ADVERTISEMENT

മുംബൈ∙ ഏഷ്യ കപ്പ് ക്രിക്കറ്റിലെ ആദ്യ ജയം സ്വന്തം പേരിൽ എഴുതിയ അഫ്‍ഗാനിസ്‌ഥാൻ തന്നെയാകും സൂപ്പർ ഫോറിൽ ആദ്യം ഇടം പിടിക്കുകയെന്നു മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.  ശ്രീലങ്കയെ എട്ടു വിക്കറ്റിനു വീഴ്ത്തിയാണ് അഫ്ഗാൻ ടൂർണമെന്റിലെ തേരോട്ടം ആരംഭിച്ചത്. ഈ ഫോം തുടരുകയാണെങ്കിൽ വിജയിച്ചു കയറാൻ ബംഗ്ലദേശ് വിയർക്കുമെന്നും ഷാർജ സ്റ്റേഡിയത്തിൽ അഫ്ഗാൻ  വിജയം കുറിക്കാനാണ് സാധ്യതയെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു. വിജയവഴിയിൽ തിരിച്ചെത്താൻ ബംഗ്ലദേശ് കഠിനാദ്ധ്വാനം ചെയ്യേണ്ടി വരുമെന്നും ആകാശ് ചോപ്ര പറഞ്ഞു. 

മഹ്മൂദുല്ല, സാബിർ റഹ്മാൻ, മുഷ്ഫിഖുർ റഹീം, ഷാക്കിബ് അൽ ഹസൻ, മെഹ്ദി ഹസൻ മിറാസ് തുടങ്ങിയ വൻ താരങ്ങൾ ബംഗ്ലദേശിന് ഉണ്ടെങ്കിലും ആരും മികച്ച ഫോമിൽ അല്ലെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ രണ്ട് വിജയം മാത്രമാണ് ബംഗ്ലദേശിന് നേടാൻ കഴിഞ്ഞത്. കൂറ്റനടികൾക്ക് കെൽപ്പുള്ള മികച്ച താരങ്ങൾ അഫ്‍ഗാനിസ്ഥാന് ഉണ്ട്. അവരുടെതായ ദിനത്തിൽ അവർക്കുമേൽ മേൽക്കൈ നേടുകയെന്നത് ശ്രമകരമാണെന്നും ആകാശ് ചോപ്ര പറഞ്ഞു. ഹസ്രത്തുള്ള സസായ്, നജിബുല്ല സദ്രാൻ, റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ തുടങ്ങിയ താരങ്ങൾ ഏത് നിമിഷവും കളി അഫ്‍ഗാന് അനുകൂലമാക്കാൻ കഴിവുള്ളവരാണെന്നും ചോപ്ര യുട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.

ട്വന്റി20 യിൽ ബംഗ്ലദേശിനെതിരെ മികച്ച റെക്കോർഡ് ആണ് അഫ്‍ഗാന് ഉള്ളത്. ആകെ കളിച്ച 9 മത്സരങ്ങളിൽ അഞ്ചിലും ജയം അഫ്‌ഗാന് ആയിരുന്നു. 3 എണ്ണം  ബംഗ്ലദേശ് ജയിച്ചപ്പോൾ ഒരു മത്സരം ഉപേക്ഷിച്ചു. ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക, 19.4 ഓവറിൽ 105 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ, വെറും 10.1 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാൻ ലക്ഷ്യം കണ്ടത്. ശ്രീലങ്കൻ നിരയിൽ മൂന്നു ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്.

ഭാനുക രാജപക്സെ (38), ചമിക കരുണരത്‌നെ(31), ധനുഷ്ക ഗുണതിലക (17) എന്നിവരാണ് അൽപമെങ്കിലും പൊരുതിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഫസൽഹഖ് ഫറൂഖി, രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ മുജീബുർ റഹ്മാൻ, ക്യാപ്റ്റൻ മുഹമ്മദ് നബി എന്നിവരാണ് ‘ലങ്കാദഹനം’ നടത്തിയത്. നവീൻ ഉൾ ഹഖ് ഒരു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ, ഓപ്പണർമാർ മിന്നൽ വേഗത്തിൽ സ്കോർ കണ്ടെത്തി. ഹസ്രത്തുള്ള സസായ് (37*), റഹ്മാനുള്ള ഗുർബാസ് (40) എന്നിവർ ചേർന്ന് ഒന്നാം വിക്കറ്റിൽ 83 റൺസെടുത്തു. ഇബ്രാഹിം സദ്രാൻ (15), നജിബുല്ല സദ്രാൻ (2*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.

English Summary: Aakash Chopra feels Afghanistan will become 1st team to enter Super 4 of Asia Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com