ADVERTISEMENT

സതാംപ്ടൻ ∙ അഞ്ചാം ടെസ്റ്റിൽ ഇ‍ഞ്ചിഞ്ചായി കൈവിട്ട വിജയം ‘ഒറ്റയടി’ക്കു തിരിച്ചുപിടിക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ത്യ–ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്നിറങ്ങുമ്പോൾ ടെസ്റ്റിലെ തോൽവിയുടെ നിരാശയകറ്റുകയാണ് ഇന്ത്യൻ യുവസംഘത്തിന്റെ ലക്ഷ്യം. എന്നാൽ ടെസ്റ്റ് മത്സരം കളിച്ച ആരും ടീമിൽ ഇല്ലെന്ന പ്രത്യേകതയുമുണ്ട്. അയർലൻഡിൽ ട്വന്റി20 മത്സരങ്ങൾ കളിച്ച ടീമാണ് ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുക. നായകനായി രോഹിത് ശർമയുടെ തിരിച്ചുവരവാണ് പ്രധാന മാറ്റം. ഇന്നു രാത്രി 10.30 മുതലാണ് മത്സരം. സോണി ടെൻ ചാനലുകളിൽ തൽസമയം. ആദ്യ ട്വന്റി20 ടീമിൽ ഇടം പിടിച്ച സഞ്ജു സാംസൺ ഇന്നിറങ്ങുമെന്ന പ്രതീക്ഷയിൽ മലയാളി ആരാധകരും കാത്തിരിക്കുന്നു. 

ടെസ്റ്റിൽ ബ്രണ്ടൻ മക്കല്ലത്തിന്റെ ‘ബാസ്ബോൾ’ ശൈലിക്കു മുൻപിൽ ബാറ്റുവച്ചു കീഴടങ്ങിയ ഇന്ത്യയെ ട്വന്റി20യിൽ കാത്തിരിക്കുന്നത് വെടിക്കെട്ട് ബാറ്റർ ജോസ് ബട്‌ലറുടെ ‘ജോസ്‌ബോൾ’ ചാലഞ്ചാണ്. ലിമിറ്റഡ് ഓവർ മത്സരങ്ങളിലെ നായക സ്ഥാനമേറ്റെടുത്ത ബട്‍ലർക്കു കീഴിൽ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരമാണിത്. ഐപിഎലിലെ തകർപ്പൻ പ്രകടനത്തിനു ശേഷമെത്തുന്ന ബട്‍ലർ തന്നെയാണ് ഇംഗ്ലണ്ടിന്റെ വജ്രായുധം. ടെസ്റ്റ് മത്സരത്തിനു ശേഷം വിശ്രമിക്കുന്ന വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ടാം ട്വന്റി20 മുതൽ ടീമിനൊപ്പം ചേരും. ആദ്യ ട്വന്റി20 ടീമിൽ മാത്രം ഉൾപ്പെട്ട മലയാളി താരം സഞ്ജു സാംസൺ, രാഹുൽ ത്രിപാഠി, പേസർ അർഷ്‌ദീപ് സിങ് എന്നിവർക്ക് ഇന്നത്തെ മത്സരം നിർണായകമാണ്.

ഹിറ്റാകട്ടെ രോഹിത്

ഇന്ത്യ–ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയ്ക്കു മുൻപ് ക്യാപ്റ്റൻ രോഹിത് ശർമയുടെ ഫോമിനെക്കുറിച്ചാണ് ആരാധകരുടെ ആശങ്ക. ഈ വർഷം 6 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ നിന്ന് രോഹിത്തിനു നേടാനായത് 116 റൺസ് മാത്രമാണ്. ബാറ്റിങ് ശരാശരി 19.3. മൂന്നു മത്സരങ്ങളിൽ രണ്ടക്കം കടക്കാനുമായില്ല. 

 

English Summary: India England first T20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com