ADVERTISEMENT

ലണ്ടൻ∙ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ഇടവേളകളില്ലാത്ത മത്സര ക്രമത്തിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. ആരോഗ്യത്തിന്റെ കാര്യം കൂടി ശ്രദ്ധിക്കണമെന്നതിനാലാണ് ഇപ്പോൾ വിരമിക്കുന്നതെന്ന് സ്റ്റോക്സ് പ്രതികരിച്ചു. ‘‘ഇത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഞാനിപ്പോൾ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ്. പെട്രോൾ നിറയ്ക്കുന്ന കാറുകളല്ല ഞങ്ങൾ. എനിക്ക് എന്റെ ശരീരത്തിന്റെ കാര്യം കൂടി പരിഗണിക്കണം, കാരണം എന്നെക്കൊണ്ടു പറ്റുന്നത്രയും കാലം ക്രിക്കറ്റ് കളിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നുണ്ട്. തിങ്ങിനിറഞ്ഞ മത്സരക്രമമാണ് ഇപ്പോഴുള്ളത്’’– വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ബെൻ സ്റ്റോക്സ് പ്രതികരിച്ചു.

‘‘രാജ്യത്തിനു വേണ്ടി കളിക്കാനിറങ്ങുമ്പോഴെല്ലാം നൂറ് ശതമാനം പരിശ്രമിക്കാനാണു നിങ്ങൾ താരങ്ങളോട് ആവശ്യപ്പെടുക. വൈറ്റ് ബോൾ ക്രിക്കറ്റ് നിർത്തി ജെയിംസ് ആന്‍ഡേഴ്സൻ, സ്റ്റുവർട്ട് ബ്രോഡ് എന്നിവരെ പോലെ ഒരു കരിയര്‍ നേടാനാണു ഞാൻ താൽപര്യപ്പെടുന്നത്. ഇംഗ്ലണ്ടിനായി 140, 150 ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 36 വയസ്സൊക്കെ ആകുമ്പോൾ‌ ഞാനെടുത്ത തീരുമാനത്തില്‍ ഞാൻ സന്തുഷ്ടനായിരിക്കും’’– സ്റ്റോക്സ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഏകദിന ക്രിക്കറ്റിൽനിന്നു വിരമിക്കുകയാണെന്ന് ബെൻ സ്റ്റോക്സ് പ്രഖ്യാപിച്ചത്. സ്റ്റോക്സിന്റെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ 62 റൺസിനു തോൽപിച്ചു. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 333 റൺസെടുത്തപ്പോൾ, ഇംഗ്ലണ്ട് 46.5 ഓവറിൽ 271 റൺസിനു പുറത്തായി. 11 പന്തുകൾ നേരിട്ട ബെൻ സ്റ്റോക്സ് അഞ്ചു റൺസെടുത്താണ് ചെസ്റ്റർ ലെ സ്ട്രീറ്റിൽ നടന്ന മത്സരത്തിൽ പുറത്തായത്.

English Summary: ‘We’re not cars where you can fill us up with petrol’ – Ben Stokes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com