ലണ്ടൻ∙ ഇംഗ്ലണ്ടിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് സ്പെഷലിസ്റ്റ് ചേതേശ്വർ പൂജാര. സസെക്സ് ടീമിന്റെ ഭാഗമായ പൂജാര റോയൽ ലണ്ടൻ വൺഡേ കപ്പ് ക്രിക്കറ്റില്‍ അതിവേഗ സെഞ്ചറി നേടി. 79 പന്തിൽ 107 റൺസെടുത്ത താരം ഒരു ഓവറിൽ നേടിയത് 22 റൺസാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പോലും പൂജാരയിൽനിന്ന് ഇത്തരമൊരു ഇന്നിങ്സ് കണ്ടിട്ടില്ല.
ഇന്ത്യയ്ക്കായി അടുത്ത കാലത്ത് ടെസ്റ്റ് ടീമിൽ മാത്രമാണു താരം കളിച്ചിരുന്നത്. 2021 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരവും കളിച്ചിട്ടില്ല. വാർവിക്‌ഷെയറിനെതിരെ 50 ഓവറിൽ 311 റൺസെന്ന സ്കോര്‍ വിജയലക്ഷ്യമായി വന്നതോടെയാണ് പൂജാര വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. അവസാന പത്ത് ഓവറുകളിൽ സസെക്സിനു ജയിക്കാൻ വേണ്ടിയിരുന്നത് 102 റൺസായിരുന്നു. അർധസെഞ്ചറിയിൽനിന്ന് വെറും 22 പന്തിലാണ് പൂജാര സെഞ്ചറി തികച്ചത്.
ഇംഗ്ലിഷ് താരം ലിയാം നോർവെൽ എറിഞ്ഞ 45–ാം ഓവറിലായിരുന്നു താരം 22 റൺസടിച്ചത്. 4,2,4,2,6,4 എന്നിങ്ങനെ സ്കോറുകളാണ് പൂജാര ഈ ഓവറിലെ ഓരോ പന്തുകളിലും നേടിയത്. മത്സരത്തിന്റെ 49–ാം ഓവറിൽ താരം പുറത്തായതോടെ സസെക്സിന്റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 306 റൺസിൽ അവസാനിച്ചു. വാർവിക്‌ഷെയർ താരം ഒലിവർ ഹാനൻ ഡാൽബിയാണു പൂജാരയെ പുറത്താക്കിയത്.
അവസാന രണ്ട് ഓവറുകളിൽ സസെക്സിനു ജയിക്കാൻ വേണ്ടിയിരുന്നത് 20 റൺസായിരുന്നു. പൂജാരയുടെ പുറത്താകൽ സസെക്സിന് അപ്രതീക്ഷിത തിരിച്ചടിയായി. നാല് റൺസ് വിജയമാണ് വാർവിക്‌ഷെയർ സ്വന്തമാക്കിയത്. വാർവിക്‌ഷെയർ ടീമിനായി ഇന്ത്യൻ താരം ക്രുനാൽ പാണ്ഡ്യ കളിക്കുന്നുണ്ട്. മൂന്ന് മത്സരങ്ങളിൽനിന്ന് നാലു പോയിന്റുമായി പൂജാരയുടെ ടീം ടൂർണമെന്റിൽ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയ്ക്കായി അഞ്ച് ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള പൂജാര 51 റൺസാണ് ആകെ നേടിയിട്ടുള്ളത്.
English Summary: Cheteshwar Pujara slams 22 runs in one over in Royal London One Day Cup