വീൻഡീസ് പരമ്പരയ്ക്കിടെ ഭീതിപ്പെടുത്തുന്ന കടൽയാത്ര; ‍‘മരിച്ചു വീഴുന്നത് ഞങ്ങൾ’: ബംഗ്ല താരങ്ങൾ

bangladesh-sea-vouyage
ബംഗ്ലദേശ് താരങ്ങൾ കപ്പൽ യാത്രയ്ക്കിടെ, ബംഗ്ലദേശ് ക്രിക്കറ്റ് ടീം അംഗങ്ങൾ (ചിത്രങ്ങൾ –ട്വിറ്റർ).
SHARE

കിങ്സ്റ്റൻ∙ വെസ്റ്റ് ഇൻസീസിൽ പര്യടനം നടത്തുന്ന ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന്റെ ‘ദുരിതം’ അവസാനിക്കുന്നില്ല. ജീവനുതന്നെ ഭീഷണി ഉയർത്തിയ ഒരു കപ്പൽ യാത്രയിലെ ഞെട്ടൽ ബംഗ്ലദേശ് ക്രിക്കറ്റ് താരങ്ങൾക്ക് ഇനിയും വിട്ടുമാറിയിട്ടില്ല. ജീവനോടെ കരയിലെത്താനാകില്ലെന്നു പോലും യാത്രയുടെ ഒരു ഘട്ടത്തിൽ കരുതിയിരുന്നതായാണു ടീമിലെ ചിലരുടെ പ്രതികരണം.

വിൻസീഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെയാണ് (പരമ്പര 2–0നു വിൻഡിസ് സ്വന്തമാക്കിയിരുന്നു) സെന്റ് ലൂസിയയിൽനിന്നു ഡൊമിനിക്ക വരെ, 180 കിലോമീറ്റർ ദൂരം കടലിലൂടെ യാത്ര ചെയ്യാനുള്ള ബംഗ്ലദേശ് താരങ്ങളുടെ തീരുമാനമാണ് അവർ‌ക്കുതന്നെ തിരിച്ചടിയായത്. 

കടൽ യാത്രയ്ക്കുള്ള സന്നദ്ധത അറിയിച്ചത് വിൻഡീസ് ക്രിക്കറ്റ് ബോർഡ് ആണെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് താരങ്ങളുമായി ചർച്ച നടത്താതെ അതിന് അംഗീകാരം നൽകുകയായിരുന്നു എന്നും റിപ്പോർട്ടുണ്ട്.

കപ്പൽ യാത്ര അത്ര പരിചയമില്ലാത്ത ബംഗ്ലദേശ് താരങ്ങളിൽ പലർക്കും യാത്രയ്ക്കിടെ കടുത്ത അസ്വസ്ഥകളും ഛർദിയുമുണ്ടായി. തീർന്നില്ല പ്രക്ഷുബ്ധമായ അറ്റ്ലാന്റിക് സമുദ്രത്തിലെ ഉയരംകൂടിയ തിരമാലകളും അവരെ ഭയപ്പെടുത്തിക്കളഞ്ഞു.

ബംഗ്ലദേശ് ദിനപത്രത്തിലെ റിപ്പോർട്ട് പ്രകാരം താരങ്ങൾ യാത്ര ചെയ്തിരുന്ന ചെറുകപ്പൽ നടുക്കടലിൽ എത്തിയപ്പോഴാണു തിരമാലകൾ ആഞ്ഞടിച്ചു തുടങ്ങിയത്. 6–7 അടിവരെ ഉയരമുള്ള തിരമാലകളിൽപ്പെട്ട് ചെറുകപ്പൽ ആടിയുലഞ്ഞു. ഇതിനിടെ താരങ്ങൾക്കു പലർക്കും കടൽയാത്രാ അനുബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്തു.

ഇടംകയ്യൻ പേസർ ഷൊറിഫുൽ ഇസ്‌ലാം, വിക്കറ്റ് കീപ്പർ ബാറ്റർ നഫീസ് ഇഖ്ബാൽ എന്നിവർക്കാണ് ഏറ്റവും അസ്വസ്ഥത അനുഭവപ്പെട്ടത്. ഷൊറിഫുൾ പലതവണ ഛർദിച്ചതായും, രാജ്യാന്തര പരമ്പരയ്ക്കിടെ വിൻഡീസ് പോലും ഒരു ദ്വീപിൽനിന്നു മറ്റൊരു ദ്വീപിലേക്കു കടൽമാർഗം യാത്ര ചെയ്യാറില്ലാത്തതിനാൽ ബംഗ്ലദേശിന്റെ കടൽയാത്രയിൽ പലരും അദ്ഭുതപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.‌ യാത്രയിലെ ഭയപ്പെടുത്തുന്ന അനുഭവത്തെക്കുറിച്ചും താരങ്ങൾ ദിനപത്രത്തോടു വെളിപ്പെടുത്തി. 

‘ഇവിടെ രോഗം ബാധിക്കുന്നതും മരിച്ചുവീഴാന്‍ പോകുന്നതുമൊക്കെ ഞങ്ങളാണ്. അവർക്കൊന്നും ഒന്നും സംഭവിക്കില്ല’– താരങ്ങളിൽ ഒരാൾ പറഞ്ഞു.    

‘ഞാൻ‌ ഒരുപാടു രാജ്യങ്ങളിൽ പോയിട്ടുണ്ട്. എന്നാൽ ഇത്തരത്തിലൊരു അനുഭവം ആദ്യമായാണ്. ഞങ്ങൾക്ക് ഇതൊന്നും പരിചിതമല്ല. ക്രിക്കറ്റ് കളിക്കുന്ന കാര്യം വിട്ടേയ്ക്കൂ. കപ്പലിൽവച്ചു ഞങ്ങളിൽ ആർക്കെങ്കിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലോ? എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ പര്യടനമാണിത്’– മറ്റൊരു താരത്തിന്റെ വാക്കുകൾ. വിൻഡീസിനെതിരെ 3 ഏകദിന മത്സരങ്ങളാണ് പരമ്പരയിൽ‌ ബംഗ്ലദേശിനു ബാക്കിയുള്ളത്. 

English Summary: WI vs BAN: Bangladesh cricketers share stories of nightmarish sea voyage, say 'we can die here'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS