ഇസ്‍ലാമബാദ്∙ ദ് ഹണ്ട്രഡ് ക്രിക്കറ്റ് ലീഗിനിടെ പാക്കിസ്ഥാൻ താരം മുഹമ്മദ് ഹസ്നൈന്റെ പന്തിൽ പുറത്തായതിനെ തുടർന്ന് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാര്‍കസ് സ്റ്റോയ്നിസ് പാക്ക് താരത്തിന്റെ ബോളിങ് ആക്ഷനെതിരെ പ്രതിഷേധിച്ചിരുന്നു. പുറത്തായതിനു പിന്നാലെ പാക്കിസ്ഥാൻ ബോളറുടെ ബോളിങ് ആക്ഷൻ അനുകരിച്ചുകൊണ്ടാണു താരം ഗ്രൗണ്ട് വിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്റ്റോയ്നിസിനെയും പാക്ക് താരത്തിനെയും പിന്തുണച്ചു നിരവധി പേരാണു രംഗത്തെത്തിയത്.
എന്നാലിപ്പോൾ ഓസ്ട്രേലിയൻ താരത്തിനെതിരെ രൂക്ഷ വിമര്‍ശനമുയർത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ മുൻ പേസർ ശുഐബ് അക്തർ. സ്റ്റോയ്നിസിന്റെ നടപടി നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്ന് അക്തർ ട്വിറ്ററിൽ കുറിച്ചു. ‘‘ ഇത്തരം കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു. തീർച്ചയായും ഐസിസിയും ഇക്കാര്യത്തിൽ മിണ്ടാതിരിക്കുകയാണ്. ഒരു താരത്തെയും അങ്ങനെ ചെയ്യാന്‍ അനുവദിക്കരുത്’’– അക്തർ ട്വിറ്ററിൽ കുറിച്ചു.
ബോളിങ് ആക്ഷന്റെ കാര്യത്തിൽ അധികൃതരിൽനിന്ന് അനുമതി ലഭിച്ച സാഹചര്യത്തില്‍ സ്റ്റോയ്നിസിന്റെ അഭിപ്രായം അനാവശ്യമാണെന്നാണ് അക്തറിന്റെ നിലപാട്. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ പ്രത്യേകതരം ബോളിങ് ആക്ഷന്റെ പേരിൽ വിലക്കു നേരിട്ടയാളാണ് ഹസ്നൈൻ. താരത്തിന്റെ ആക്ഷനെതിരെ മറ്റൊരു ഓസീസ് താരമായ മോയ്സസ് ഹെൻറിക്കസും രംഗത്തെത്തിയിരുന്നു. പാക്ക് താരം പന്തെറിയുമ്പോൾ കൈമുട്ട് മടങ്ങുന്നുണ്ടെന്നാണ് എതിരാളികളുടെ പരാതി. മത്സരത്തിനു പിന്നാലെ സ്റ്റോയ്നിസിനോട് മാച്ച് റഫറി സംസാരിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
English Summary: How dare you do such things? Shoaib Akhtar hits out at Marcus Stoinis