ബോസ് ഇറങ്ങണമെങ്കിൽ ‘ബെൻസ്’ മസ്റ്റ്; ബുക്കുചെയ്യുക ഹോട്ടലിലെ ഫ്ലോർ: ഇതല്ലേ ആഡംബരം!

Lalit-Modi
ലളിത് മോദി, ഐപിഎൽ താര ലേലത്തിനു മുന്നോടിയായി വിവിധ ടീമുകളുടെ ലോഗോകൾ പ്രദർശിപ്പിച്ചിരിക്കുന്നു (ചിത്രങ്ങൾ- ട്വിറ്റർ).
SHARE

ഐപിഎൽ മുൻ കമ്മിഷണർ ലളിത് മോദിയുടെ ആഡംബര പ്രേമം വിവരിച്ച് പുസ്തകം

ന്യൂഡൽഹി ∙ തന്റെ ആവശ്യത്തിനു 2 മെഴ്സിഡീസ് ബെൻസ് എസ് ക്ലാസ് കാറുകൾ ഡൽഹിയിൽ നിന്നു ഹിമാചൽ പ്രദേശിലെ ധരംശാലയിലെത്തിക്കുക. താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ഒരു ഫ്ലോർ മുഴുവൻ ബുക്ക് ചെയ്യുക.... ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റ് ആവിഷ്കരിച്ചു നടപ്പാക്കിയ ലളിത് മോദിയുടെ ആഡംബര ജീവിതത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ലളിത് മോദിയുടെ ഐപിഎൽ കാലത്തെ ജീവിതം വെളിച്ചത്തു കൊണ്ടുവരുന്ന ‘മാവ്റിക് കമ്മിഷണർ: ദി ഐപിഎൽ– ലളിത് മോദി സാഗ’ എന്ന പുസ്തകത്തിലാണു മാധ്യമപ്രവർത്തകനായ ബോറിയ മജുംദാർ മുകളിൽ സൂചിപ്പിച്ച ധൂർത്തിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുന്നത്. ബിസിസിഐയെയും ഐപിഎലിനെയും പുതിയ ഉയരങ്ങളിലേക്കെത്തിച്ച ലളിത് മോദിയുടെ ഉയർച്ചയുടെയും താഴ്ച്ചയുടെയും വഴികൾ പുസ്തകത്തിലുണ്ട്.

ഐപിഎൽ കമ്മിഷണറായിരുന്ന ലളിത് മോദി സാമ്പത്തിക തിരിമറികളുടെ പേരിൽ 2010ൽ ഇന്ത്യ വിടുകയായിരുന്നു. മെഴ്സിഡീസ് ബെൻസ് എസ് ക്ലാസ് കാറുകളുടെ കടുത്ത ആരാധകനായിരുന്നു ലളിത് മോദിയെന്നു പുസ്തകത്തിൽ പറയുന്നു. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ ലളിത് മോദിക്കു യാത്ര ചെയ്യാൻ വേണ്ടി 2 എസ് ക്ലാസ് കാറുകളാണ് ഡൽഹിയിൽനിന്ന് ഓടിയെത്തിയത്. ധരംശാലയിൽ എസ് ക്ലാസ് കാറുകൾ കിട്ടാനില്ലത്തതുകൊണ്ടാണ് ലളിത് മോദിയുടെ ഓഫിസ് ഡൽഹിയിൽനിന്ന് ഇവ ധരംശാല വരെ റോഡ് മാർഗം ഓടിച്ചെത്തിക്കാൻ നിർദേശം നൽകിയത്.

lalit modi
ക്രിയേറ്റിവ്: മനോരമ

മറ്റൊരിക്കൽ നാഗ്പുരിൽ ഐപിഎൽ മത്സരം കാണാനെത്തുന്ന ലളിത് മോദിക്കു വേണ്ടി അദ്ദേഹത്തിന്റെ ഓഫിസ് മെഴ്സിഡീസ് എസ് ക്ലാസ് എത്തിച്ചതു ഹൈദരാബാദിൽനിന്നാണ്. നാഗ്പുരിൽ കാർ ലഭ്യമല്ലാത്തതായിരുന്നു കാരണം.

ഐപിഎലിന്റെ ആദ്യ 2 സീസണുകളുടെ വൻ വിജയം ലളിത് മോദിയെ വേറൊരു ലോകത്തെത്തിച്ചു. താൻ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഒരു ഫ്ലോർ മുഴുവനായാണ് അദ്ദേഹം ബുക്ക് ചെയ്തിരുന്നത്.   ‘ലളിത് മോദിയെ ചോദ്യം ചെയ്യുകയെന്നാൽ ഐപിഎലിനെ ചോദ്യം ചെയ്യുന്ന നിലയിലായിരുന്നു അന്നു കാര്യങ്ങൾ. ബിസിസിഐയ്ക്കു വലിയ വരുമാനം നൽകിത്തുടങ്ങിയ ഐപിഎലിനെ വിമർശിക്കാൻ ആരും തയാറായില്ല . എന്നാൽ ലളിത് മോദി ഇന്ത്യ വിട്ടതിനു പിന്നാലെ, ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ലളിത് മോദി താമസിച്ചിരുന്ന മുറിയുടെ   ബിൽ ബിസിസിഐയ്ക്കു നൽകി. ആ പണം പണം നൽകാതെ ബിസിസിഐ  തിരിച്ചയയ്ക്കുകയാണുണ്ടായതെന്നും പുസ്തകത്തിൽ പറയുന്നു.

English Summary: When Mercedes cars reached Dharamsala for Lalit Modi!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS