ADVERTISEMENT

ദു‌ബായ്∙ ഇന്ത്യയുടെ സ്‌റ്റാർ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പരുക്ക് ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കു നിർണായകമായേക്കുമെന്നു  മുന്‍താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ബാറ്റും ബോളും കൊണ്ട് ഒരുപോലെ മാച്ച് വിന്നറാവാന്‍ കഴിയുന്ന ഓള്‍റൗണ്ടര്‍മാര്‍ അധികമില്ലാത്ത ഇന്ത്യൻ ടീമിൽ രവീന്ദ്ര ജഡേജയുടെ അസാന്നിധ്യം വലിയ വിടവ് സൃഷ്‌ടിക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു. രവീന്ദ്ര ജഡേജയുടെ പരുക്ക് ഏഷ്യാ കപ്പിൽ സൂപ്പർ ഫോറിലെ 2–ാം മത്സരത്തിൽ പാക്കിസ്ഥാനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയെ വലയ്ക്കുമെന്നും ആകാശ് ചോപ്ര പറയുന്നു.

ആദ്യ പോരാട്ടത്തിൽ തോൽവി വഴങ്ങിയ പാക്കിസ്ഥാൻ ഇന്ന് കണക്ക് തീർക്കാനാണ് ഇറങ്ങുന്നത്. ജഡേജയില്ലാത്ത ഇന്ത്യയ്ക്ക് കരുത്ത് കുറയും. സ്റ്റാന്‍ഡ്‌-ഇന്‍ താരമായി അക്‌സര്‍ പട്ടേല്‍ ഉണ്ടെങ്കിലും ജഡേജയുടെ അസാന്നിധ്യം ദീർഘകാലത്തേക്ക് മറികടക്കാൻ ഇന്ത്യയ്ക്കു കഴിയുമെന്നു കരുതുന്നില്ല. ട്വന്റി20 യിൽ ഹാർദിക്കിനൊപ്പം ജഡേജ കൂടി ചേരുമ്പോഴാണ് ടീം സന്തുലിതമാകുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു.

പാക്കിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 4ന് 89 എന്ന നിലയിലേക്കു വീണപ്പോഴാണ് ജഡേജയും ഹാർദിക്കും വീണ്ടും ഒന്നിച്ചത്. അടുത്ത 6 ഓവറിൽ വേണ്ടിയിരുന്നത് 58 റൺസ്. വെറും 29 പന്തിൽ ഇരുവരും ചേർന്നു നേടിയത് 52 റൺസ്. ജഡേജ 29 പന്തിൽ 35 റൺസെടുത്തപ്പോൾ ഹാർദിക് 17 പന്തിൽ 33 നോട്ടൗട്ട്.അവസാന ഓവറിലെ ആദ്യ പന്തിൽ ജഡേജ പുറത്തായെങ്കിലും ഇന്ത്യ ജയത്തിനരികെ എത്തിയിരുന്നു. പാക്ക് സ്പിന്നർ മുഹമ്മദ് നവാസിന്റെ നാലാം പന്തിൽ സിക്സറടിച്ച്, ധോണി സ്റ്റൈലിൽ ഹാർദിക് മത്സരം ഫിനിഷ് ചെയ്തു.

കാൽമുട്ടിന് പരുക്കേറ്റ ജഡേജ ഉടൻ ശസ്ത്രക്രിയക്ക് വിധേയനാവും. പരുക്ക് ഗുരുതരമായതിനാൽ ജഡേജയ്ക്ക് എന്നത്തേക്കു തിരിച്ചെത്താൻ കഴിയുമെന്ന് വ്യക്തമല്ല. ജഡേജയുടെ പരുക്കിന്റെ  ഗൗരവത്തെ കുറിച്ച് വ്യക്തത ലഭിക്കും വരെ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നായിരുന്നു ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണം. എന്നാൽ  ജഡേജ ലോകകപ്പില്‍ കളിക്കില്ലെന്നു പറയാൻ ഇപ്പോള്‍ താല്‍പര്യപ്പെടുന്നില്ലെന്നു കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ ദ്രാവിഡ് പറഞ്ഞിരുന്നു. 

English Summary: I am seeing the Indian team as slightly weak - Aakash Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com