ADVERTISEMENT

മുംബൈ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബിസിസിഐയ്ക്ക് ആവശ്യമുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഏഷ്യാകപ്പിൽ കളിക്കുമായിരുന്നെന്ന് ബിസിസിഐ മുൻ സിലക്ടർ എം.എസ്.കെ. പ്രസാദ്. സഞ്ജു ടീമിലേക്കു വരണമെങ്കിൽ ആരെ പുറത്തിരുത്തുമെന്നതാണു ചോദ്യമെന്നും പ്രസാദ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ഓസ്ട്രേലിയയിൽ നടക്കേണ്ട ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം നേടാൻ സഞ്ജു സാംസണു സാധിച്ചിരുന്നില്ല.

‘‘സഞ്ജുവിനെ കളിപ്പിക്കണമെങ്കിൽ ആർക്കു പകരം എന്നതാണു ചോദ്യം? ദീപക് ഹൂഡയെ ബോളിങ്ങിലേക്കും അധികമായി ഉപയോഗിക്കാം. സഞ്ജുവിനെപ്പോലെ ഏതു സ്ഥാനത്തും ബാറ്റു ചെയ്യാനും ഹൂഡയ്ക്കു സാധിക്കും. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയിൽ നടന്ന പരമ്പരയിലും വിൻഡീസിനെതിരായ മത്സരങ്ങളിലും ശ്രേയസ് അയ്യർ തിളങ്ങി. ബിസിസിഐയ്ക്ക് സഞ്ജുവിനെ ആവശ്യമുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ ഏഷ്യാകപ്പിൽ കളിപ്പിക്കുമായിരുന്നു. അതല്ലെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയോ, ഓസ്ട്രേലിയയ്ക്കെതിരെയോ ഇറക്കുമായിരുന്നു’’– എം.എസ്.കെ. പ്രസാദ് പറഞ്ഞു.

അതേസമയം ലോകകപ്പിനു ശേഷം സഞ്ജു സാംസണും ഇഷാൻ കിഷനും കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘ ഈ ലോകകപ്പ് കഴിഞ്ഞാൽ സഞ്ജു സാംസൺ, രവി ബിഷ്ണോയി, ഇഷാൻ കിഷന്‍ തുടങ്ങിയ താരങ്ങൾക്ക് ട്വന്റി20 ക്രിക്കറ്റിലെങ്കിലും കൂടുതൽ അവസരങ്ങൾ കിട്ടുമെന്നാണ് എനിക്കു തോന്നുന്നത്. ടീമിൽ സ്ഥിരമായി ഇടം പിടിക്കാനും സാധ്യതയുണ്ട്’’– പ്രസാദ് വ്യക്തമാക്കി.

ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ദിനേഷ് കാർത്തിക്കിനെയും ഋഷഭ് പന്തിനെയുമാണു വിക്കറ്റ് കീപ്പർമാരായി പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രേയസ് അയ്യരെ സ്റ്റാൻഡ് ബൈ ആയും ടീമിലെടുത്തു. മികച്ച ഫോമിലുള്ള സഞ്ജുവിനെ ടീമിലെടുക്കാത്തതിൽ ബിസിസിഐയ്ക്കെതിരെ ആരാധകർ രംഗത്തെത്തിയിരുന്നു.

English Summary: 'If India wanted Sanju, he would've played the Asia Cup': Former BCCI selector says Samson 'not in scheme of things'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com