ADVERTISEMENT

ഷാർജ ∙ ആവേശം വാനോളമുയർന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാന്റെ പോരാട്ടവീര്യത്തെ ഒരു വിക്കറ്റിന്റെ നേരിയ വ്യത്യാസത്തിൽ മറികടന്ന് പാക്കിസ്ഥാൻ ഏഷ്യാകപ്പ് ഫൈനലിൽ. ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ, അവസാന ഓവറിൽ വാലറ്റക്കാരൻ നസീം ഷായുടെ ഇരട്ട സിക്സറാണ് പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്. ഫസൽഹഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറിൽ ഒരേയൊരു വിക്കറ്റ് ബാക്കിനിൽക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്ന 11 റൺസ്, ആദ്യ രണ്ടു പന്തുകളിലെ ഇരട്ട സിക്സറുകളിലൂടെ നസീം ഷാ പാക്കിസ്ഥാന് സമ്മാനിച്ചു. പാക്കിസ്ഥാന്റെ വിജയത്തോടെ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏഷ്യാകപ്പിൽ ഫൈനൽ കാണാതെ പുറത്തായി. ഫൈനലിൽ ശ്രീലങ്കയാണ് പാക്കിസ്ഥാന്റെ എതിരാളികൾ.

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 129 റൺസ്. 130 റൺസിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാക്കിസ്ഥാനെ ഒരു ഘട്ടത്തിൽ അഫ്ഗാൻ ബോളർമാർ പിടിച്ചുനിർത്തിയെങ്കിലും, നസീം ഷായുടെ അവസാന ഓവറിലെ ഇരട്ട സിക്സർ അവർക്ക് വിജയം സമ്മാനിച്ചു.

നസിം ഷാ നാലു പന്തിൽ 14 റൺസുമായി പുറത്താകാതെ നിന്നു. വിജയത്തിലേക്ക് ഇരട്ട സിക്സർ പായിക്കുമ്പോൾ മറുവശത്ത് പതിനൊന്നാമൻ മുഹമ്മദ് ഹസ്നയ്ൻ ആയിരുന്നു നസീം ഷായ്ക്ക് കൂട്ട്. 26 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 36 റൺസെടുത്ത ഷതാബ് ഖാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. 33 പന്തിൽ രണ്ടു ഫോറുകളോടെ 30 റൺസെടുത്ത ഇഫ്തിഖർ അഹമ്മദിന്റെ പ്രകടനവും ശ്രദ്ധേയമായി.

ഓപ്പണർ മുഹമ്മദ് റിസ്‌വാൻ‌ (26 പന്തിൽ 20), ആസിഫ് അലി (എട്ടു പന്തിൽ 16) എന്നിവരാണ് മികച്ച സംഭാവനകൾ നൽകിയ മറ്റു താരങ്ങൾ. ക്യാപ്റ്റൻ ബാബർ അസം (0), ഫഖർ സമാൻ (5), മുഹമ്മദ് നവാസ് (4), ഖുഷ്ദിൽ ഷാ (1), ഹാരിസ് റൗഫ് (0) എന്നിവർ നിരാശപ്പെടുത്തി. അഫ്ഗാനായി ഫരീദ് അഹമ്മദ് മാലിക് നാല് ഓവറിൽ 31 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. അവസാന ഓവറിൽ ഇരട്ട സിക്സർ വഴങ്ങിയ ഫസൽഹഖ് ഫാറൂഖി 3.2 ഓവറിൽ 31 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. റാഷിദ് ഖാൻ നാല് ഓവറിൽ 25 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

നേരത്തെ, ബാറ്റിങ്ങിനെത്തിയ എട്ടു താരങ്ങളിൽ ഏഴു പേരും ഇരട്ടയക്കത്തിലെത്തിയതോടെയാണ് അഫ്ഗാൻ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. 37 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 35 റൺസെടുത്ത ഇബ്രാഹിം സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്കോറർ. ഓപ്പണർ ഹസ്രത്തുല്ല സസായ് (17 പന്തിൽ 21), ഗുർബാസ് (11 പന്തിൽ 17), കരിം ജാനത്ത് (19 പന്തിൽ 15), നജീബുല്ല (11 പന്തിൽ 10), അസ്മത്തുല്ല (10 പന്തിൽ പുറത്താകാതെ 10), റാഷിദ് ഖാൻ (15 പന്തിൽ പുറത്താകാതെ 18) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. നിരാശപ്പെടുത്തിയത് ഗോൾഡൻ ഡക്കായ ക്യാപ്റ്റൻ മുഹമ്മദ് നബി മാത്രം.

പാക്കിസ്ഥാനായി ഹാരിസ് റൗഫ് നാല് ഓവറിൽ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നസീം ഷാ, മുഹമ്മദ് ഹസ്നയ്ൻ, നവാസ്, ഷതാബ് ഖാൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

English Summary: Pakistan vs Afghanistan, Super Four, Match 4 (A2 v B2) - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com