ADVERTISEMENT

ഇസ്‍ലാമബാദ്∙ പരുക്കു കാരണം ഏഷ്യാകപ്പ് നഷ്ടമായ പാക്കിസ്ഥാൻ യുവപേസർ ഷഹീൻ അഫ്രീദി ട്വന്റി20 ലോകകപ്പിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഫീൽഡിങ്ങിനിടെ കാൽമുട്ടിനു പരുക്കേറ്റ താരം ലോകകപ്പിനുള്ള 15 അംഗ പാക്ക് ടീമിലുണ്ട്. ഏഷ്യാകപ്പിൽ കളിക്കാനായില്ലെങ്കിലും ഷഹീൻ അഫ്രീദി ടീമിനൊപ്പം യുഎഇയിലേക്കു പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി നടത്തിയ ഒരു പ്രസ്താവന പാക്കിസ്ഥാൻ ക്രിക്കറ്റിൽ വൻ വിവാദത്തിനു തിരികൊളുത്തിരിക്കുകയാണ്.

ചികിത്സയ്ക്കായി ഷഹീൻ അഫ്രീദി യുകെ സന്ദർശിച്ചിരുന്നു. ഈ യാത്രയുടെ ചെലവ് താരം തന്നെ വഹിച്ചതാണെന്നാണ് ഷാഹിദ് അഫ്രീദിയുടെ നിലപാട്. ‘‘ഇംഗ്ലണ്ടിലേക്ക് സ്വന്തം ചെലവിലാണ് ഷഹീൻ പോയത്. സ്വന്തം കാശുകൊടുത്ത് ടിക്കറ്റെടുത്തു. ഹോട്ടലിൽ താമസിക്കാനും പണം മുടക്കി. ഞാനാണ് ‍ഡോക്ടറെ സംഘടിപ്പിച്ചുകൊടുത്തത്. തുടർന്ന് അദ്ദേഹം ഡോക്ടറെ ബന്ധപ്പെട്ടു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഷഹീൻ അഫ്രീദിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല’’– ഷാഹിദ് അഫ്രീദി ഒരു പാക്കിസ്ഥാൻ മാധ്യമത്തോടു പറഞ്ഞു.

പാക്കിസ്ഥാൻ ടീം ഡയറക്ടർ സാക്കിർ ഖാൻ ഒന്നോ രണ്ടോ തവണ മാത്രമാണ് യുവതാരത്തോടു സംസാരിച്ചതെന്നും ഷാഹിദ് അഫ്രീദി ആരോപിച്ചു. ഷഹീന്റെ ആരോഗ്യനിലയിൽ പ്രതീക്ഷയുള്ള മാറ്റങ്ങളുണ്ടെന്ന് ലോകകപ്പ് ടീം പ്രഖ്യാപന വേളയിൽ ചീഫ് സിലക്ടർ മുഹമ്മദ് വാസിം പ്രതികരിച്ചിരുന്നു. ദേശീയ ടീമിനായി കളിക്കുന്നതിനിടെ യുവതാരത്തിനു പരുക്കേറ്റിട്ടും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സഹായിച്ചില്ലെന്ന ആരോപണം ആരാധകരെയും ഞെട്ടിച്ചു. രൂക്ഷവിമർശനമാണു പാക്കിസ്ഥാൻ ബോർഡിനു നേരിടേണ്ടിവന്നത്. ഷഹീൻ ഇംഗ്ലണ്ടിൽ പോയത് അറിയില്ലെന്നായിരുന്നു ബോർഡിന്റെ പ്രതികരണം.

ഷഹീൻ അഫ്രീദിയുടെ എല്ലാ ചെലവും ഏറ്റെടുക്കുമെന്നും പിസിബി അറിയിച്ചു. ഏഷ്യാകപ്പ് ഫൈനലിനിടെ പരുക്കേറ്റ ഫഖർ സമാന്റെ ചികിത്സയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ മേൽ‌നോട്ടത്തിൽ നടക്കും. ഫഖർ സമാനെയും ചികിത്സയ്ക്കായി യുകെയിലേക്ക് അയക്കും. എല്ലാ താരങ്ങള്‍ക്കും ചികിത്സാ സൗകര്യങ്ങൾ ഏർപാടാക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്നും പാക്കിസ്‌ഥാന്‍ ബോർ‍ഡ് പ്രസ്താവനയിൽ അറിയിച്ചു.

English Summary: 'He spent money on tickets, hotel. I arranged a doctor for him': Shahid Afridi's shocking revelation on Shaheen's rehab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com