ADVERTISEMENT

ലണ്ടൻ ∙ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻനായി നിയമിച്ചതിനു പിന്നാലെ പ്രതികരണവുമായി ജോസ് ബട്‌ലർ. ഇംഗ്ലണ്ടിനെ 2019 ഏകദിന ലോകകപ്പ് നേട്ടത്തിലേക്കു നയിച്ച ഒയിൻ മോർഗൻ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചതിനു പിന്നാലെയാണ് ബട്‌ലർ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് എത്തിയത്. മോർഗനിൽനിന്ന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത് ഒരു വലിയ ബഹുമതിയാണെന്ന് ബട്‌ലർ പറഞ്ഞു.

മുന്നിലുള്ള വെല്ലുവിളികൾ ഏറ്റെടുക്കാൻ തയാറാണെന്നും ടീമിനെ നയിക്കുന്നതിനു കാത്തിരിക്കാനാവുന്നില്ലെന്നും ബട്‌ലർ പറഞ്ഞു. ‘ഒയിനിൽനിന്നു ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത് വലിയ ബഹുമതിയാണ്, അദ്ദേഹം ഇംഗ്ലിഷ് വൈറ്റ് ബോൾ ക്രിക്കറ്റിനെ എത്തിച്ചയിടം ആവേശകരമാണ്. മുന്നിലുള്ള വെല്ലുവിളികൾക്ക് എനിക്ക് പ്രചോദനമാണ്.’ – ബട്‌ലർ പറഞ്ഞു.

126 ഏകദിനങ്ങളിലും 72 ട്വന്റി20കളിലും ഇംഗ്ലണ്ടിനെ നയിച്ച മോർഗൻ, നെതർലൻഡ്‌സിലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ജൂൺ 28നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടും മാസത്തിനിടെ ഇംഗ്ലണ്ട് ടീമിൽ വരുന്ന നാലാമത്തെ സുപ്രധാന നിയമനാണ് ബട്‌‌ലറുടേത്. മാത്യു മോട്ട് ലിമിറ്റഡ് ഓവർ പരിശീലകനായതിന് ശേഷം, ബെൻ സ്റ്റോക്‌സിനെയും ബ്രണ്ടൻ മക്കല്ലത്തെയും യഥാക്രമം ടെസ്റ്റ് ടീമിൽ ക്യാപ്റ്റനായും പരിശീലകനായും നിയമിച്ചിരുന്നു.

പൊതുവെ മൂന്നു ഫോർമാറ്റുകളിലും കളിക്കുന്ന സ്റ്റോക്സ്, ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വൈറ്റ്-ബോൾ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. എന്നാൽ ഉടൻ തന്നെ ബട‌്‌ലറുടെ കീഴിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ബട്‌ലർ, ഏറ്റവും മികച്ച തീരുമാനമാണ്. അദ്ദേഹത്തിന് കീഴിൽ കുറച്ച് മത്സരങ്ങൾ കളിക്കാൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു.’– സ്റ്റോക്സ് പറഞ്ഞു.

നെതർലൻഡ്‌സിൽ നടന്ന പരമ്പരയിലെ ടോപ് സ്‌കോററായ ബട്‌ലർ, ബാറ്റിങ്ങിലും മികച്ച ഫോമിലാണ്. 185.07 സ്‌ട്രൈക്ക് റേറ്റിൽ രണ്ടു ഇന്നിങ്സുകളിലായി 248 റൺസാണ് ബ‌ട്‌ലർ അടിച്ചുകൂട്ടിയത്. ഈ വർഷത്തെ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐ‌പി‌എൽ) ഓറഞ്ച് ക്യാപ് നേടിയതും രാജസ്ഥാൻ റോയൽസിന്റെ സ്വന്തം ജോസേട്ടൻ ആണ്. 17 മത്സരങ്ങളിൽനിന്ന് 863 റൺസെടുത്ത ബട്‌ലർ, രാജസ്ഥാനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇംഗ്ലണ്ട് ക്യാപ്റ്റനായതിനു പിന്നാലെ ബട്‌ലറിനെ അഭിനന്ദിച്ച് രാജസ്ഥാൻ റോയൽസ് ടീം രംഗത്തെത്തിയിരുന്നു.

English Summary: ‘It’s a great honour to take over from Eoin Morgan’ – Jos Buttler

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com