ഫ്ലോറിഡ∙ പ്രധാന താരങ്ങളിൽ പലരുമില്ലാതെ ഇറങ്ങിയിട്ടും വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പര അതിഗംഭീരമായാണ് ടീം ഇന്ത്യ ജയിച്ചത്. 4–1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഫ്ലോറിഡയിലെ അഞ്ചാം ട്വന്റി20യിൽ ഇന്ത്യൻ വിജയം 88 റൺസിന്. സെന്റ് കിറ്റ്സിൽ നടന്ന ഒരു മത്സരത്തിൽ മാത്രമാണ് ആതിഥേയർക്കു വിജയിക്കാനായത്. ഫ്ലോറിഡയിലെ അഞ്ചാം മത്സരത്തിലെ വിജയത്തിനു ശേഷം ഗ്രൗണ്ടിലുണ്ടായിരുന്ന ഗോൾഫ് കാര്‍ ഓടിച്ചാണ് രോഹിത് ശർമയും താരങ്ങളും ജയം ആഘോഷിച്ചത്.
ക്യാപ്റ്റൻ രോഹിത് വളയം പിടിച്ചപ്പോൾ സഹതാരങ്ങൾ വാഹനത്തിൽ കയറിനിന്നും ഇരുന്നും യാത്ര ചെയ്തു. ഋഷഭ് പന്ത്, ഇഷാൻ കിഷന്‍, അക്സർ പട്ടേൽ, സഞ്ജു സാംസൺ, ദിനേഷ് കാർത്തിക്ക്, ദീപക് ഹൂഡ, അശ്വിൻ, രവി ബിഷ്ണോയി, സൂര്യ കുമാർ യാദവ് എന്നിവരാണു രോഹിത് ശർമയ്ക്കൊപ്പം ഗോൾഫ് കാറില്‍ യാത്ര ചെയ്തത്. ഇന്ത്യൻ താരങ്ങളെ പരമാവധി പ്രോൽസാഹിപ്പിച്ച് മലയാളികളുൾപ്പെടെയുള്ള നൂറു കണക്കിന് ആരാധകരും ഗാലറിയിൽ നിറഞ്ഞു.
ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇരിക്കുകയായിരുന്ന സഞ്ജുവിനെയും ആരാധകർ മറന്നില്ല. സഞ്ജുവിന്റെ പേര് ആരാധകര്‍ വിളിക്കുമ്പോള്‍ സഹതാരങ്ങള്‍ അതിനെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടായിരുന്നു. സല്യൂട്ട് ചെയ്താണ് സഞ്ജു ആരാധകരോടു പ്രതികരിച്ചത്.
English Summary: Rohit Sharma and Co. indulge in victory lap as Indian skipper drives golf cart in stadium