ADVERTISEMENT

പോർട് ഓഫ് സ്പെയിൻ ∙ ആവേശം കെടുത്തി രണ്ടു തവണ എത്തിനോക്കിയ മഴയെയും, മഴയ്ക്കു മുൻപും ഇടയ്ക്കും ശേഷവുമായി പൂർത്തിയായ മൂന്നാം ഏകദിനത്തിൽ ആതിഥേയരായ വെസ്റ്റിൻഡീസിനെയും തോൽപ്പിച്ച് ഇന്ത്യയ്ക്ക് സമ്പൂർണ പരമ്പര ജയം. മഴമൂലം ആദ്യം 40 ഓവറായും പിന്നീട് 35 ഓവറായും വെട്ടിച്ചുരുക്കിയ മത്സരത്തിൽ 119 റൺസിനാണ് ഇന്ത്യ വിൻഡീസിനെ തോൽപ്പിച്ചത്. റൺ മാർജിനിൽ വിൻഡീസ് മണ്ണിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിജയമാണിത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ നിശ്ചിത 36 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 225 റൺസ്. വിൻഡീസിന്റെ മറുപടി 26 ഓവറിൽ 137 റൺസിൽ അവസാനിച്ചു. വിൻഡീസിനെതിരെ ഇന്ത്യയുടെ തുടർച്ചയായ 12–ാം ഏകദിന പരമ്പര വിജയമാണിത്. ഏകദിനത്തിലെ തുടർച്ചയായ ഒൻപതാം തോൽവിയെന്ന നാണക്കേട് വിൻഡീസിനും.

മഴയുടെ ‘ശല്യ’ത്തിനിടയിലും പൊരുതിനിന്ന ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലാണ് കളിയിലെ കേമനും പരമ്പരയുടെ താരവും. ഏകദിനത്തിലെ കന്നി സെഞ്ചറി വെറും രണ്ടു റൺസിനാണ് ഗില്ലിനു നഷ്ടമായത്. അതും മഴമൂലം രണ്ടാമതും മത്സരം വെട്ടിച്ചുരുക്കിയതുകൊണ്ടു മാത്രം. ഗിൽ 98 പന്തിൽ 98 റൺസുമായി പുറത്താകാതെ നിന്നു. ഏഴു ഫോറും രണ്ടു സിക്സും സഹിതമാണിത്.

ക്യാപ്റ്റൻ കൂടിയായ സഹ ഓപ്പണർ ശിഖർ ധവാനും അർധസെഞ്ചറി നേടി. 74 പന്തുകൾ നേരിട്ട ധവാൻ ഏഴു ഫോറുകളോടെ 58 റൺസെടുത്തു. ശ്രേയസ് അയ്യർ 44 റൺസെടുത്തു. 34 പന്തിൽ നാലു ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് അയ്യരുടെ ഇന്നിങ്സ്. സൂര്യകുമാർ യാദവ് ആറു പന്തിൽ എട്ടു റൺസുമായി ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. സഞ്ജു സാംസൺ ഏഴു പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു.

ഓപ്പണിങ് വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട് തീർത്ത ശിഖർ ധവാൻ – ഗിൽ സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോറിന് അടിത്തറയിട്ടത്. 22.5 ഓവറിൽ ഇരുവരും കൂട്ടിച്ചേർത്തത് 113 റൺസ്. ധവാൻ പുറത്തായശേഷം രണ്ടാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പം അർധസെഞ്ചറി കൂട്ടുകെട്ട് തീർക്കാനും ഗില്ലിനായി. 10 ഓവറിൽ ഇരുവരും കൂട്ടിച്ചേർത്തത് 86 റൺസ്. വിൻഡീസിനായി ഹെയ്ഡൻ വാൽഷ് രണ്ടും അകീൽ ഹുസൈൻ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിന് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയർത്താനായില്ല. വിൻഡീസ് നിരയിൽ 42 റൺസ് വീതം നേടിയ ബ്രാണ്ടൻ കിങ്, ക്യാപ്റ്റൻ നിക്കൊളാസ് പുരാൻ എന്നിവരാണ് ടോപ് സ്കോറർമാർ. കിങ് 37 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതവും പുരാൻ 32 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതവുമാണ് 42 റൺസെടുത്തത്.

ഇവർക്കു പുറമെ ഓപ്പണർ ഷായ് ഹോപ്പ് (33 പന്തിൽ 22), ഹെയ്ഡൻ വാൽഷ് (എട്ടു പന്തിൽ 10) എന്നിവർ മാത്രമാണ് രണ്ടക്കത്തിലെത്തിയത്. കൈൽ മയേഴ്സ് (0), ഷർമ ബ്രൂക്സ് (0), കീസി കാർട്ടി (5), അകീൽ ഹുസൈൻ (1), കീമോ പോൾ (0), ജെയ്ഡൻ സീൽസ് (0) എന്നിവർ നിരാശപ്പെടുത്തി. ജെയ്സൻ ഹോൾഡർ ഒൻപതു റൺസുമായി പുറത്താകാതെ നിന്നു.

നാല് ഓവറിൽ 27 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചെഹലാണ് ഇന്ത്യൻ ബോളർമാരിൽ മികച്ചുനിന്നത്. മുഹമ്മദ് സിറാജ് മൂന്ന് ഓവറിൽ 14 റൺസ് വഴങ്ങിയും ഷാർദുൽ ഠാക്കൂർ അഞ്ച് ഓവറിൽ 17 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അക്ഷർ പട്ടേൽ, പ്രസിദ്ധ് കൃഷ്ണ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

English Summary: West Indies vs India, 3rd ODI - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com