ADVERTISEMENT

തിരുവനന്തപുരം ∙ കേരള ക്രിക്കറ്റിലെ ചങ്കുറപ്പിന്റെ പര്യായമായിരുന്നു ഒ.കെ.രാംദാസ് എന്ന കണ്ണൂരുകാരൻ. രഞ്ജി ട്രോഫിയിൽ എതിരാളികളുടെ പേസ് ആക്രമണത്തെ ധൈര്യത്തോടെ നേരിട്ട് എഴുപതുകളിൽ കേരളത്തിനു വിശ്വസിക്കാവുന്ന ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തിയ പോരാളി. ആദ്യ സ്പെല്ലിൽത്തന്നെ ഓപ്പണർമാർ ഔട്ടാകുന്ന പതിവു മാറ്റിക്കുറിച്ചതു രാംദാസും സുരി ഗോപാലകൃഷ്‌ണനും ചേർന്നായിരുന്നു. കേരള ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളായി രാംദാസിനെ ചരിത്രം രേഖപ്പെടുത്തുന്നതും ഇന്ത്യൻ ടീം താരങ്ങൾ ഉൾപ്പെടെയുള്ള എതിരാളികളെ ധീരതയോടെ നേരിട്ട ഇന്നിങ്സുകളുടെ പേരിലാണ്.

20–ാം വയസ്സിൽ ബാലൻ പണ്ഡിറ്റിന്റെ ക്യാപ്റ്റൻസിയിൽ മൈസൂരിനെതിരെ ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം. ഇന്ത്യൻ ടീമിലെ 5 താരങ്ങൾ ഉൾപ്പെട്ട മൈസൂരിനെതിരെ കേരളം കളി തോറ്റെങ്കിലും രാംദാസ് ടീമിൽ സ്ഥാനം ഉറപ്പിച്ചു.  

 പാഡഴിച്ച ശേഷം റഫറിയും സിലക്ടറും സംഘാടകനുമായെല്ലാം തിളങ്ങിയ അദ്ദേഹം കേരളത്തിൽ നടന്ന രാജ്യാന്തര വെറ്ററൻസ് മത്സരങ്ങളുടെ കമന്റേറ്ററുമായിട്ടുണ്ട്. കപിൽ ദേവിനെ ഏറെ ആരാധിച്ചിരുന്ന അദ്ദേഹം ഏക മകനു നൽകിയതും പ്രിയതാരത്തിന്റെ പേരാണ്.

മൂന്നു മാസം മുൻപ് ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ മീൻമുള്ളു തറച്ചതാണ് ജീവിതത്തിൽ വില്ലനായത്. ഇതുമൂലമുണ്ടായ മുറിവിൽ അണുബാധ ഗുരുതരമായതോടെ കഴിഞ്ഞ മാസം സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. പിന്നാലെയാണു പക്ഷാഘാതം ഉണ്ടായത്. ശ്രീചിത്ര ആശുപത്രിയിലേക്കു മാറ്റി.  നില മെച്ചപ്പെട്ടു വരുന്നതിനിടെയാണ് ഇന്നലെ രാവിലെ വീണ്ടും കടുത്ത ഹൃദയാഘാതം ജീവനെടുത്തത്.

English Summary: Remembering OK Ramdas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com