്ചറിയിലെത്തിയത്. സെഞ്ചറി കുറിച്ചതിനു പിന്നാലെ കണ്ണീരണിഞ്ഞ സർഫ്രാസ്, ബാറ്റും കൈകളും വായുവിൽ ആഞ്ഞുവീശിയാണ് ആഹ്ലാദപ്രകടനം നടത്തിയത്. പിന്നാലെ മൂസേവാലയുടെ സിഗ്‌നേച്ചർ ഡാൻസ് സ്റ്റെപ്പായ ‘തൈ ഫൈവും’ (വലതു കൈപ്പത്തി തുടയിൽ അടിച്ചതിനു ശേഷം 5 എന്ന വിരലുകളും ആകാശത്തേക്കുയർത്തുന്ന നൃത്തച്ചുവട്) അനുകരിച്ചു. മൂസേവാലയുടെ മരണാനന്തര ചടങ്ങുകൾക്കിടെ അദ്ദേഹത്തിന്റെ അച്ഛനും വികാരാധീനനായി തൈ ഫൈവ് നൽകിയാണു മകന് അന്ത്യാഞ്ജലി അർപിച്ചത്.

പഞ്ചാബിലെ ഏറ്റവും പ്രശ്സ്ത ഗായകരിൽ ഒരാളായിരുന്ന മൂസേവാല 28–ാം വയസ്സിൽ മേയ് 29നാണ് സ്വന്തം ജില്ലിയായ മാൻസയിൽവച്ചു ദാരുണമായി വെടിയേറ്റു കൊല്ലപ്പെട്ടത്. മധ്യപ്രദേശിനെതിരെ സെഞ്ചറിക്കു ശേഷവും കരുതലോടെ കളിച്ച സർഫ്രാസ് 128–ാം ഓവറിൽ 10–ാം നമ്പർ ബാറ്ററായി പുറത്താകുമ്പോൾ മുംബൈ സ്കോർബോർഡിൽ 374 റൺസ് എത്തിയിരുന്നു.

243 പന്തിൽ 13 ഫോറും 2 സിക്സും അടക്കം 134 റൺസാണു സർഫ്രാസിന്റെ നേട്ടം. 106 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്ത ഗൗരവ് യാദവ്, 81 റൺസിനു 3 വിക്കറ്റെടുത്ത അനുഭവ് അഗർവാൾ എന്നിവരാണു മധ്യപ്രദേശിനായി ബോളിങ്ങിൽ തിളങ്ങിയത്. ആദ്യ ഇന്നിങ്സിൽ മധ്യപ്രദേശ് ഒരു വിക്കറ്റിന് 72 റൺസ് എടുത്തിട്ടുണ്ട്. കിടിലൻ ഫോമിൽ ബാറ്റുവീശുന്ന സർഫ്രാസ് രഞ്ജി സീസണിലെ 4–ാം സെഞ്ചറിയാണു ഫൈനലിൽ കുറിച്ചത്. 

 

English Summary: [Watch] Sarfaraz Khan's emotional tribute to Sidhu Moosewala after scoring century in Ranji Trophy final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com