ADVERTISEMENT

മുംബൈ∙ ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസണിനു ടീമിലിടം ലഭിച്ചില്ല. ഇതോടെ സഞ്ജുവിന്റെ ആരാധകരും നിരാശയിലാണ്. ഒക്ടോബർ 16 ന് ഓസ്‌ട്രേലിയയിൽ ആരംഭിക്കുന്ന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ സ്റ്റാൻഡ്‌ബൈ കളിക്കാരിൽ പോലും സഞ്ജുവിന്റെ പേരില്ലാത്തതാണ് ആരാധകരെ കൂടുതൽ ചൊടിപ്പിച്ചത്. ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ.

ബിസിസിഐക്കു രൂക്ഷ വിമർശനമാണ് ട്വിറ്ററിൽ ഉയർന്നു കൊണ്ടിരിക്കുന്നത്. ചില പ്രതികരണങ്ങൾ ഇങ്ങനെ. ‘പന്ത് ഫിറ്റല്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് യോഗ്യതയില്ലാത്തവരെ ടീമിലെടുത്തതെന്നു സില്കടർമാർ വ്യക്തമാക്കണം.’

‘നിലവിൽ ഏറ്റവും മികച്ച ഇന്ത്യൻ വിക്കറ്റ് കീപ്പിങ് ബാറ്റ്സ്മാൻ സഞ്ജു ആണ് എന്നതിൽ സംശയമില്ല. സിലക്ടർമാർ ഏതുവിധേനയും അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അല്ലെങ്കിൽ അതു നീതികേടാണ്. ദീർഘകാലമായി ടീമിൽ ഭാഗമായിരുന്ന സാധാരണ വിക്കറ്റ് കീപ്പിങ് ബാറ്റ്‌സ്മാൻമാരേക്കാൾ മികച്ചതാണ് സഞ്ജുവിന്റെ സമീപകാല പ്രകടനങ്ങൾ’.

ഏറ്റവും രസകരമായ കാര്യം സഞ്ജുവിനു വേണ്ടി വാദിക്കുന്നവരിൽ കൂടുതലും മലയാളികൾ അല്ല എന്നുള്ളതാണ്. ഹിന്ദിയിലാണ് രൂക്ഷമായ പ്രതികരണങ്ങൾ കൂടുതലും വന്നിട്ടുള്ളത്. രാജസ്ഥാൻ റോയൽസിന്റെ ആരാധകർ വൈകാരികമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. SanjuSamsonforT20WC എന്ന ഹാഷ് ടാഗാവട്ടെ ട്വിറ്ററിൽ ട്രെൻഡിങ്ങാവുകയും ചെയ്തു.

ഓഗസ്റ്റ് ഏഴിന് അവസാനിച്ച വെസ്റ്റ് ഇൻഡീസിലെ ഇന്ത്യൻ പര്യടനത്തിലാണ് സഞ്ജു അവസാനമായി ട്വന്റി20യിൽ കളിച്ചത്. അവിടെയാകട്ടെ പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് അദ്ദേഹം കളിച്ചത്. ടി20 ലോകകപ്പിനുള്ള ടീമിൽ നിന്ന് തഴയപ്പെട്ട സഞ്ജുവിനെ, നാട്ടിൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരകളിലേക്കും സിലക്ടർമാർ പരിഗണിച്ചില്ല. എന്തായാലും മികച്ച ഫോമിലുള്ള സഞ്ജുവിന് പകരം മോശം ഫോമിലുള്ള ഋഷഭ് പന്തിനെയും ദീപക് ഹൂഡയേയുമെല്ലാം ലോകകപ്പ് സ്ക്വാഡിലെടുത്ത സിലക്ടർമാരുടെ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു.

English Summary: ICC T20 World Cup 2022: Twitter Reacts As BCCI Selectors Snub Sanju Samson From India’s World Cup Squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com