പെന്‍ഷന്‍ ഏകവരുമാനം, സച്ചിന് എല്ലാം അറിയാം, ഒന്നും പ്രതീക്ഷിക്കുന്നില്ല: ദുരിതം പറഞ്ഞ് വിനോദ് കാംബ്ലി

വിനോദ് കാംബ്ലിയും സച്ചിൻ തെൻഡുൽക്കറും. Photo: AFP
വിനോദ് കാംബ്ലിയും സച്ചിൻ തെൻഡുൽക്കറും. Photo: AFP
SHARE

അരങ്ങേറ്റ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ, നേരിട്ട ആദ്യ പന്ത് സിക്സർ അടിച്ച വീര്യമിപ്പോൾ വിനോദ് കാംബ്ലിയുടെ ജീവിതത്തിലില്ല. സൂപ്പർ ഹിറ്റാകേണ്ട കരിയർ എങ്ങുമെത്തിയില്ല. ഒപ്പം സാമ്പത്തിക പ്രതിസന്ധിയും. വിരമിച്ച ക്രിക്കറ്റർമാർക്കു ബിസിസിഐ നൽകുന്ന 30,000 രൂപ പ്രതിമാസ പെൻഷൻ മാത്രമാണ് വരുമാനമെന്നു വെളിപ്പെടുത്തിയ അൻപതുകാരൻ കാംബ്ലി തനിക്കൊരു ജോലി നൽകാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് അപേക്ഷിച്ചിരിക്കുകയാണിപ്പോൾ.

പെൻഷൻ ഏക വരുമാനം

ബിസിസിഐ നൽകുന്ന പെൻഷനാണ് ഏക വരുമാനമെന്ന് വിനോദ് കാംബ്ലി ഒരു ഇംഗ്ലിഷ് മാധ്യമത്തിലെ അഭിമുഖത്തിലാണു വെളിപ്പെടുത്തിയത്. പ്രതിമാസ പെൻഷൻ 30,000 രൂപ. ജൂൺ ഒന്നിനാണ് ബിസിസിഐ പെൻഷൻ തുക വർധിപ്പിച്ചത്. അതിനു മുൻപു ലഭിച്ചിരുന്നത് 15,000 രൂപ. (സച്ചിൻ തെൻഡുൽക്കർക്കു നിലവിലെ പെൻഷൻ തുക 75,000 രൂപ)

തകർന്ന കാംബ്ലി !

ഉത്തരേന്ത്യൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം 2022ന്റെ തുടക്കത്തിൽ കാംബ്ലിയുടെ വാർഷിക വരുമാനം 4 ലക്ഷം രൂപയാണ്. (മുംബൈയിൽ വീടും റേഞ്ച് റോവർ കാറും സ്വന്തമായുണ്ട്.) മെഡിക്കൽ ഇൻഷുറൻസിന്റെ കാലാവധി കഴിഞ്ഞെന്നും വീട്ടിലേക്കുള്ള ടാക്സി തുക കടം വാങ്ങേണ്ടി വന്ന വാർത്ത ശരിയാണെന്നും കാംബ്ലി അഭിമുഖത്തിൽ പറയുന്നു. ക്രിക്കറ്റിനു പുറമേ, പരസ്യങ്ങളും കമന്ററിയുമായിരുന്നു പ്രധാന വരുമാന മാർഗം. 2 ഹിന്ദി സിനിമകളിലും ഒരു കന്നഡ സിനിമയിലും അഭിനയിച്ചു. കോവിഡ് വന്നതോടെ ഇവയെല്ലാം നിന്നു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടതോടെ രാഷ്ട്രീയ ഭാവി തീർന്നു.

ഞാൻ രാജ്യം വിട്ടുപോകില്ല. മുംബൈയിൽത്തന്നെ ക്രിക്കറ്റ് പരിശീലനം നൽകി ജീവിക്കാനാണ് ആഗ്രഹം. അവസരങ്ങൾക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിട്ടുണ്ട്.

വിനോദ് കാംബ്ലി‌

2019ൽ അവസാന കോച്ചിങ്

‌‌മുംബൈ ട്വന്റി20 ലീഗിലെ ടീമിനു 2019ൽ പരിശീലനം നൽകിയതിനു ശേഷം ജോലി ലഭിച്ചിട്ടില്ല. നവി മുംബൈയിലെ മിഡിൽസക്സ് ഗ്ലോബൽ അക്കാദമിയിൽ കാംബ്ലിയെ പരിശീലകനായി സച്ചിൻ നിയമിച്ചെങ്കിലും ദൂരക്കൂടുതൽ കാരണം ഒരു വർഷത്തിനു ശേഷം നിർത്തി. 2009ലാണ് അദ്ദേഹം ആദ്യമായി പരിശീലകനായത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലന പരിപാടികളിൽ പങ്കെടുക്കുമെങ്കിലും പ്രതിഫലം ലഭിക്കാറില്ലെന്നും കാംബ്ലി പറയുന്നു.

വിവാദ കാംബ്ലി

∙ ബാറ്റിങ് മികവിൽ ചെറുപ്രായത്തിൽ തന്നെ വാർത്തകളിൽ നിറഞ്ഞ വിനോദ് കാംബ്ലി പിന്നീടു വിവാദങ്ങളുടെ വാർത്താ താരമായി.

∙ 1996 ക്രിക്കറ്റ് ലോകകപ്പിൽ സെമിഫൈനലിൽ ഇന്ത്യ തോറ്റത് താരങ്ങൾ കോഴ വാങ്ങിയണെന്ന് ആരോപിച്ചതു വിവാദമായി.

∙ 2015ൽ വിനോദ് കാംബ്ലിക്കും ഭാര്യ ആൻഡ്രിയയ്ക്കുമെതിരെ വീട്ടുജോലിക്കാരിയെ ആക്രമിച്ചെന്ന കേസ്.

∙ തന്റെ മോശം സമയത്തു സച്ചിൻ സഹായിച്ചിരുന്നില്ലെന്ന് ആരോപിച്ച് വിവാദത്തിലായത് 2009ൽ. 2013ൽ സച്ചിന്റെ വിരമിക്കൽ പാർട്ടിയിൽ കാംബ്ലിയെ ക്ഷണിച്ചില്ല.

∙മോശമായി സ്പർശിച്ചെന്ന് ആരോപിച്ച് ബോളിവുഡ് ഗായകൻ അങ്കിത് തിവാരിയുടെ അച്ഛൻ രാജേന്ദ്ര തിവാരിയെ വിനോദ് കാംബ്ലിയും ഭാര്യ ആൻ‍ഡ്രിയയും ചേർന്നു കയ്യേറ്റം ചെയ്തു.

∙കഴിഞ്ഞ ഫെബ്രുവരിയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിനു കാംബ്ലിക്കെതിരെ ബാന്ദ്ര പൊലീസിൽ കേസ്.

English Summary: Sachin Tendulkar knows everything but I'm not expecting anything: Vinod Kambli in dire need of work

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}