കൂറ്റൻ വിജയലക്ഷ്യത്തിൽ കൂസാതെ ഇംഗ്ലണ്ട്; 259/3; ഇനി വേണ്ടത് 119 റൺസ്

bairstow
അർധസെഞ്ചറി നേടിയ ജോണി ബെയർസ്‌റ്റോ. ചിത്രം: AFP
SHARE

ബർമ്മിങാം∙ അഞ്ചാം ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം കണ്ടു കൂസാതെ ഇംഗ്ലണ്ട്! 378 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റിന് 259 റൺസെടുത്തു. 76 റൺസുമായി ജോ റൂട്ടും 72 റൺസുമായി ജോണി ബെയർസ്റ്റോയുമാണ് ക്രീസിൽ. 

ശക്തമായ ഓപ്പണിങ് കൂട്ടുകെട്ടിന് ശേഷം ഇംഗ്ലണ്ടിന് തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ മത്സരത്തിന്റെ നിയന്ത്രണം ജോ റൂട്ടും ജോണി ബെയർസ്റ്റോയും ചേർന്ന് പിന്നീട് ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും അടിച്ചുതകർത്തപ്പോൾ ഇന്ത്യ മറുപടിയില്ലാതെ പകച്ചുനിന്നു. ബോളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും കാര്യമായ ഫലം  കണ്ടില്ല. ഇംഗ്ലണ്ട് സ്‌കോർ കുതിച്ചുകൊണ്ടേയിരുന്നു. 

rishabh-pant
ഇംഗ്ലണ്ടിനെതിരെ ഋഷഭ് പന്തിന്റെ ബാറ്റിങ് (ചിത്രം– ബിസിസിഐ, ട്വിറ്റർ).

ചായയ്‌ക്കായി പിരിയുമ്പോൾ ആതിഥേയർ 23 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. ചായയ്ക്ക് പിരിയാൻ 9 പന്ത് ബാക്കിനിൽക്കെ സാക്ക് ക്രോളിയെ (46) വീഴ്ത്തി ബുമ്രയാണ് ഇന്ത്യയ്ക്ക് ആദ്യവിക്കറ്റ് സമ്മാനിച്ചത്. ആക്രമണ ബാറ്റിങ്ങോടെ ഓപ്പണർ അലക്‌സ് ലീസ് (56) ഇംഗ്ലണ്ടിന്റെ സ്‌കോറിങ് ഉയർത്തി. 

ben-stokes
ബെൻ സ്റ്റോക്സ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു. ചിത്രം: AFP

നേരത്തെ, രണ്ടാമിന്നിങ്സിൽ ഇന്ത്യ 245 റൺസിനു  പുറത്തായിരുന്നു. ആദ്യ ഇന്നിങ്സിൽ 132 റൺസിന്റെ ലീഡ് നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് 378 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. നാല് വിക്കറ്റെടുത്ത ബെൻ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. 

ആദ്യ ഇന്നിങ്സിലെ സെഞ്ചറിക്കു പിന്നാലെ 2–ാം ഇന്നിങ്സിലും അർധ സെഞ്ചറി നേടിയ ഋഷഭ് പന്താണ് (86 പന്തിൽ 8 ഫോർ അടക്കം 56) ആദ്യ സെഷനിൽ ഇന്ത്യൻ സ്കോർ മുന്നോട്ടു നീക്കിയത്. അർധ സെഞ്ചറി തികച്ചു ബാറ്റിങ് തുടങ്ങിയ ചേതേശ്വർ പൂജാരയുടെ (168 പന്തിൽ 8 ഫോർ അടക്കം 66) വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. സ്റ്റുവർട്ട് ബ്രോഡിനെ ബൗണ്ടറിയടിക്കാനുള്ള ശ്രമത്തിനിടെ ബാക്ക്‌വേഡ് പോയിന്റിൽ അലെക്സ് ലീസിനു ക്യാച്ച് നൽകിയായിരുന്നു പൂജാരയുടെ പുറത്താകൽ. 

alex-lees
അലക്‌സ് ലീസ് ബാറ്റ് ചെയ്യുന്നു. ചിത്രം: ചിത്രം: AFP

പിന്നീട് ഇറങ്ങിയ ശ്രേയസ് അയ്യർ (19) 3 ബൗണ്ടറികൾ നേടി ഫോം സൂചന നൽകിയെങ്കിലും മാത്യു പോട്ട്സിനെ കടന്നാക്രമിക്കാനുള്ള ശ്രമത്തിനിടെ മിഡ് വിക്കറ്റിൽ ജയിംസ് ആൻഡേഴ്സന്റെ കൈകളിൽ അവസാനിച്ചു. 2 വിക്കറ്റുകൾ വീണതോടെ ആദ്യ ഇന്നിങ്സിൽ പന്തിനൊപ്പം ഇരട്ട സെഞ്ചറി കൂട്ടുകെട്ടു തീർത്ത ജഡജേ ക്രീസിലെത്തി. 

എന്നാൽ അർധ സെഞ്ചറിക്കു പിന്നാലെ ജാക്ക് ലീച്ചിനെ റിവേഴ്സ് സ്വീപ്പിലൂടെ ഫോർ അടിക്കാനുള്ള ശ്രമത്തിനിടെ പന്ത് പുറത്തായത് ഇന്ത്യയ്ക്കു കനത്ത തിരിച്ചടിയായി. പന്തിന്റെ ബാറ്റിൽ ഉരസിയ ബോൾ സ്ലിപ്പിൽ ജോ റൂട്ട് പിടികൂടി. ഇതോടെ ഇന്ത്യ 198–6 എന്ന നിലയിലായി. ശാർദൂൽ ഠാക്കൂറിന്റെ ഇന്നിങ്സും (4) അധികം നീണ്ടില്ല. പോട്ട്സിനെ ബൗണ്ടറിയടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു പുറത്താകൽ. 

English Summary: England vs India, Edgebaston test, day 4, live updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS