ADVERTISEMENT

ഫോർട്ട് ലോഡർഹിൽ (ഫ്ലോറിഡ) ∙ കരീബിയൻ ദ്വീപുകളിൽനിന്ന് ആത്മവിശ്വാസത്തിന്റെ ചിറകിലേറി യുഎസിൽ പറന്നിറങ്ങിയ ടീം ഇന്ത്യ ഇന്ന് നാലാം രാജ്യാന്തര ട്വന്റി20 മത്സരത്തിൽ വെസ്റ്റിൻഡീസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8ന് ആരംഭിക്കുന്ന മത്സരത്തിൽ വിജയിച്ചാൽ 5 മത്സര പരമ്പര ഇന്ത്യയ്ക്കു സ്വന്തമാകും. കരീബിയൻസിൽ നടന്ന ആദ്യ 3 കളികളിൽ രണ്ടെണ്ണം ഇന്ത്യയും ഒരെണ്ണം വിൻഡീസും ജയിച്ചിരുന്നു. ശേഷിക്കുന്ന 2 മത്സരങ്ങളും ഫ്ലോറിഡയിലാണ്.

മൂന്നാം മത്സരത്തിലെ ബാറ്റിങ്ങിനിടെ പുറംവേദന മൂലം ഇടയ്ക്കു കളം വിട്ട ക്യാപ്റ്റൻ രോഹിത് ശർമ ഇന്നു കളിക്കുമെന്നാണ് സൂചന. രോഹിത് കളിക്കാത്ത പക്ഷം സഞ്ജു സാംസണ് അവസരം ലഭിക്കാനും സാധ്യതയുണ്ട്. മൂന്നാം നമ്പറിൽ തിളങ്ങാത്ത ശ്രേയസ് അയ്യർ‌ക്കു പകരം സഞ്ജുവിന് അവസരം നൽകാനും സാധ്യതയുണ്ട്. വിരാട് കോലിയുടെയും ‌കെ.എൽ. രാഹുലിന്റെയും അസാന്നിധ്യത്തിൽ ഓപ്പണിങ്ങിലും മൂന്നാം നമ്പറിലും നടത്തിയ പരീക്ഷണങ്ങൾ പൂർണമായും വിജയം കണ്ടിട്ടില്ല.

കഴിഞ്ഞ മത്സരത്തിൽ സൂര്യകുമായർ യാദവ് ഓപ്പണങ്ങിൽ തിളങ്ങിയത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. എങ്കിലും മൂന്നാം നമ്പറിൽ ശ്രേയസ് അയ്യരുടെ മെല്ലപ്പോക്ക് തലവേദനയാണ്. പരമ്പരയ്ക്കുശേഷം ഏഷ്യാകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുമെന്നതിനാൽ അയ്യർക്ക് മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് നിർണായകമാണ്. കഴിഞ്ഞ രണ്ടര മാസത്തിനിടെ ഒൻപത് ട്വന്റി20 മത്സരങ്ങൾ അയ്യർ കളിച്ചെങ്കിലും ഒരു അർധസെഞ്ചറി പോലും നേടാൻ സാധിച്ചിട്ടില്ല. എല്ലാ മത്സരത്തിലും ആദ്യ പത്ത് ഓവറിനു മുൻപ് താരം ക്രീസിലെത്തിയിരുന്നു.

ഇനിയും ശ്രേയസിന് അവസരം കൊടുക്കേണ്ടതില്ലെന്നാണ് കോച്ച് രാഹുൽ ദ്രാവിഡിന്റെ തീരുമാനമെങ്കിൽ സഞ്ജു സാംസണ് അവസരം ലഭിക്കും. ലഭിച്ച അവസരങ്ങൾ മിക്കവയും മുതലാക്കിയ ദീപക് ഹൂഡയും പ്ലേയിങ് ഇലവനിൽ സ്ഥാനം നിലനിർത്തിയേക്കും. മൂന്നാം ട്വന്റി20യിൽ രവീന്ദ്ര ജ‍ഡേജയ്ക്കു പകരമാണ് ദീപക് ഹൂഡ അന്തിമ ഇലവനിലെത്തിയത്.

ബോളിങ് വിഭാഗത്തിൽ, ആവേശ് ഖാന്റെ ‘ധൂർത്ത്’ ആണ് ഇന്ത്യയെ കുഴപ്പിക്കുന്നത്. മൂന്നാം ടി20യിൽ മൂന്ന് ഓവറിൽ 47 റൺസാണ് ആവേശ് വിട്ടുകൊടുത്ത്. 15.67 ആണ് ഇക്കോണമി. ഹർഷൽ പട്ടേലിന്റെ പരുക്കാണ് ആവേശിനെ വീണ്ടും കളിപ്പിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. അല്ലെങ്കിൽ ഒരു സ്പിന്നറെ കൂടി അധികം കളിപ്പിക്കുകയാണ് പോംവഴി. അങ്ങനെയെങ്കിൽ ആവേശ് ഖാന് പകരം രവി ബിഷ്ണോയ്ക്കോ കുൽദീപ് യാദവിനോ അവസരം ലഭിച്ചേക്കും.

സാധ്യതാ ഇലവൻ:

ഇന്ത്യ: രോഹിത് ശർമ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ/സഞ്ജു സാംസൺ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, ദിനേഷ് കാർത്തിക്, ആർ.അശ്വിൻ, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ /രവി ബിഷ്ണോയ്/ഹർഷൽ പട്ടേൽ, കുൽദീപ് യാദ്, അർഷ്ദീപ് സിങ്

വെസ്റ്റിൻഡീസ്: ബ്രാൻഡൻ കിങ്, കൈൽ മേയേഴ്‌സ്, നിക്കോളാസ് പുരാൻ, റോവ്‌മൻ പവൽ, ഷിമോൺ ഹെറ്റ്‌മെയർ, ഡെവൺ തോമസ്, ജേസൺ ഹോൾഡർ, ഡൊമിനിക് ഡ്രെക്‌സ്/കീമോ പോൾ, അകീൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബേദ് മക്കോയ്

English Summary: West Indies vs India, 4th T20I

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com