ADVERTISEMENT

ഹൈദരാബാദ് ∙ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ തലങ്ങും വിലങ്ങും സിക്സും ഫോറുമായി സൂര്യകുമാർ യാദവ് കത്തിജ്വലിച്ചപ്പോൾ ഓസീസിനെ ആറു വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് കിടിലൻ ജയം. ഓസ്ട്രേലിയ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര 2–1 ന് ഇന്ത്യ സ്വന്തമാക്കി. സൂര്യകുമാർ യാദവ് (36 പന്തിൽ 69), വിരാട് കോലി (48 പന്തിൽ 63) എന്നിവരുടെ അർധസെഞ്ചറിയാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും (16 പന്തിൽ 25*) മികച്ച പിന്തുണ നൽകി.

അവസാന ഓവറിൽ 11 റൺസാണ് വിജയത്തിനായി ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി കോലി ആവേശമുയർത്തി. പക്ഷേ തൊട്ടടുത്ത പന്തിൽ ഫിഞ്ചിനു ക്യാച്ച് നൽകി കോലി മടങ്ങി. ജയിക്കാൻ പിന്നെ വേണ്ടത് നാല് പന്തിൽ അഞ്ച് റൺസ്. പിന്നാലെ ക്രീസിലെത്തിയ ദിനേഷ് കാർത്തിക് നേരിട്ട ആദ്യ പന്തിൽ സിംഗിൾ നേടി സ്ട്രൈക് ഹാർദിക്കിന് കൈമാറി. ഇനി വേണ്ടത് 3 പന്തിൽ 4 റൺസ്. തൊട്ടടുത്ത പന്ത് ഡോട്ട് ബോളായതോടെ സമ്മർദമേറി. എന്നാൽ അഞ്ചാം പന്ത് യോർക്കർ എറിയാനുള്ള ഡാനിയൽ സാംസിന്റെ ശ്രമം പാളി പന്ത് ബൗണ്ടറി കടന്നതോടെ ഇന്ത്യയ്ക്ക് ആവേശ ജയം.

മറുപടി ബാറ്റിങ്ങിൽ, ആദ്യ ഓവറിൽ തന്നെ ഇന്ത്യയ്ക്ക് ഓപ്പണർ കെ.എൽ.രാഹുലിന്റെ (4 പന്തിൽ 1) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. നാലാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമയും (14 പന്തിൽ 17) മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ കോലിയും സൂര്യകുമാറും ചേർന്ന് നേടിയ സെഞ്ചറി കൂടുകെട്ടാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. 36 പന്തിൽ 5 സിക്സും 5 ഫോറും സഹിതമാണ് സൂര്യകുമാർ 69 റൺസ് അടിച്ചെടുത്തത്. 4 സിക്സും മൂന്നു ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്. അവസാന ഓവറിൽ ക്രീസിലെത്തിയ ദിനേഷ് കാർത്തിക് ഒരു റൺസെടുത്ത് പുറത്താകാതെ നിന്നു.

ഓസ്ട്രേലിയയ്ക്കായി ഡാനിയൽ സാംസ് രണ്ടു വിക്കറ്റും ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ലോകകപ്പിനു മുൻപുള്ള പരമ്പര വിജയം ഇന്ത്യൻ ടീമിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ട്വന്റി20 പരമ്പര. ബുധനാഴ്ച, തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

∙ കസറി ഗ്രീനും ടിം ഡേവിഡും

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസ് എടുത്തത്. അർധസെഞ്ചറി നേടിയ ടിം ഡേവിഡ് (27 പന്തിൽ 54), ഓപ്പണർ കാമറൂൺ ഗ്രീൻ (21 പന്തിൽ 52) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഓസീസ് ഉയർന്ന സ്കോർ നേടിയത്.

india-vs-australia-3rd-match
ഇന്ത്യൻ താരങ്ങൾ മത്സരത്തിനിടെ. Photo: Twitter@BCCI

മറ്റ് ഓസീസ് ബാറ്റർമാരിൽ ജോഷ് ഇംഗ്ലിസ് (22 പന്തിൽ 24), ഡാനിയർ സാംസ് (20 പന്തിൽ 28*) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (6 പന്തിൽ 7), സ്റ്റീവൻ സ്മിത്ത് (10 പന്തിൽ 9), ഗ്ലെൻ മാക്‌സ്‌വെൽ (11 പന്തിൽ 6), മാത്യു വെയ്ഡ് (3 പന്തിൽ 1), പാറ്റ് കമ്മിൻസ് (0*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.

ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ മൂന്നു വിക്കറ്റും ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, യുസ്‌വേന്ദ്ര ചെഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജസ്പ്രീത് ബുമ്ര നാല് ഓവറിൽ 50 റൺസ് വഴങ്ങിയത് ഇന്ത്യയ്ക്ക് പ്രഹരമായി. ബോളർമാരിൽ ഏറ്റവുമധികം റൺസ് വിട്ടുകൊടുത്ത ബുമ്രയ്ക്ക് വിക്കറ്റൊന്നും നേടാനുമായില്ല.

∙ ടോസ് ഇന്ത്യയ്ക്ക്

ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഓസ്ട്രേലിയയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഭുവനേശ്വർ കുമാർ ടീമിൽ തിരികെ എത്തിയപ്പോൾ ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചു. കഴിഞ്ഞ മത്സരത്തിൽ നാലു ബോളർമാരെ മാത്രം ടീമിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് ഭുവനേശ്വർ പുറത്തിരിക്കേണ്ടി വന്നിരുന്നു. ഓസ്ട്രേലിയൻ ടീമിൽ സീൻ അബോട്ടിനു പകരം ജോഷ് ഇൻഗ്ലിസ് ടീമിലെത്തി.

പ്ലേയിങ് ഇലവൻ

ഇന്ത്യ: കെ.എൽ.രാഹുൽ, രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക് , അക്ഷർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചെഹൽ

ഓസ്ട്രേലിയ: ആരോൺ ഫിഞ്ച്, കാമറൂൺ ഗ്രീൻ, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ്, മാത്യു വെയ്ഡ്, ഡാനിയൽ സാംസ്, പാറ്റ് കമ്മിൻസ്, ആദം സാംപ, ജോഷ് ഹെയ്സൽഡ്

English Summary: India-Australia 3rd T20 match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com