ADVERTISEMENT

ദുബായ് ∙ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ടോസ് നഷ്ടമായിട്ടും കിരീടത്തിലേക്കെത്താൻ ശ്രീലങ്കയ്ക്ക് പ്രചോദനമായത് മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സാണെന്ന് തുറന്നുപറഞ്ഞ് ശ്രീലങ്കൻ നായകൻ ദസുൻ ശനക. മത്സരശേഷം സംസാരിക്കുമ്പോഴാണ് ടീമിന്റെ വിജയത്തിനു പിന്നിൽ പ്രചോദനമായി ചെന്നൈ സൂപ്പർ കിങ്സും ഉണ്ടെന്ന ലങ്കൻ നായകന്റെ ഏറ്റുപറച്ചിൽ. ഏഷ്യാ കപ്പിൽ കൂടുതൽ മത്സരങ്ങളിലും ജയിച്ചത് രണ്ടാമതു ബാറ്റു ചെയ്തവരായതിനാൽ, ഫൈനലിൽ ശ്രീലങ്കയ്ക്ക് ടോസ് നഷ്ടമായത് തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, ടോസ് നഷ്ടത്തിനിടയിലും പാക്കിസ്ഥാനെ വീഴ്ത്തി കിരീടം ചൂടാൻ ശ്രീലങ്കയ്ക്കായി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് നേടിയത്. പാക്കിസ്ഥാന്റെ മറുപടി 20 ഓവറിൽ 147 റൺസിൽ അവസാനിച്ചു. അർധസെഞ്ചറിയുമായി ശ്രീലങ്കയെ തകർച്ചയിൽനിന്നു രക്ഷിച്ച ഭാനുക രാജപക്സെ കളിയിലെ കേമനായപ്പോൾ, ടൂർണമെന്റിലുടനീളം തിളങ്ങി വാനിന്ദു ഹസരംഗ പരമ്പരയുടെ താരമായി.

ടോസ് നഷ്ടമായിട്ടും വിജയിക്കാനാകുമെന്ന പ്രതീക്ഷ ശ്രീലങ്കയ്ക്ക് സമ്മാനിച്ചത് ഐപിഎൽ 2021ൽ ഇതേ വേദിയിൽ ചെന്നൈ സൂപ്പർ കിങ്സ് നേടിയ വിജയമാണെന്ന് ദസുൻ ശനക വെളിപ്പെടുത്തി. അന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ, 27 റൺസിനാണ് വിജയം നേടി കിരീടം സ്വന്തമാക്കിയത്. അന്ന് ചെന്നൈയ്ക്ക് ജയിക്കാമെങ്കിൽ ഇത്തവണ തങ്ങൾക്കും സാധിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്നാണ് ദസുൻ ശനകയുടെ വെളിപ്പെടുത്തൽ.

‘‘2021ലെ ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സ് ആദ്യം ബാറ്റു ചെയ്തിട്ടും ഇവിടെ വിജയം നേടിയിരുന്നു. ഇക്കാര്യം ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു. ടീമിലെ യുവതാരങ്ങൾക്ക് സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.’’ – ശനക പറഞ്ഞു.

‘‘അഞ്ച് വിക്കറ്റ് നഷ്ടമായെങ്കിലും ഭാനുക രാജപക്സെ, വാനിന്ദു ഹസരംഗ എന്നിവർ ടീമിന്റെ പ്രകടനത്തിൽ നിർണായക സംഭാവന നൽകി. ചാമിക, ധനഞ്ജയ ഡിസിൽവ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അവസാന പന്തിലെ സിക്സറും നിർണായകമായി. 170 നമുക്ക് മാനസികമായി കരുത്തു പകരുന്ന സ്കോറാണ്. 160 ആണെങ്കിൽ എതിരാളികൾക്ക് പിന്തുടർന്നു ജയിക്കാമെന്ന തോന്നലുണ്ടാകും’ – ശനക ചൂണ്ടിക്കാട്ടി.

English Summary: Dasun Shanaka Reveals How CSK Inspired Sri Lanka's Asia Cup Final Win vs Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com