ADVERTISEMENT

ലണ്ടൻ∙ വെറ്റ് ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ട് ആക്രമണോത്സുക ശൈലി തുടരുകതന്നെ ചെയ്യുമെന്ന് ഏകദിന– ട്വന്റി20 ഫോർമാറ്റുകളിലെ ക്യാപ്റ്റൻ ജോസ് ബട്‌ലർ. മുൻ ക്യാപ്റ്റൻ ഓയിൻ മോർഗനു കീഴിൽ കളിച്ചിരുന്ന അതേ ശൈലി ഇംഗ്ലണ്ട് തുടരണമെന്നാണു തന്റെ ആഗ്രഹമെന്നു ബട്‌ലർ പറഞ്ഞു.

മോർഗൻ വിരമിച്ചതിനു പിന്നാലെയാണ് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് ലിമിറ്റഡ് ഓവർ ഫോർ‌മാറ്റിൽ ബട്‌ലറെ ക്യാപ്റ്റനായി നിയമിച്ചത്. ഫുൾടൈം ക്യാപ്റ്റൻ എന്ന നിലയിൽ ബട്‌ലർ ഇംഗ്ലണ്ടിനെ നയിക്കുന്ന ആദ്യ മത്സരമാകും ഇന്നു (വ്യാഴം) രാത്രി ഇന്ത്യയ്ക്കെതിരെ നടക്കുക. മോർഗനിൽനിന്ന് നായക സ്ഥാനം ഏറ്റെടുക്കാനായതു വലിയ ബഹുമതിയായി കരുതുന്നുവെന്നു ബട്‌ലർ മുൻപു പ്രതികരിച്ചിരുന്നു.

ആക്രമണോത്സുക ശൈലിയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നാണു ബട്‌ലർ ബിബിസി സ്പോർട്ടിനോടു വ്യക്തമാക്കിയത്. 

‘ഇംഗ്ലണ്ടിന്റെ ശൈലിയിൽ യാതൊരു തരത്തിലുമുള്ള മാറ്റവും വരുത്തേണ്ട ആവശ്യം ഉള്ളതായി തൽക്കാലം തോന്നുന്നില്ല. ഓയിൻ മോർഗന്റെ അതേ രീതിയിലാണു ഞാനും കളിയെ സമീപിക്കുന്നത്. മോർഗന്റെ അതേ ശൈലിയിൽ ഇംഗ്ലണ്ട് കളിക്കാനാണ് ‍ഞാൻ ആഗ്രഹിക്കുന്നത്. ആക്രമണോത്സുക ശൈലി തുടരുക, തോൽവികളിൽ ഭയക്കുന്നില്ല. 

ഇനി ഇംഗ്ലണ്ടിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത് ആരാണെങ്കിലും അവരും ഇതേ ശൈലി തുടരണമെന്നാണ് എന്റെ ആഗ്രഹം. ഇനി ഒരു തിരിച്ചുപോക്കില്ല. ഈ ശൈലിയെ ചിലരെങ്കിലും അടുത്ത തലത്തിലേക്കു കൊണ്ടുചെന്നെത്തിക്കാൻ ശ്രമിക്കുമെന്നാണു ഞാൻ കരുതുന്നത്’– ബ‌ട്‌ലറുടെ വാക്കുകൾ.

ഇതിനു മുൻപ് ഇംഗ്ലണ്ടിനെ 9 ഏകദിനത്തിലും 5 ട്വന്റി20കളിലും ബട്‌ലർ നയിച്ചിട്ടുണ്ട്. ബട്‌ലർക്കു കീഴിൽ 9 ജയങ്ങളാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയിട്ടുള്ളത്. നെതർലൻഡിനെതിരായ 3 മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് ബട്‌ലർ ഇതിനു മുൻപ് ഇംഗ്ലണ്ടിനെ നയിച്ചത്. പരമ്പര ഇംഗ്ലണ്ട് തൂത്തുവാരിയിരുന്നു (3–0).

 

English Summary: "There's not much at the moment that needs changing" - Jos Buttler declares England will be 'really aggressive' against India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com