ADVERTISEMENT

ഇസ്‌ലാമാബാദ്∙  2000–2013 കാലയളവിൽ 170 രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള അംപയറാണു പാക്കിസ്ഥാൻകാരൻ ആസാദ് റൗഫ്. 49 ടെസ്റ്റ്, 98 ഏകദിനം എന്നിവയ്ക്കു പുറമേ 23 ട്വന്റി20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുള്ള റൗഫ് ഐസിസി എലീറ്റ് അംപയർമാരുടെ പട്ടികയിൽപ്പോലും ഉൾപ്പെട്ടിരുന്നു. അതേ റൗഫ് ഇപ്പോൾ എന്തു ചെയ്യുകയാണെന്ന് അറിയാമോ? ലാഹോറിലെ ലൻദ ബാസാറിൽ ഷൂസ് വിൽക്കുന്ന കട നടത്തുന്നു. ക്രിക്കറ്റിനോടുള്ള താൽപര്യം നശിച്ചെന്നാണ് റൗഫ് ഇപ്പോൾ പറയുന്നത്.

‘ഞാൻ എന്റെ ജീവിതത്തിൽ ഒരുപാടു ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. കാണേണ്ടവർ അതൊക്കെ കണ്ടു കഴിഞ്ഞു’– 66 കാരനായ റൗഫ് അടുത്തിടെ പാക്കിസ്ഥാൻ ചാനലായ പാക്ക്ടിവി.ടിവിക്കു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത് ഇങ്ങനെ.

‘2013നു ശേഷം ക്രിക്കറ്റുമായി എനിക്കു യാതൊരു ബന്ധവുമില്ല. കാരണം, എന്തെങ്കിലും ഉപേക്ഷിച്ചാൽ അതു ഞാൻ എന്നെന്നേക്കുമായാണ് ഉപേക്ഷിക്കാറുള്ളത്. ഐപിഎല്ലിലെ മത്സരങ്ങൾ നിയന്ത്രിക്കാനായതാണ് ഏറ്റവും വലിയ കാര്യം എന്നാണു കരുതുന്നത്. മറ്റു വിവാദങ്ങളെപ്പറ്റി കൂടുതലൊന്നും അറിയില്ല’– റൗഫ് പറഞ്ഞു. 

അച്ചടക്ക സമിതി കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്ന് ആസാദ് റൗഫിനെ ബിസിസിഐ 2016ൽ 5 വർഷത്തേക്കു വിലക്കിയിരുന്നു. 2013 ഐപിഎൽ സീസണിൽ ഒത്തുകളി വിവാദത്തിൽ ഉൾപ്പെട്ടതായും വാതുവയ്പുകാരിൽനിന്നു സമ്മാനങ്ങൾ സ്വീകരിച്ചതായുമുള്ള ആരോപണങ്ങളിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു റൗഫിനെതിരായ നടപടി.  

‘വിവാദങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ എനിക്കു യാതൊരു പങ്കാളിത്തവും ഉണ്ടായിരുന്നില്ല. ബിസിസിഐയുടെ ഭാഗത്തുനിന്നു തന്നെയാണ് ആരോപണങ്ങൾ ഉയർന്നു വന്നത്. തീരുമാനങ്ങൾ എടുത്തതും അവർതന്നെ. എനിക്ക് ആർത്തിയില്ല. ധാരാളം പണം കണ്ടിട്ടുണ്ട് ഞാൻ. അടുക്കും ചിട്ടയുമുള്ള ലോകവും ഞാൻ കണ്ടിട്ടുണ്ട്. ഈ കട നടത്തുന്നതു പോലും എനിക്കു വേണ്ടിയല്ല. ഇവിടെ ജോലി ചെയ്യുന്നവരുടെ ദിവസ വേതനം ഉറപ്പാക്കാനാണ് ഈ കട തുറന്നു പ്രവർത്തിക്കുന്നതും’– റൗഫിന്റെ വാക്കുകൾ. 

 

English Summary: From ICC elite umpire panel to a shop owner, Asad Rauf has stories to tell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com