ADVERTISEMENT

ന്യൂഡൽഹി ∙ ‘ബദ്ധവൈരികളും ഇത്തരത്തിൽ പരസ്പരം വികാരാധീനരാകുമെന്ന് ആരറിഞ്ഞു. ഇതാണ് സ്പോർട്സിന്റെ സൗന്ദര്യം’ – ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനും സൂപ്പർതാരവുമായ വിരാട് കോലിയുടെ വാക്കുകളാണ്. സജീവ ടെന്നിസിൽനിന്ന് വിരമിച്ച റോജർ ഫെഡററിന്റെയും അദ്ദേഹത്തിനൊപ്പം അവസാന മത്സരത്തിൽ പങ്കാളിയായി കളത്തിലിറങ്ങിയ റാഫേൽ നദാലിന്റെയും ചിത്രം പങ്കുവച്ച് കോലി കുറിച്ച വാക്കുകൾ. കരിയറിലെ അവസാന മത്സരത്തിനു പിന്നാലെ കണ്ണീരോടെ കോർട്ടിൽ നിൽക്കുന്ന ഫെഡററുടെയും അദ്ദേഹത്തെ നോക്കി കണ്ണീരടക്കാൻ പാടുപെടുന്ന നദാലിന്റെയും ഈ ചിത്രം പങ്കുവച്ച് കോലി മറ്റൊന്നുകൂടി കുറിച്ചു; ‘ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മികച്ച കായിക ചിത്രവും ഇതുതന്നെ’!

ലണ്ടനിലെ ഒ2 അരീനയിൽ നടന്ന ഫെഡററുടെ വിടവാങ്ങൽ മത്സരത്തിൽ അദ്ദേഹത്തിനു കൂട്ടായത് ഗ്രാൻസ്‌ലാം സിംഗിൾസ് മത്സരങ്ങളിലെ ചിരകാല എതിരാളിയും ഉറ്റസുഹൃത്തുമായ നദാലായിരുന്നു. ലോക ടെന്നിസിലെ രണ്ട് ഇതിഹാസങ്ങൾ ഒരുമിച്ച ഈ മത്സരം ഇരുവരും തോൽക്കുകയും ചെയ്തു. ടീം വേൾഡിന്റെ ജാക്ക് സോക്ക്– ഫ്രാൻസിസ് ടിഫോ സഖ്യമാണ് ഫെഡറർ – നദാൽ സഖ്യത്തെ വീഴ്ത്തിയത്. 6-4, 7-6, 11-9 എന്ന സ്കോറിനായിരുന്നു ഇവരുടെ തോൽവി. മത്സരം പൂർത്തിയായതിനു പിന്നാലെ ഫെഡറർ വികാരഭരിതനായി. ഏറിയ സമയവും കണ്ണീരോടെയാണ് ഫെഡറർ കോർട്ടിൽ നിന്നത്. ഫെഡററുടെ വിടവാങ്ങൽ പ്രസംഗത്തിന്റെ സമയത്ത് പലപ്പോഴും നദാലും കണ്ണീർ തുടയ്ക്കുന്നത് കാണാമായിരുന്നു. ഈ ചിത്രവും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

‘കളത്തിൽ ബദ്ധവൈരികളായിരുന്നവർക്ക് പരസ്പരം ഇത്തരം വൈകാരികമായ അടുപ്പം തോന്നുമെന്ന് ആരറിഞ്ഞു! ഇതാണ് സ്പോർട്സിന്റെ സൗന്ദര്യം. എന്നെ സംബന്ധിച്ചിടത്തോളം ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും മികച്ച കായിക ചിത്രം ഇതാണ്. നിങ്ങൾക്കായി ഒരു സുഹൃത്ത് കണ്ണീർ പൊഴിക്കുമ്പോൾ, ദൈവം തന്ന കഴിവ് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനായത് എന്തുകൊണ്ടാണ് നിങ്ങൾ തിരിച്ചറിയും. ഈ രണ്ടു പേരോടും എന്നും ബഹുമാനം മാത്രം’ – റോജർ ഫെ‍ഡറർ, റാഫേൽ നദാൽ എന്നിവരെ ടാഗ് ചെയ്ത് കോലി കുറിച്ചു.

English Summary: Virat Kohli opens up on viral 'crying' Roger Federer, Rafael Nadal PIC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com