ADVERTISEMENT

മാഞ്ചസ്റ്റർ ∙ ഒന്നു തിരി കൊളുത്തിയാൽ ഋഷഭ് പന്ത് തീപ്പന്താകും!  ഉജ്വല സെഞ്ചറിയോടെ പന്തും ഓൾറൗണ്ട് പ്രകടനത്തോടെ ഹാർദിക് പാണ്ഡ്യയും അടിച്ചുകയറിയപ്പോൾ ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം. മൂന്നു മത്സര പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. 113 പന്തിൽ 125 റൺസുമായി പുറത്താകാതെ നിന്ന് പന്ത് പ്ലെയർ ഓഫ് ദ് മാച്ചായി. 3 മത്സരങ്ങളിൽ നിന്നായി 100 റൺസും 6 വിക്കറ്റുകളും നേടിയ ഹാർദിക്കാണ് പരമ്പരയുടെ താരം. 4 വിക്കറ്റെടുത്ത് ഇംഗ്ലണ്ട് ബാറ്റിങ്ങിനെ തകർത്ത ഹാർദിക് പിന്നീട് 71 റൺസെടുത്ത് പന്തിനു മികച്ച കൂട്ടാവുകയും ചെയ്തു.

ശിഖർ ധവാൻ (1), രോഹിത് ശർമ (17), വിരാട് കോലി (17), സൂര്യകുമാർ യാദവ് (16) എന്നിവരെല്ലാം നിലയുറപ്പിക്കാനാവാതെ മടങ്ങിയപ്പോൾ 16.2 ഓവറിൽ 4 വിക്കറ്റിന് 72 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ പിന്നീട് ക്രീസിൽ ഒത്തു ചേർന്ന പന്തും ഹാർദിക്കും ഇന്ത്യയെ വിജയത്തിനരികെ എത്തിച്ചതിനു ശേഷമാണ് പിരിഞ്ഞത്.

അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്നു നേടിയത് 133 റൺസ്. ടീം സ്കോർ 205ൽ എത്തിയപ്പോൾ ഹാർദിക് പുറത്തായെങ്കിലും രവീന്ദ്ര ജഡേജയെ (7 നോട്ടൗട്ട്) സാക്ഷി നിർത്തി പന്ത് അതിവേഗം ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഡേവിഡ് വില്ലി എറിഞ്ഞ 42–ാം ഓവറിൽ തുടരെ 5 ഫോറുകളാണ് പന്ത് അടിച്ചത്. ആകെ 16 ഫോറും 2 സിക്സും അടങ്ങുന്നതാണ് പന്തിന്റെ കന്നി ഏകദിന സെഞ്ചറി.

ലോ‍ഡ്സിൽ നടന്ന രണ്ടാം ഏകദിനത്തിൽ പന്ത് പൂജ്യത്തിനു പുറത്തായിരുന്നു. ഇന്ത്യ 100 റൺസിന്റെ തോൽവി വഴങ്ങി. അന്ന് തല താഴ്ത്തി ഡ്രസിങ് റൂമിലേക്കു കയറിപ്പോയ പന്താണ് സൂപ്പർ ഫോമിൽ‌ തിരിച്ചെത്തി ഇംഗ്ലിഷ് ബോളർമാരെ കണക്കിന് പ്രഹരിച്ചത്. പന്ത്– പാണ്ഡ്യ സഖ്യത്തിന്റെ കരിയറിലെ ആദ്യ സെഞ്ചറി കൂട്ടുകെട്ടാണിത്. 2021 ൽ പുണെയിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 99 റണ്‍സാണ് താരങ്ങളുടെ കൂട്ടുകെട്ടിൽ ഇതിനു മുൻപു പിറന്ന മികച്ച സ്കോർ. 11.4 ഓവറിൽ 99 റൺസെടുത്ത സഖ്യം ഏഴു റൺസ് വിജയമാണ് അന്ന് ടീം ഇന്ത്യയ്ക്കു നേടിക്കൊടുത്തത്.

ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ഒരു ഇന്നിങ്സിൽ അർധ സെഞ്ചറിയും നാലോ അതിൽ കൂടുതലോ വിക്കറ്റുകളും ഒരുമിച്ചു നേടുന്ന രണ്ടാമത്തെ താരമാണ് ഹാർദിക് പാണ്ഡ്യ. പാക്കിസ്ഥാൻ താരം മുഹമ്മദ് ഹഫീസും ഈ അപൂർവനേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഹാർദിക് 3 ഫോർമാറ്റിലും ഈ നേട്ടം കൈവരിച്ചത് ഇംഗ്ലണ്ടിനെതിരെയാണ്.

English Summary: Rishabh Pant, Hardik Pandya power India to series victory against England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com