ADVERTISEMENT

മുംബൈ ∙ വിരാട് കോലി – രോഹിത് ശർമ എന്നിവരുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ട്രഷറർ അരുൺ ധൂമൽ. കോലിയാണോ രോഹിത്താണോ മികച്ച ബാറ്റർ എന്നതുൾപ്പെടെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളെല്ലാം ആരാധകരുടെ സ്വന്തം സൃഷ്ടിയാണെന്ന് ധൂമൽ വ്യക്തമാക്കി. ഇതിൽ ഒരാളെ മികച്ചതോ മറ്റൊരാളെ മോശമോ ആയി ബിസിസിഐ പരിഗണിക്കുന്നില്ലെന്നും ധൂമൽ ഒരു അഭിമുഖത്തിൽ വിശദീകരിച്ചു.

‘‘ഞങ്ങൾ ഇതേക്കുറിച്ച് ചിന്തിക്കാറു പോലുമില്ല. കളിയോടുള്ള ആരാധകരുടെ ആവേശമാണ് ഇത്തരത്തിലുള്ള ചർച്ചകൾക്കു പിന്നിൽ. ഒരു പ്രത്യേക വികാരത്തോടു ചേർന്നു നിൽക്കുമ്പോൾ നമുക്ക് അങ്ങനെയെല്ലാം തോന്നും. മാത്രമല്ല, മനസ്സിൽ തോന്നുന്ന കാര്യങ്ങളെല്ലാം പറയാനും പങ്കുവയ്ക്കാനുമുള്ള വേദിയാണ് സമൂഹമാധ്യമങ്ങളെന്നതും ഓർക്കണം’ – ധൂമൽ പറഞ്ഞു.

‘‘ഇത്തരത്തിൽ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാത്തതു കൊണ്ടാണ് ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ അവരുടെ മനസ്സു തുറക്കുന്നത്. ഇതോടെ ഇത്തരത്തിലൊരു പ്രശ്നം നിലനിൽക്കുന്നുണ്ടെന്നു ജനത്തിനു തോന്നും. മുൻപ് സുനിൽ ഗാവസ്കർ – കപിൽ ദേവ്, പിന്നീട് സച്ചിൻ – ഗാംഗുലി എന്നിങ്ങനെ രണ്ടു താരങ്ങളെ കേന്ദ്രീകരിച്ച് നാം ഈ ചർച്ചകൾ കണ്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്ന ചില കാര്യങ്ങൾ ഊതിപ്പെരുപ്പിക്കുന്നതാണ്. ചിലർ അത് ശരിയാണെന്നു ധരിക്കുന്നു’ – ധൂമൽ ചൂണ്ടിക്കാട്ടി.

English Summary: 'We saw it with Gavaskar and Kapil Dev, Tendulkar and Ganguly': Top BCCI official addresses Kohli vs Rohit debate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com