ADVERTISEMENT

ധാക്ക∙ ബംഗ്ലദേശ് മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഷ്ഫിഖുർ റഹീം രാജ്യാന്തര ട്വന്റി20യിൽനിന്നു വിരമിച്ചു. ഏകദിനത്തിലും ടെസ്‌റ്റിലും കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനു വേണ്ടിയാണ് മുഷ്ഫിഖുർ റഹീം ട്വന്റി20യിൽനിന്ന് വിട്ടുനിൽക്കുന്നത്. എഷ്യ കപ്പിൽനിന്ന് ബംഗ്ലദേശ് പുറത്തായതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ  മുഷ്ഫിഖുർ വിരമിക്കൽ തീരുമാനം പങ്കുവച്ചത്. എഷ്യ കപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്നായി അഞ്ച് റൺസ് മാത്രമാണ് മുഷ്ഫിഖുർ റഹീമിനു നേടാൻ കഴിഞ്ഞത്. ബഗ്ലാദേശിനുവേണ്ടി 102 ട്വന്റി 20 മത്സരങ്ങളില്‍ കളിച്ച മുഷ്ഫിഖുര്‍ 1500 റണ്‍സ് നേടിയിട്ടുണ്ട്.

കയ്യിലിരിപ്പിന്റെ പേരിൽ അർഹമായ സ്ഥാനങ്ങളോ പരിഗണനയോ ലഭിക്കാതെ പോകുന്നവരുടെ കൂട്ടത്തിൽ മുൻനിരയിലാകും  മുഷ്ഫിഖുർ റഹീമിന്റെ സ്ഥാനം. കളത്തിനകത്തും പുറത്തുമുള്ള റഹീമിന്റെ ‘തല്ലുകൊള്ളിത്തരം’ അഥവാ അപക്വമായ, സ്പോർട്സ്മാൻ സ്പിരിറ്റില്ലാത്ത ചെയ്തികൾ കാരണം അദ്ദേഹം ക്രിക്കറ്റിന്, പ്രത്യേകിച്ച് ബംഗ്ലദേശ് ക്രിക്കറ്റിന് നൽകുന്ന സംഭാവനകൾ ശ്രദ്ധ നേടാതെ പോയിരുന്നു. 

2005ൽ 16–ാം വയസ്സിലാണ്  മുഷ്ഫിഖുർ റഹീമിന്റെ ബംഗ്ലാ കുപ്പായത്തിലെ അരങ്ങേറ്റം. ഖാലിദ് മഷൂദിന്റെ പകരക്കാരനായിട്ടായിരുന്നു ടീമിലേക്കുള്ള വരവ്.  2012ലെ ഏഷ്യാകപ്പിൽ റഹീമിന്റെ ക്യാപ്റ്റൻസിയിൽ ബംഗ്ലദേശ് ഫൈനലിലെത്തി. പാക്കിസ്ഥാനോട് തോറ്റെങ്കിലും ലീഗ് മത്സരങ്ങളിലെ മൂന്നിൽ രണ്ടു മത്സരങ്ങളും ജയിച്ച് ബംഗ്ലദേശ് മികച്ച പ്രകടനമാണ് നടത്തിയത്.

ശ്രീലങ്കയിൽ നടന്ന നിദാഹാസ് ട്രോഫിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ടീം ഫൈനലിലേക്കു കടന്നപ്പോൾ ബംഗ്ലദേശ് ടീം ആഹ്ലാദപ്രകടനത്തിനായി പുറത്തെടുത്തെടുത്ത നാഗിൻ ഡാൻസ് വിവാദമായിരുന്നു. ഫൈനലിൽ തോൽവിയുടെ വക്കിൽനിന്ന് ദിനേഷ് കാർത്തിക്കിന്റെ മാസ്മരിക പ്രകടനത്തിലൂടെ ഇന്ത്യ കപ്പടിച്ചപ്പോൾ ശ്രീലങ്കക്കാർ നാഗിൻ ഡാൻസ് കളിച്ചാണ് ബംഗ്ലദേശിനു മറുപടി നൽകിയത്.

English Summary: Mushfiqur Rahim retires from T20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com