ADVERTISEMENT

ടെസ്റ്റ് ക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ച ബാറ്റർ ആര്? ഏതാനും വർഷങ്ങളായി നാലു പേരിലായി ചുറ്റിക്കറങ്ങിയിരുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം തന്നിലേക്കു വലിച്ചടുപ്പിക്കുകയാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഇന്ത്യയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ കരിയറിലെ 28–ാം ടെസ്റ്റ് സെഞ്ചറി നേടിയ റൂട്ട് സെഞ്ചറി നേട്ടത്തിൽ പിന്നിലാക്കിയത് ടെസ്റ്റ് ക്രിക്കറ്റിലെ ഫാബുലസ് ക്ലബ്ബിൽ നാളിതുവരെ തനിക്കൊപ്പമോടിയിരുന്ന ഇന്ത്യൻ താരം വിരാട് കോലി, ന്യൂസീലൻഡ് താരം കെയ്ൻ വില്യംസൻ, ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് എന്നിവരെയാണ്. നിലവിൽ കളിക്കുന്ന താരങ്ങളിൽ ടെസ്റ്റ് സെഞ്ചറി നേട്ടത്തിൽ ഒന്നാമനും റൂട്ട് തന്നെ. 

18 മാസം, 11 സെഞ്ചറി! 

വിരാട് കോലി 27, സ്റ്റീവ് സ്മിത്ത് 26, കെയ്ൻ വില്യംസൻ 23, ജോ റൂട്ട് 17 എന്നിങ്ങനെയായിരുന്നു 2021 ജനുവരിയിൽ ഫാബ് 4 താരങ്ങളുടെ ടെസ്റ്റ് സെഞ്ചറി കണക്ക്. തുടർന്നുള്ള 18 മാസത്തിനിടെ 11 സെഞ്ചറികൾ അടിച്ചുകൂട്ടി റൂട്ട് ഈ പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തിയപ്പോൾ സ്മിത്തിനും വില്യംസനും നേടാനായത് ഓരോ സെഞ്ചറി മാത്രം. വിരാട് കോലിക്കു പിന്നീട് ഇതുവരെ മൂന്നക്കം കടക്കാനുമായില്ല. കോലി അവസാനമായി സെഞ്ചറി നേടിയ 2019 നവംബറിനുശേഷം ഇതുവരെ 159 രാജ്യാന്തര ടെസ്റ്റ് സെഞ്ചറികളാണ് പിറന്നത്. അതിൽ 12 സെഞ്ചറികൾ റൂട്ടിന്റെ പേരിലാണ്. 

root-1

മൂന്നിലൊന്ന് സെഞ്ചറി ഇന്ത്യയ്ക്കെതിരെ

ടെസ്റ്റിൽ ജോ റൂട്ടിന്റെ ബാറ്റ് കൂടുതൽ കരുത്തുകാട്ടിയത് ഇന്ത്യയ്ക്കെതിരായ മത്സരങ്ങളിലാണ്. 9 സെഞ്ചറികളാണ് ഇന്ത്യയ്ക്കെതിരെ ഇതുവരെ നേടിയത്. ആകെ സെഞ്ചറികളുടെ മൂന്നിലൊന്ന്. ഒരു ടീമിനെതിരായ സെഞ്ചറികളുടെ എണ്ണത്തിൽ ടെസ്റ്റ് റെക്കോർഡാണിത്. ബംഗ്ലദേശ് ഒഴികെ മറ്റെല്ലാ ടീമുകൾക്കുമെതിരെ റൂട്ട് മൂന്നക്കം കടന്നിട്ടുണ്ട്. കൂടുതൽ അർധ സെഞ്ചറികളും (10) മികച്ച ബാറ്റിങ് ശരാശരിയും ഇന്ത്യയ്ക്കെതിരെ (63.15) തന്നെ. 

ഇംഗ്ലണ്ടിന്റെ നാലാമൻ

ഓപ്പണിങ് മുതൽ ഏഴാം സ്ഥാനത്തുവരെ ടെസ്റ്റിൽ ബാറ്റിങ്ങിനിറങ്ങിയിട്ടുണ്ട് റൂട്ട്. അതിൽ 3 ബാറ്റിങ് പൊസിഷനുകളിൽ 50 റൺസിനു മുകളിൽ ശരാശരിയിൽ റൺസ് നേടി. എങ്കിലും റൂട്ടിന്റെ ടെസ്റ്റ് കരിയറിലെ നിർണായക പ്രകടനങ്ങളെല്ലാം നാലാമനായി ബാറ്റിങ്ങിനിറങ്ങിയപ്പോഴായിരുന്നു. 

joe

17

ജോ റൂട്ടിന്റെ 17 സെഞ്ചറികളും ഇംഗ്ലണ്ടിൽ നേടിയതാണ്. ലോർഡ്സിലെ ഗ്രൗണ്ടിലാണ് കൂടുതൽ സെഞ്ചറികൾ പിറന്നത് (5). 

56

ഇതുവരെ 56 ഇന്നിങ്സുകളിൽ ബാറ്റിങ്ങിൽ ഇംഗ്ലണ്ട് ടീമിന്റെ ടോപ് സ്കോററായിരുന്നു റൂട്ട്. വിരാട് കോലി (40), സ്റ്റീവ് സ്മിത്ത് (34), കെയ്ൻ വില്യംസൻ (34) എന്നിവർ ഈ കണക്കിൽ ഏറെ പിന്നിലാണ്. 

16.34

ജോ റൂട്ട് ഇതുവരെ കളിച്ച ടെസ്റ്റ് മത്സരങ്ങളിൽ ഇംഗ്ലണ്ട് ടീം ആകെ നേടിയ റൺസിന്റെ 16.34 ശതമാനവും റൂട്ടിന്റെ ബാറ്റിൽ നിന്നായിരുന്നു. 

 

English summary: Joe Root breaks Virat Kohli's record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com